തുടരും വീരഗാഥ
Monday Aug 2, 2021
ടോക്യോ
ബാഡ്മിന്റണിൽ പി വി സിന്ധു ഒരുപതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. രണ്ട് ഒളിമ്പിക് മെഡലുകൾ, അഞ്ച് ലോക ചാമ്പ്യൻഷിപ് മെഡലുകൾ ആ പത്ത് വർഷത്തിൽ പൂത്തുവിടർന്നു. ബാഡ്മിന്റണിൽ മാത്രമല്ല, ഇന്ത്യൻ കായിക ചരിത്രത്തിലെ സുവർണതാരമായി മാറി ഈ ഹെെദരാബാദുകാരി. ഇരുപത്താറ് വയസ്സിനുള്ളിൽ സിന്ധു തൊടുത്തെടുത്ത നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നു.
ചെറിയ ചുവടുവയ്പുകളായിരുന്നില്ല. ഓരോതവണയും വലിയ കാൽവയ്പുകളായിരുന്നു. സെെന നെഹ്-വാളിനെപ്പോലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡലുകളില്ല. ക്വാർട്ടർ ഫെെനലാണ് വലിയ നേട്ടം. 2012 ലണ്ടൻ ഒളിമ്പിക്സിൽ സെെന വെങ്കലം നേടുമ്പോൾ സിന്ധു കാഴ്ചക്കാരിയായിരുന്നു. എന്നാൽ അതേവർഷം ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് ചെെനയുടെ ലി ഷുറേയിയെ ചെെനീസ് മാസ്റ്റേഴ്സിൽ തുരത്തി സിന്ധു ആദ്യ സൂചന നൽകി.
‘ജീവിതത്തിലെ വഴിത്തിരിവ് അതായിരുന്നു. ബാഡ്മിന്റൺ കളി ഗൗരവമായി എടുത്തതും ആ നിമിഷത്തിലായിരുന്നു’ –സിന്ധു പറഞ്ഞു. 2011ൽ റാങ്കിങ് പട്ടികയിൽ 151–ാംസ്ഥാനത്തായിരുന്നു. 2012 പകുതിയാകുമ്പോഴേക്കും ആദ്യ അമ്പതിൽ. എങ്കിലും സിന്ധു ലോകശ്രദ്ധയിൽ എത്തിയിരുന്നില്ല. 2013 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി വീണ്ടും ഞെട്ടിച്ചു. അന്നുപക്ഷേ, ചാമ്പ്യനായ റാചനോക് ഇന്താനോണായിരുന്നു ശ്രദ്ധാകേന്ദ്രം. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യേകതയുള്ള നീക്കങ്ങളൊന്നുമായിരുന്നില്ല സിന്ധുവിന്. ഉയരവും തകർപ്പൻ സ്മാഷുകളുമായിരുന്നു അനുകൂല ഘടകങ്ങൾ.
പുല്ലേല ഗോപീചന്ദിന്റെ ശിക്ഷണം സിന്ധുവിന് കൂടുതൽ ആത്മവിശ്വാസം നൽകി. വെെകാരിക വിക്ഷോഭങ്ങളെ നിയന്ത്രിച്ചു. ഒരു മത്സരം തോറ്റാൽ തകർന്നുപോകുന്ന പെൺകുട്ടിയിൽനിന്ന് ഏറെ മാറി. തോൽവികളെ സധെെര്യം നേരിട്ടു. ‘ജയിച്ചാൽ അമിതമായ ആഘോഷം വേണ്ട, തോറ്റാൽ നിരാശയും. പരിശീലനം തുടരുക’ ഗോപീചന്ദിന്റെ മന്ത്രം അതായിരുന്നു.
റിയോ ഒളിമ്പിക്സിന് മാസങ്ങൾക്കുമുമ്പാണ് പരിക്കേറ്റത്. മേളയെത്തുമ്പോഴേക്കും ശാരീരിക ക്ഷമത നേടി. ഫെെനൽവരെ കുതിച്ചപ്പോൾ അത്ഭുതമായിരുന്നു. സ്പാനിഷുകാരി കരോളിന മരിനോട് തോറ്റെങ്കിലും സിന്ധു ബാഡ്മിന്റണിൽ സൂപ്പർ താരമായി മാറിയിരുന്നു. സെെനയുടെ നിഴലിൽനിന്ന് പൂർണമായും മോചനം നേടി. ഉയർച്ച താഴ്ച്ചകൾ ഏറെ കണ്ടു. 2017, 2018 ലോക ചാമ്പ്യൻഷിപ് ഫെെനലുകളിൽ തോറ്റു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിലേക്കെത്തിയില്ല. 2019ൽ ജപ്പാൻതാരം നസോമി ഒക്കുഹാരയെ കീഴടക്കി ലോക ചാമ്പ്യൻപട്ടം. 2018 ലോക ടൂർ ഫെെനൽസും സ്വന്തമാക്കി.
സമീപകാലത്ത് പ്രകടനങ്ങൾ മോശമായിരുന്നു. ആറ് ടൂർണമെന്റുകളിൽ ഒരു ജയം മാത്രം. ലോക ടൂർ ഫെെനൽസിന്റെ ആദ്യറൗണ്ടിൽ പുറത്ത്. അമ്പത് കളിയിൽ 17 എണ്ണത്തിൽ തോൽവി. പക്ഷേ, ടോക്യോയിലെ വലിയ വേദിയിൽ സിന്ധു വീണ്ടും വിരിഞ്ഞു. ചരിത്രവും.
ദക്ഷിണ കൊറിയക്കാരൻ പാർക് തായേ സാങ് ആണ് സിന്ധുവിന്റെ ഇപ്പോഴത്ത പരിശീലകൻ. 1986 ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ വോളിബോൾ ടീം അംഗം പി വി രമണയാണ് സിന്ധുവിന്റെ അച്ഛൻ. അമ്മ പി വിജയയും വോളി താരമായിരുന്നു. 2016ൽ രാജ്യത്തെ പരമോന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചു.
മെഡലിലേക്ക് 53 മിനിറ്റ്
വെങ്കല മത്സരത്തിൽ എതിരാളി ഹി ബിങ്ജിയാവോയെ തറപറ്റിക്കാൻ പി വി സിന്ധുവിന് വേണ്ടിവന്നത് 53 മിനിറ്റ്. കളിയുടെ നിയന്ത്രണം ഒരിക്കലും വിട്ടുകൊടുത്തില്ല. ഒന്നാം ഗെയിമിൽ 5–2 എന്ന നിലയിൽനിന്ന് ബിങ്ജിയാവോ 6–5ൽ പിടിച്ചു. വിട്ടുകൊടുത്തില്ല സിന്ധു. എതിരാളിയെ കാഴ്‌ചക്കാരിയാക്കി മുന്നേറി. 11–8, 16–11 ഒടുവിൽ 21–13. ഇരുപത്തിമൂന്ന് മിനിറ്റിൽ ഗെയിം സ്വന്തം.
രണ്ടാം ഗെയിമിലും മികവ് തുടർന്നു. ചെെനക്കാരിയെ അനങ്ങാൻ അനുവദിച്ചില്ല. ഇടയ്ക്ക് 11–11ന് ഒപ്പമെത്തിയെങ്കിലും സിന്ധു പതറിയില്ല. നാല് പോയിന്റ് മാത്രമാണ് പിന്നീട് വിട്ടുകൊടുത്തത്. 30 മിനിറ്റിൽ കളിയും ഗെയിമും പിടിച്ചു. മുമ്പ് പതിനഞ്ചുവട്ടം നേർക്കുനേർ വന്നതിൽ ഒമ്പതുതവണയും സിന്ധുവിനെ വീഴ്‌ത്തിയിരുന്നു ബിങ്ജിയാവോ.
മെഡൽ വഴി
വെങ്കലപ്പോരിൽ ചൈനയുടെ ഹി ബിങ്‌ജിയാവോയെ തോൽപ്പിച്ചു
സെമിയിൽ ചൈനീസ് തായ്‌പേയ്‌യുടെ തായ് സുയിങ്ങിനോട് തോറ്റു
ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെ കീഴടക്കി
പ്രീക്വാർട്ടറിൽ ഡെൻമാർക്കിന്റെ മിയ ബിൽക്‌ഫെൽറ്റിനെ വീഴ്‌ത്തി
രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിന്റെ ചിയൂങ്ങ് പൻഗൻ യിയെ തോൽപ്പിച്ചു
ആദ്യ മത്സരത്തിൽ ഇസ്രയേൽ താരം കെസെനിയ പൊളികർപോവയെ പരാജയപ്പെടുത്തി.