ലവ്‌ലിന ; വടക്കുകിഴക്കിന്റെ വെളിച്ചം

Friday Jul 30, 2021
photo credit olympics.com


ടോക്യോ
സിംഹഗർജനമാണ് -ലവ്-ലിന. ഇടിക്കൂട്ടിലെ പെൺകരുത്തിന്റെ തുടർച്ച. മേരി കോം ശേഷിപ്പിച്ചുപോകുന്ന മുഹൂർത്തങ്ങൾ ഇനി ലവ്-ലിനയുടെ കെെക്കരുത്തിൽ തെളിയും. വടക്കുകിഴക്കിന്റെ വെളിച്ചം ഇനിയും കൂടുതൽ തിളങ്ങും.കോവിഡ് ബാധിച്ചിട്ടും തളരാത്ത വീര്യമാണ് ഈ അസംകാരിക്ക്‌. വെങ്കലമല്ല, സ്വർണംതന്നെയാണ് ലക്ഷ്യമെന്ന് ഇരുപത്തിനാലുകാരി പറയുന്നു. ഭയമായിരുന്നു ലവ്-ലിനയ്ക്ക്. ദേഹത്ത് ഇടികൊള്ളുമ്പോൾ പേടിച്ചുതരിച്ചുനിന്നിട്ടുണ്ട്. വലിയ എതിരാളികൾക്കുമുന്നിൽ പതറിപ്പോയി. ഒളിമ്പിക് വേദിയിൽ എതിരാളിയായെത്തിയ ചെൻ നിയെൻചെനിനോട് മുമ്പ് നാലുതവണയാണ്‌ തോറ്റത്.

മുഹമ്മദ് അലിയെയും മേരി കോമിനെയും മെെക്ക് ടെെസണെയും ആരാധിക്കുന്ന ലവ്-ലിനയ്ക്ക് ഭയമൊരു തടസ്സമായിരുന്നില്ല. ‘ഞാൻ സിംഹമാണ്’ എന്ന് അവൾ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഒളിമ്പിക് വേദിയിൽ ആദ്യ ഇടിയിൽത്തന്നെ ലവ്-ലിന അത് വ്യക്തമാക്കി. മുൻ ലോക ചാമ്പ്യനായ ചെെനീസ് തായ-്-പേയ് താരത്തെ ആധികാരികമായി കീഴടക്കി.

ഒമ്പതാംവയസ്സിലാണ് ഇതിഹാസതാരം മുഹമ്മദ് അലിയെക്കുറിച്ച് അറിയുന്നത്. അച്ഛൻ മധുരം പൊതിഞ്ഞുകൊണ്ടുവന്ന ഒരു കീറക്കടലാസിൽ അലിയെ കണ്ടു. അറിഞ്ഞു. അലിയുടെ ബോക്-സിങ് വീഡിയോകൾ കണ്ടു. ആരാധനയായി.സഹോദരിമാരായ ലിമയും ലിച്ചയും കിക്ക് ബോക്സർമാരായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാ കായിക മത്സരങ്ങളിലും മത്സരിച്ചു. പരമ്പരാഗത മാർഷ്യൽ ആർട്സ് ഇനമായ താങ് തായും മൗയ് തായിയും പരിശീലിച്ചു. ഈ ഇനങ്ങളിൽ മെഡലുകൾ നേടി. പക്ഷേ, ബോക്സറാകുകയായിരുന്നു ആത്യന്തിക ലക്ഷ്യം.

2012ൽ സബ്ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായി. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ നാല് രാജ്യാന്തര മെഡലുകൾ. 2018ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലും നേടി.
കഴിഞ്ഞവർഷം ജോർദാനിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ടോക്യോ ടിക്കറ്റ് ഉറപ്പാക്കി. അതിനിടെ അർജുന പുരസ്കാരം.

പക്ഷേ, സന്തോഷിക്കാനായില്ല. അമ്മ, കിഡ്നി തകരാറായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായി. അമ്മയെ കണ്ട് പട്യാലയിലെ ക്യാമ്പിലേക്ക് തിരിച്ചെത്തിയത് കോവിഡോടെയാണ്. ആശുപത്രിയിലായി. ഇതുകാരണം യൂറോപ്യൻ പര്യടനം നഷ്ടമായി. പക്ഷേ തളർന്നില്ല. ഒരു യുഗം അവസാനിപ്പിച്ച് മേരി കോം കണ്ണീരോടെ വിടപറയുമ്പോൾ മറുപേരായി ലവ്-ലിന തെളിയുന്നു.