ഏത് കാറ്റ് ; പതിനായിരത്തിൽ ബറേഗ, വനിതാ 100 ഇന്ന്
Friday Jul 30, 2021
ടോക്യോ
ഒളിമ്പിക് ട്രാക്ക് ഉണർന്നു. ടോക്യോ ആവേശം വീണ്ടെടുത്തു. ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയെ കണ്ടെത്താനുള്ള 100 മീറ്റർ ഫെെനൽ ഇന്നാണ്. ഈ മേളയുടെ ഏറ്റവും ആവേശകരമായ പോരാട്ടം വൈകിട്ട് 6.20ന് നടക്കും.
സെമി മത്സരങ്ങൾ പകൽ 3.45ന് ആരംഭിക്കും. ടോക്യോ മേളയിലെ ആദ്യ അത്‌ലറ്റിക്സ് സ്വർണം എത്യോപ്യയുടെ സലേമോൺ ബറേഗയ്ക്കാണ്. പതിനായിരം മീറ്ററിൽ ലോക ചാമ്പ്യനും ലോക റെക്കോഡുകാരനുമായ ജോഷ്വ ചെപ്തഗെയിയെ മറികടന്നാണ് നേട്ടം. ചെപ്‌തഗെയ് രണ്ടാമതായി.
യുസെെൻ ബോൾട്ടിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള പുരുഷ 100 മീറ്ററിന്റെ ഹീറ്റ്സ് ഇന്ന് നടക്കും.നാളെയാണ് ഫെെനൽ.വനിതാ ഹീറ്റ്സിൽ ഐവറി കോസ്റ്റിന്റെ മരിയെ ജോസീ ടാ ലൂ മികച്ച സമയം കുറിച്ചു. 10.78 സമയത്തിൽ സെമിയിൽ കടന്നു. നിലവിലെ ചാമ്പ്യൻ ജമെെക്കയുടെ ഇലെയ്ൻ തോംപ്സൺ ഹെറാ 10.82 സെക്കൻഡിൽ മുന്നേറി.
മൂന്നാംസ്വർണം ലക്ഷ്യമിടുന്ന ഷെല്ലി ആൻഫ്രേസർ 10.84 സെക്കൻഡിലാണ് ഹീറ്റ്സിൽ ഓടിയത്.
ബ്രിട്ടന്റെ ദിന ആഷെർ സ്മിത്ത്, അമേരിക്കയുടെ ടിയാന ഡാനിയേൽസ്, ജാവിയെന്നെ ഒളിവെർ എന്നിവരും മുന്നേറി.