ഫ്ലോറ ഡഫിയുടെ
 നേട്ടം ട്രയാത്ലണിൽ , ബർമുഡയ്ക്ക് ആദ്യ ഒളിമ്പിക്‌സ്‌ സ്വർണം

70,000ൽ 
ഒരു പൊന്ന്‌ 
ഫ്ലോറ ഡഫി

Wednesday Jul 28, 2021
image credit olympics.com


ടോക്യോ
നൂറ്റിനാൽപ്പതുകോടി ജനസംഖ്യയുള്ള ഇന്ത്യ ഒളിമ്പിക്‌ സ്വർണത്തിനായി പാടുപെടുമ്പോൾ 70,000 പേർമാത്രമുള്ള വടക്കൻ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ഒരു ദ്വീപുസമൂഹം ചരിത്രംകുറിച്ചിരിക്കുകയാണ്‌‐ ബർമുഡ. ആദ്യമായി ബർമുഡ ഒളിമ്പിക്‌സ്‌ പൊന്നണിഞ്ഞു. ജനസംഖ്യാ അടിസ്ഥാനത്തിൽ ഒളിമ്പിക്‌സിനെത്തിയ ഏറ്റവും ചെറിയ രാജ്യമാണ്‌ ബർമുഡ. ട്രയാത്‌ലണിൽ ഫ്ലോറ ഡഫി ബർമുഡയ്‌ക്ക്‌ പൊൻമുത്തം നൽകി.

ഒളിമ്പിക്‌സ്‌ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതി അവർ 1976ൽ നേടിയിട്ടുണ്ട്‌. ബോക്‌സർ ക്ലാറെൻസ്‌ ഹിൽ വെങ്കലം നേടി. വർഷങ്ങൾക്കിപ്പുറം ഫ്ലോറയിലൂടെ ബർമുഡ സ്വർണവും സ്വന്തമാക്കി. 2019ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം 71,176 ആണ്‌ ബർമുഡയിലെ ആളുകളുടെ എണ്ണം. 53.2 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്‌തൃതി. ബ്രിട്ടന്റെ അധീനതയിലാണ്‌. ബർമുഡയുടെ ഒരു അതിർത്തിയിൽനിന്ന്‌ മറുഭാഗത്തെത്താൻ 40 കിലോമീറ്റർ മതി.

ഫ്ലോറയ്‌ക്ക്‌ കൗമാരകാലത്ത്‌ ബ്രിട്ടനുവേണ്ടി മത്സരിക്കാൻ വാഗ്‌ദാനം കിട്ടിയതാണ്‌. എന്നാൽ, അവർ നിരാകരിച്ചു.  നാലാം ഒളിമ്പിക്‌സാണ്‌. 2018ലെ ബീജിങ്‌ ഒളിമ്പിക്‌സിൽ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന്‌ ഒരു കടയിൽ ജോലി ചെയ്‌തു. പിന്നാലെ ബിരുദപഠനം പൂർത്തിയാക്കി വീണ്ടും കളത്തിലെത്തി. 2013ൽ ശരീരത്തിലെ രക്തക്കുറവും പരിക്കുകളും അവരെ കളത്തിൽനിന്ന്‌ അകറ്റി. തളരാതെ പൊരുതിയ ഫ്ലോറ വിട്ടുകൊടുത്തില്ല. ടോക്യോയിൽ മെഡൽപ്രതീക്ഷയിൽ ഫ്ലോറയുടെ പേരുണ്ടായില്ല.

‘അഞ്ചുവർഷമായി ഞാൻ സമ്മർദത്തിലായിരുന്നു. ഒരിക്കൽപ്പോലും ഈ കാലയളവിൽ എന്നെ ഒളിമ്പിക്‌സ്‌ മെഡൽ സാധ്യതയിലേക്ക്‌ പരിഗണിച്ചിട്ടുണ്ടാകില്ല. ഈ മെഡലിൽ അതിനുള്ള മറുപടിയുണ്ട്‌. ബർമുഡ ആവേശത്തിലായിരിക്കും. ഇതെന്റെ സ്വപ്‌നമാണ്‌. ഈ മെഡൽ, അത്‌ എന്നേക്കാളും മൂല്യമുള്ളതാണ്‌ എനിക്ക്‌’‐ ഫ്ലോറ പറഞ്ഞു. വനിതകളിൽ ബെർമുഡയുടെ ആദ്യ ഒളിമ്പിക്‌ മെഡൽകൂടിയാണിത്‌.

2018ൽ ബർമുഡയ്‌ക്കായി കോമൺവെൽത്ത്‌ സ്വർണം നേടിയ ആദ്യ വനിതാതാരവും ഫ്ലോറയാണ്‌. ഒരുമണിക്കൂർ 55 മിനിറ്റ്‌ 36 സെക്കൻഡ്‌ സമയത്തിൽ മത്സരം പൂർത്തിയാക്കി. ബ്രിട്ടന്റെ ജോർജിയ ടെയ്‌ലർ ബ്രൗണിനെ ഒരു മിനിറ്റ്‌ വ്യത്യാസത്തിൽ പിന്നിലാക്കി. അമേരിക്കയുടെ കാറ്റി സഫേറെസിനാണ്‌ വെങ്കലം. മോശം കാലാവസ്ഥ കാരണം വൈകിയാണ്‌ മത്സരം തുടങ്ങിയത്‌.