ഇറ്റലിയിൽ നിന്നൊരു വേഗക്കാറ്റ്
Monday Aug 2, 2021
ടോക്യോ
യുസെെൻ ബോൾട്ടിന്റെ പിൻഗാമി ജമെെക്കയിൽനിന്നോ അമേരിക്കയിൽനിന്നോ അല്ല. ലാമോണ്ട് മാഴ്സെൽ ജേക്കബ്സ് എന്ന ഇറ്റലിക്കാരനാണ് വേഗവര കടന്ന് വിശ്വ കായികമേളയുടെ അതിവേഗക്കാരനായത്. മൂന്ന് വർഷംമുമ്പ് മാത്രമാണ് ജേക്കബ്സ് ലോങ്ജമ്പ് വിട്ട് ട്രാക്കിലെത്തിയത്. കഴിഞ്ഞ മേയിലാണ് ആദ്യമായി പത്ത് സെക്കൻഡിനുതാഴെ ഓട്ടം പൂർത്തിയാക്കിയത്. ടോക്യോയിൽ 9.80 സെക്കൻഡിൽ ലോക ചാമ്പ്യനുമായി.
അമേരിക്കയുടെ ഫ്രെഡ് കേർലി വെള്ളിയും ക്യാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് വെങ്കലവും സ്വന്തമാക്കി. ബ്രിട്ടന്റെ ഷാർണെൽ ഹ്യൂഗ്സ് ഫൗൾ സ‍്റ്റാർട്ടിൽ പുറത്തായി.
ജമെെക്കയുടെ ആരും ഫെെനലിൽ കടന്നില്ല. അമേരിക്കയുടെ പ്രതീക്ഷയായിരുന്ന ട്രയ്--വൺ ബ്രൊമ്മെൽ സെമിയിൽ പുറത്താകുകയും ചെയ്തു. ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാൻ പരിശോധനയിൽ പരാജയപ്പെട്ടതിനാൽ മേളയിലെത്തിയതുമില്ല. അമേരിക്കയിലെ ടെക്സാസിലായിരുന്നു ജേക്കബ്സിന്റെ ജനനം. പിന്നീട് ഇറ്റലിയിലേക്ക് ചേക്കേറുകയായിരുന്നു.