മനസ്സാണ് പ്രധാനം, 
ഞങ്ങളും മനുഷ്യരാണ്‌

Thursday Jul 29, 2021


ടോക്യോ
കായികലോകം മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ട ഘട്ടമാണിത്– പിന്മാറ്റത്തിനുശേഷം സിമോണി ബെെൽസിന്റെ വാക്കുകൾ. കായികതാരങ്ങൾമാത്രമല്ല ഞങ്ങൾ, എല്ലാത്തിനുമൊടുവിൽ മറ്റെല്ലാവരെപ്പോലെയുമുള്ള മനുഷ്യർ– ബെെൽസ് പറയുന്നു. കായികലോകത്ത് ഇതാദ്യമല്ല  ഇത്തരം സംഭവങ്ങൾ. മാസങ്ങൾക്കുമുമ്പാണ് ജപ്പാൻ ടെന്നീസ് താരം ഫ്രഞ്ച് ഓപ്പണിൽനിന്ന് ഇതേകാരണത്താൽ പിന്മാറിയത്. അമേരിക്കയുടെ വിഖ്യാത നീന്തൽതാരം മെെക്കേൽ ഫെൽപ--്സ് വിഷാദരോഗം അതിജീവിച്ചതാണ്. അമേരിക്കയുടെതന്നെ വനിതാ ഫുട്ബോൾ ആബ്ബി വാംബാഷും മാനസികസമ്മർദം അനുഭവിച്ചതാണ്. കായികലോകത്ത് മാനസികാരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആവശ്യമുയരുന്നുണ്ട‍്.

നവോമി ഒസാക്ക
മാസങ്ങൾക്കുമുമ്പ് ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം ടൂർണമെന്റിനിടെയാണ് പിന്മാറിയത്. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. എന്നാൽ, ഇതിനെതിരെ പിഴയുണ്ടായി. പുറത്താക്കുമെന്ന് ഭീഷണിയുണ്ടായി. ഒടുവിൽ ഒസാക്കതന്നെ പിന്മാറി. ‘ഞാൻ മാനസികമായി തളർന്ന നിലയിലായിരുന്നു. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ പറ്റുമായിരുന്നില്ല– ഒസാക്ക പിന്നീട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2018 മുതൽ വിഷാദരോഗത്തിലാണെന്നും ജപ്പാൻതാരം വെളിപ്പെടുത്തി.

മെെക്കേൽ ഫെൽപ്-സ്
അമേരിക്കയുടെ വിഖ്യാത നീന്തൽതാരം. ഒളിമ്പിക്-സ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം. 23 സ്വർണമടക്കം 28 മെഡൽ. എന്നാൽ, ഫെ-ൽപ്-സിന്റെ കായികജീവിതം പലപ്പോഴും ആടിയുലഞ്ഞിരുന്നു. വിഷാദരോഗം ഏറെനാൾ അലട്ടി. ഒരുഘട്ടത്തിൽ ആത്മഹത്യാശ്രമംവരെ നടത്തി. ലഹരിമരുന്നുകൾക്ക് അടിമയായി. ലഹരിവിമോചനകേന്ദ്രത്തിലായിരുന്നു കുറച്ചുകാലം. എല്ലാം അതിജീവിച്ച് തിരികെയെത്താൻ കഴിഞ്ഞു ഫെൽപ്--സിന്.

സെറീന വില്യംസ്
2018ലായിരുന്നു സെറീന വിഷാദത്തിന് അടിപ്പെട്ടത്. പ്രസവത്തിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ അമേരിക്കക്കാരിയെ തളർത്തി. 2015ൽ നിരന്തരമായ പരിക്കുകളും മാനസികാരോഗ്യത്തെ ബാധിച്ചിരുന്നു. ടോക്യോ ഒളിമ്പിക്--സിൽനിന്നുള്ള പിന്മാറ്റത്തിനുള്ള ഒരു കാരണമായി പറഞ്ഞത് മാനസികബുദ്ധിമുട്ടുകളായിരുന്നു.

ആലി റെയ്സ്--മാൻ
ആറുതവണ ഒളിമ്പിക് മെഡൽ നേടിയിട്ടുണ്ട് റെയ്സ്--മാൻ. അമേരിക്കൻ ജിംനാസ്റ്റിക്--സ് താരം.  ടീം ഡോക്ടർ ലാറി നാസെറുടെ അതിക്രമത്തിന് ഇരയായിരുന്നു അവർ. ഇതുണ്ടാക്കിയ മാനസികപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് 2020ൽ റെയ്സ്--മാൻ കായികലോകം വിട്ടു.