മാഞ്ഞു, 49 വർഷം ; ഹോക്കിയിൽ ഇന്ത്യ ചിരിച്ചു
Monday Aug 2, 2021
ടോക്യോ
ഹോക്കിയിൽ ഇന്ത്യ ചിരിച്ചു. 49 വർഷത്തിനുശേഷം ഒളിമ്പിക്സ് സെമിയിൽ കടന്നു. ക്വാർട്ടറിൽ ബ്രിട്ടനെ 3–1ന് തകർത്താണ് മുന്നേറ്റം. സെമിയിൽ കരുത്തരായ ബൽജിയമാണ് എതിരാളി. നാളെ രാവിലെ ഏഴിനാണ് ഫെെനലിനായുള്ള പോരാട്ടം.
ബ്രിട്ടനെതിരെ ദിൽപ്രീത് സിങ്, ഗുർജന്ത് സിങ്, ഹാർദിക് സിങ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യംകണ്ടത്. കളിയവസാനം ഒന്നാന്തരം രക്ഷപ്പെടുത്തലുകൾ നടത്തി മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷും ജയത്തിന് കരുത്തായി. പേശീവലിവുമായാണ് ശ്രീജേഷ് അവസാന നിമിഷം വല കാത്തത്.
എട്ടുവട്ടം ഒളിമ്പിക് ചാമ്പ്യൻമാരായ ഇന്ത്യ, അവസാനം പൊന്നണിഞ്ഞത് 1980 മോസ്കോയിലാണ്. എന്നാൽ, ആറു ടീമുകൾ പങ്കാളിയായ മേളയിൽ അന്ന് സെമിയുണ്ടായില്ല. മികച്ച രണ്ട് സ്ഥാനക്കാർ ഫെെനലിൽ ഏറ്റുമുട്ടുകയായിരുന്നു. 1972 മ്യൂണിക് ഗെയിംസിലാണ് അവസാനമായി സെമി കളിച്ചത്. അന്ന് പാകിസ്ഥാനോട് തോറ്റു.
വനിതകൾ ഇന്ന് ഓസ്ട്രേലിയയെ നേരിടും. രാവിലെ 8.30നാണ് കളി.