ഉന്നംതെറ്റി, ട്രാക്കിൽ ദയനീയം
Friday Jul 30, 2021
ടോക്യോ
അമ്പെയ്‌ത്തിൽ ഉന്നംതെറ്റിയപ്പോൾ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം ഇന്ത്യയുടേത് ദയനീയ പ്രകടനം. അമ്പെയ്‌ത്ത് വ്യക്തിഗത ഇനത്തിൽ ദീപികകുമാരി ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ സാൻ ആനിനോട് കീഴടങ്ങി (6–-0). പ്രീ ക്വാർട്ടറിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ കെസെനിയ പെറോവയെ 6–-5ന് തോൽപ്പിച്ചു.
റിലേ ടീം അമ്പേ പരാജയം
4–-400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്‌സിൽ ദയനീയ പ്രകടനം. രണ്ടാം ഹീറ്റ്‌സിൽ അവസാനമായാണ് ഫിനിഷ് ചെയ്‌തത് (3:19.93). മൂന്നാം ട്രാക്കിൽ ആദ്യം ബാറ്റണേന്തിയത് മലയാളിയായ മുഹമ്മദ് അനസ്. പിന്നാലെ ഓടിയ വി രേവതിയും ശുഭ വെങ്കിടേശനും മങ്ങി. അവസാന ലാപ്പിൽ ആരോക്യ രാജീവിനും ഒന്നും ചെയ്യാനായില്ല. ആദ്യ ഹീറ്റ്‌സിൽ ആദ്യരണ്ട് സ്ഥാനത്തെത്തിയ അമേരിക്കയും ഡൊമനിക്കൻ റിപ്പബ്ലിക്കും ബാറ്റൺ കൈമാറ്റത്തിലെ പിഴവിൽ അയോഗ്യരായി. രണ്ട് ഹീറ്റ്‌സിലുമായി പിന്നീടുള്ള 13 ടീമുകളിൽ ഇന്ത്യക്ക് അവസാനസ്ഥാനം.
സാബ്‌ലേയ്‌ക്ക് ദേശീയ റെക്കോഡ്
പുരുഷന്മാരുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലേയ്‌ക്ക് യോഗ്യത നേടാനായില്ല. ഹീറ്റ്‌സിൽ ഏഴാമതായി. 8:18.12 സെക്കൻഡിൽ സ്വന്തം ദേശീയ റെക്കോഡ് പുതുക്കി.
ജാബിർ മങ്ങിപ്പോയി
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളിയായ എം പി ജാബിർ ഹീറ്റ്‌സിൽ അവസാനസ്ഥാനത്തായി (50.77). അഞ്ച് ഹീറ്റ്‌സിലായി 36 പേരിൽ 33–-ാംസ്ഥാനം. വനിതകളുടെ 100 മീറ്ററിൽ ദ്യുതിചന്ദിന് മുന്നേറാനായില്ല. ഹീറ്റ്‌സിൽ 11.54 സെക്കൻഡിൽ ഏഴാമതായി. 54 പേരിൽ 45–-ാംസ്ഥാനം.
ബോക്‌സിങ്, ഷൂട്ടിങ്
അറുപത് കിലോ വിഭാഗത്തിൽ സിമൺജിത് കൗർ തായ്‌ലൻഡിന്റെ സുഡാപോണിനോട് തോറ്റു. 25 മീറ്റർ പിസ്‌റ്റൾ ഷൂട്ടിങ്ങിൽ മനുഭക്കർ, രഹി സർനോബട്ട് പുറത്തായി.