കൊടുങ്കാറ്റുകൾ വീശട്ടെ; പുതുപ്പിറവിയിലേക്ക്
Thursday Jul 29, 2021
എ എൻ രവീന്ദ്രദാസ്
ടോക്യോയിലെ ട്രാക്കും ഫീൽഡും ആരുടേതാകും. ട്രാക്കിന്റെ വർണരഥ്യകളിലൂടെ ഒരു അസ്‌ത്രംപോലെ, മിന്നൽപോലെ സ്‌പർശിച്ചകലുന്ന മാന്ത്രികക്കാലുകൾ ആരുടേതായിരിക്കും. കൊള്ളിയാൻപോലെ പായുന്നവന്റെയും പിറ്റിലേക്ക് പറന്നിറങ്ങുന്നവന്റെയും വിസ്‌മയദൂരങ്ങളിലേക്ക് എറിഞ്ഞിടുന്നവന്റെയും കായികക്ഷമതയുടെയും പ്രതിഭാശാലിത്വത്തിന്റെയും ഉരകല്ലാകുന്നത് ട്രാക്കും ഫീൽഡും തന്നെയാണ്.
അതേ, ഒളിമ്പിക്‌സ് എന്നാൽ അതികായൻമാരുടെയും അതിമാനുഷരുടെയും ലോകമാണ്. അതിന്റെ ഹൃദയമാണ് അത്‌ലറ്റിക്‌സ്. ഇന്ന് തുടങ്ങി ഗെയിംസ് അവസാനിക്കുന്ന ആഗസ്‌ത് എട്ടുവരെ നീളുന്ന പോരാട്ടം പുതിയ ദൂരവും ഉയരവും വേഗവും തേടുകയാണ്. ഇവിടത്തെ ഓരോ നിമിഷവും വിലപ്പെട്ടതാണ്; ഹൃദയഹാരിയാണ്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിന്റെ ചരിത്രമെഴുതുന്ന ആരുടെ അന്വേഷണവും ഹിറ്റ്‌ലറുടെ ആര്യമേധാവിത്വമെന്ന ധാർഷ്‌ട്യത്തെ ട്രാക്കിൽ ചുട്ടെരിച്ച ജെസ്സി ഓവൻസ് മുതൽ ഹോമോസാപിയൻസ് എന്ന മനുഷ്യജീവിക്ക് ഇങ്ങനെയും പറക്കാനാകുമോ എന്ന് ലോകത്തെ വിസ്‌മയിപ്പിച്ച യുസൈൻ ബോൾട്ട് വരെയുള്ള മഹായശസ്‌കരുടെ അഭിജാതനിരയെ തഴുകിനിൽക്കുന്നു. 1936ൽ ബർലിൻ ഒളിമ്പിക്‌സിൽ 10.3 സെക്കൻഡിൽ 100 മീറ്റർ ഓടിയെത്തിയ ഓവൻസിൽനിന്ന് 2008ൽ ആ ദൂരം 9.69ലേക്കും 2012ൽ 9.63ലേക്കും ബർലിൻ ലോകചാമ്പ്യൻഷിപ്പിൽ 9.58 സെക്കൻഡിന്റെ ലോകറെക്കോഡിലേക്കും വേഗഗണിതങ്ങൾ തിരുത്തിക്കൊണ്ട് യുസൈൻ സെന്റ്‌ലിയോ ബോൾട്ട് എന്ന ജമൈക്കക്കാരൻ ട്രാക്കിലെ മനുഷ്യക്കുതിപ്പുകളുടെ അസാധ്യവും അവിശ്വസനീയവുമായ രേഖാവലി കാഴ്‌ചവയ്‌ക്കുന്നു.
ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഓവൻസിനും ബോൾട്ടിനുമിടയിലെ സുദീർഘമായ പതിറ്റാണ്ടുകളിൽ അശ്വമേധം പൂർത്തിയാക്കിയ മഹാരഥന്മാർ ചരിത്രത്തിൽ നിറയുന്നുണ്ടെങ്കിലും അമ്പരിപ്പിക്കുന്ന കുതിപ്പുകളിലൂടെ നമ്മുടെ മനസ്സിലെ ട്രാക്കിൽ നിത്യഹരിതമാകുന്ന ഒരുപിടി അത്‌ലിറ്റുകൾ ഒറ്റപ്പെട്ട നക്ഷത്രങ്ങൾപോലെ തിളങ്ങിനിൽക്കുന്നു. ഈ കായികമുത്തുകളാണ് 125–-ാം വർഷത്തിലേക്ക് കടന്ന മഹത്തായ ഒളിമ്പിക് പ്രസ്ഥാനത്തിന് വർണരാജികൾ സമ്മാനിക്കുന്നത്. എമിൽ സാട്ടോപെക്, അൽ ഓർട്ടർ, പാവോ നൂർമി, ബോബ് ബീമോൻ, എഡ്വിൻ മോസസ്, ജാക്കി ജോയ്‌നർ കെഴ്‌സി, ഫ്‌ളോൻസ് ഗ്രിഫിത്ത് ജോയ്‌നർ, യെലേന ഇസിൻ ബയേവ... ഒറ്റയാൻമാരുടെ കരുത്ത് ഹൃദയത്തിലും പേശികളിലും ആവാഹിച്ച ഇവർ ഒളിമ്പിക് വേദികളിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളാണ് ഭൂമിയിലെ കായികവിസ്‌ഫോടനങ്ങളുടെ ജൈവഭാവം നിലനിർത്തിപ്പോരുന്നത്.
ടോക്യോയിൽ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിന്റെ ഭൂപടങ്ങൾ മാറ്റിവരയ്‌ക്കപ്പെടുമെന്ന് കരുതാനാകില്ല. അവിടെ മികവിന്റെ ദർശനമാകാൻ അമേരിക്കയും യൂറോപ്പും മധ്യ–-ദീർഘദൂരങ്ങളിൽ ആഫ്രിക്കൻകരുത്തും മുൻനിരയിൽ പോരാടുന്ന പതിവുകാഴ്‌ചയ്‌ക്ക് മാറ്റമുണ്ടാകില്ല. എങ്കിലും ചൈനയുടെയും ജപ്പാന്റെയും നേതൃത്വത്തിൽ ഏഷ്യൻശേഷിയുടെ പുതിയ വിതാനങ്ങളായി ചില അമ്പരപ്പുകൾ ദൃശ്യമായേക്കാം. ട്രാക്കുണരുമ്പോൾ ആവർത്തിക്കപ്പെടുന്ന ചോദ്യം അമേരിക്കയുടെ മേധാവിത്വത്തിന് അന്ത്യം കാണുമോ എന്നതാണ്.
യുസൈൻ ബോൾട്ടും യോഹാൻ ബ്ലേക്കുമടക്കം മിന്നൽപ്പിണരുകളുടെ അഭാവത്തിലും ലോകം ഉറ്റുനോക്കുന്നത് ഭൂമിയിലെ വേഗരാജാക്കന്മാരുടെ 100 മീറ്റർ പോരാട്ടത്തിലേക്കാണ്. ബോൾട്ടിന്റെ നേരവകാശി അവതരിക്കുമോ. 100ലും 200ലും റിലേയിലുമടക്കം എട്ട് സ്വർണം വാരിനിറച്ച ബോൾട്ടിന്റെ താരപദവിയിലേക്കുയരാൻ വെമ്പുന്ന വേഗപ്പറവകളുടെ മുൻനിരയിൽ അമേരിക്കയുടെ ട്രയ്‌വോൺ ബ്രൊമ്മെലും റൂണി ബക്കറും ബ്രിട്ടന്റെ ചിജിൻഡ ഉജാഹും കനഡയുടെ ആന്ദ്രെ ഡിഗ്രാസയുമുണ്ട്.
വനിതകളുടെ 100 മീറ്ററിൽ ലോകനിലവാരമേറ്റുവാങ്ങുന്ന, അനുഭവ തെളിമകൊണ്ട് സമ്പന്നരായ ജമൈക്കയുടെതന്നെ ഷെല്ലി ആൻഫ്രേസർ, ഇലെയ്‌ൻ തോംസൻ, ഷെറീക്ക ജാക്‌സൺ, ബ്രിട്ടന്റെ ദിന അഷെർ സ്‌മിത്ത് എന്നിവർ നേർക്കുനേർ നിൽക്കുമ്പോൾ ഫ്‌ളോജോയുടെ റെക്കോർഡ് ആരുടെ കാൽക്കീഴിൽ അമരുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നിങ്ങൾ കാണുന്നില്ലേ. ടോക്യോയിലെ ഈ ട്രാക്കിൽ അണിനിരക്കുന്ന പോരാളികളുടെ മുഖത്തേക്ക് തന്നെയാണ് ചരിത്രം നോക്കിനിൽക്കുന്നത്. കൊടുങ്കാറ്റുകൾ വിശീയടിക്കട്ടെ, അത് അവരെ പുതുയുഗത്തിന്റെ നടുത്തളത്തിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ...