അരികെ സിന്ധു
Friday Jul 30, 2021
ടോക്യോ
അകാനെ യമഗുച്ചിയുടെ വീര്യം മറികടന്ന് പി വി സിന്ധു. ജപ്പാൻകാരിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്ത് വനിതാ ബാഡ്മിന്റണിൽ സെമിയിൽ കടന്നു. സ്--കോർ: 21–13, 22–20. ഇന്ന് ലോക ഒന്നാം നമ്പറുകാരി ചെെനീസ് തായ്--പേയുടെ തായ് സു യിങ്ങാണ് സെമിയിലെ എതിരാളി. പകൽ 3.20നാണ് ഫെെനലിനായുള്ള പോരാട്ടം. നിലവിലെ ലോകചാമ്പ്യനും റിയോ ഒളിമ്പി--ക്--സ് വെള്ളി മെഡൽ ജേതാവുമായ സിന്ധു ഏഴാം റാങ്കുകാരിയാണ്.
ക്വാർട്ടറിൽ യമഗുച്ചിക്കെതിരെ ശക്തമായ പോരാട്ടമായിരുന്നു സിന്ധു പ്രതീക്ഷിച്ചത്. എന്നാൽ രണ്ടാം ഗെയിമിൽ മാത്രമേ ജപ്പാൻകാരി വെല്ലുവിളി ഉയർത്തിയുള്ളു. ആദ്യ ഗെയിമിൽ മൂന്ന് പോയിന്റ് നേടിയെങ്കിലും പിന്നീട് യമഗുച്ചി കീഴടങ്ങി. ഉയരക്കൂടുതൽ മുതലെടുത്തായിരുന്നു സിന്ധു മുന്നേറിയത്. പിഴവുകളൊന്നുമില്ലാതെ അനായാസം ഇരുപത്താറുകാരി കളംപിടിച്ചു.
രണ്ടാം ഗെയിമിന്റെ തുടക്കവും ആദ്യ ഗെയിമിന്റെ തുടർച്ചയായിരുന്നു. 10–5 എന്ന നിലയിലായിരുന്നു. പക്ഷേ, യമഗുച്ചി തിരിച്ചുവന്നു. സിന്ധു പതറാൻ തുടങ്ങി. തുടർച്ചയായി പിഴവുകൾ വരുത്തി ഹെെദരാബാദുകാരി. 20–18 എന്ന സ്--കോറിൽ രണ്ടുവട്ടം ഗെയിം നേടാൻ യമഗുച്ചിക്ക് അവസരമൊത്തു. എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങാതെ സിന്ധു തിരിച്ചുവന്നു. ലോകചാമ്പ്യന്റെ മികവ് പുറത്തെടുത്ത് ഗെയിമും കളിയും സ്വന്തമാക്കി.
സിന്ധു x തായ് സു യിങ്
സെമിയിൽ എളുപ്പമാകില്ല സിന്ധുവിന്. തായ് സു യിങ്ങിനോട് ഒട്ടും മികച്ച റെക്കോഡല്ല. ഇരുവരും മുഖാമുഖം വന്ന 18 കളിയിൽ 13ലും സിന്ധു തോറ്റു. അവസാന മൂന്ന് കളിയിലും തോൽവിതന്നെയായിരുന്നു. റിയോയിൽ പ്രീ ക്വാർട്ടറിൽ തായ് സു യിങ്ങിനെ വീഴ്ത്തിയാണ് ഇന്ത്യക്കാരി മുന്നേറിയത്. സെമി തോൽക്കുന്നവർക്ക് വെങ്കല മെഡലിനായി കളിക്കാം.