1, 2, 3... 
ജമെെക്ക; ഇതിഹാസങ്ങളുടെ നിരയിലേക്ക്‌ ഇലെയ്ൻ

Sunday Aug 1, 2021

ടോക്യോ > ഒളിമ്പിക് വേദിയിൽ ഇനി ഒറ്റപ്പേര്. ഇലെയ്ൻ തോംപ്---സൺ ഹെറാ. ഇതിഹാസങ്ങളുടെ നിരയിലേക്കായിരുന്നു ഇലെയ്ന്റെ കുതിപ്പ്. 33 വർഷംമുമ്പ് അമേരിക്കയുടെ മിന്നുംതാരം ഫ്ലോജോ കുറിച്ച 10.62 സെക്കൻഡിനെ ജമെെക്കക്കാരി തിരുത്തി. ടോക്യോയിലെ അത്-ലറ്റിക് ട്രാക്കിൽ 10.61 സെക്കൻഡ് എന്ന സമയം എഴുതിച്ചേർത്തു. വനിതാ നൂറിൽ മികച്ച രണ്ടാമത്തെ സമയം. ഫ്ലോജോയുടെ 10.49  എന്ന ലോക റെക്കോഡ് സമയംമാത്രം മുന്നിൽ.

എന്തുകൊണ്ട് ജമെെക്ക സ്പ്രിന്റ് ഫാക്ടറി എന്നതിനുള്ള ഉത്തരമായിരുന്നു ടോക്യോയിലെ അത്-ലറ്റിക് ട്രാക്കിൽ കണ്ടത്. നൂറിലെ ആദ്യ മൂന്നു സ്ഥാനക്കാരും ജമെെക്കയിൽനിന്ന്. ഇലെയ്നു പിന്നാലെ ഷെല്ലി ആൻ ഫ്രേസറും (10.74), ഷെറീക്ക ജാക്സണും (10.76) ദൂരം പൂർത്തിയാക്കി. മത്സരിച്ച എട്ടുപേരിൽ ആറുപേരും 11 സെക്കൻഡിൽ താഴെ ഓടി. അമ്മയായശേഷമുള്ള ആദ്യമേള ഷെല്ലിയും മോശമാക്കിയില്ല. 2008ലും 2012ലും ചാമ്പ്യനായിരുന്നു ഷെല്ലി. നാല് ഒളിമ്പിക്സിൽ നാല് മെഡൽ. ഷെറീക്കയുടെ ആദ്യ മേളയാണിത്.
യുസെെൻ ബോൾട്ടും യൊഹാൻ ബ്ലേക്കും അസഫ പവലും നെസ്റ്റ കാർട്ടറും വേഗംകൊണ്ട് അത്ഭുതപ്പെടുത്തിയ ജമെെക്കൻ അത്--ലറ്റിക്-സിൽ ഇനി വനിതാ യുഗമാണെന്ന് തെളിയിക്കുന്നതായിരുന്നു ടോക്യോയിലെ പ്രകടനം.

മേളയിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു വനിതാ നൂറ്. പ്രതീക്ഷയായിരുന്ന ബ്രിട്ടന്റെ ദിന ആഷെർ സ്മിത്ത് സെമിയിൽ പുറത്തായി. പരിക്കുകാരണം 200ൽനിന്ന് അവർ പിന്മാറുകയും ചെയ്‌തു. ഫെെനലിൽ നാലാം ലെെനിലായിരുന്നു ഇലെയ്ൻ. അഞ്ചാം ലെെനിൽ ഷെല്ലി. ആറിൽ ഐവറി കോസ്റ്റിന്റെ മരിയെ ജോസീ ടൗലു, ഏഴിൽ ഷെറീക്ക. എല്ലാവർക്കും മികച്ച തുടക്കം കിട്ടി. ഷെല്ലി ആദ്യ 25 മീറ്ററിൽ മുന്നിൽ. 40 മീറ്ററെത്തുമ്പോഴേക്കും ഇലെയ്ൻ ഒപ്പമെത്തി. പിന്നെ കുതിപ്പ്. അവസാന 25 മീറ്ററിൽ ഇലെയ്ൻ വ്യക്തമായ മേധാവിത്തം നേടി.

പുരുഷ നൂറിന്റെ ഫെെനൽ ഇന്ന് നടക്കും. ബോൾട്ടിന്റെ പിൻഗാമിയെ ഇന്നറിയും. അമേരിക്കൻ ട്രയ്-വോൺ ബ്രൊമ്മെൽ, ക്യാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ജമെെക്കയുടെ ബ്ലേക്ക്, ദക്ഷിണാഫ്രിക്കയുടെ  സിംബനി എന്നിവരാണ് രംഗത്ത്.