ഓളത്തിൽ ഓസ്ട്രേലിയൻ തിളക്കം

Monday Aug 2, 2021


ടോക്യോ
നീന്തൽക്കുളത്തിൽ അമേരിക്കയുടെ മേധാവിത്തത്തിന് ഓസ്ട്രേലിയയുടെ വെല്ലുവിളി. നീന്തൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 11 സ്വർണമുൾപ്പെടെ 30 മെഡലുകൾ നേടി അമേരിക്ക ഒന്നാംസ്ഥാനം നിലനിർത്തിയെങ്കിലും പ്രകടനം മോശമായി. ഓസ്ട്രേലിയ ഏഴ് സ്വർണമുൾപ്പെടെ 20 മെഡലുകൾ നേടി മിന്നും പ്രകടനം പുറത്തെടുത്തു. നാല് സ്വർണമുള്ള ബ്രിട്ടൻ മൂന്നാമതും മൂന്ന് സ്വർണവുമായി ചെെന നാലാമതുമെത്തി. നീന്തൽക്കുളത്തിലെ നേട്ടം ആകെ മെഡൽ നിലയിലും ഓസ്ട്രേലിയക്ക് കുതിപ്പ് നൽകി. 14 സ്വർണമായി അവർക്ക്. 2004ലെ ഏതൻസിൽ നേടിയ 17 സ്വർണമാണ് ഏറ്റവും മികച്ച പ്രകടനം.

നീന്തലിൽ ഇക്കുറി എമ്മ മക്കിയോൺ ആണ് ഓസ്ട്രേലിയയെ നയിച്ചത്. നാല് സ്വർണമുൾപ്പെടെ ഏഴ് മെഡലുകൾ നേടി ചരിത്രം കുറിച്ചു എമ്മ. അമേരിക്കയുടെ വിഖ്യാത താരം കാറ്റി ലെഡേക്കിയെ അട്ടിമറിച്ച അറിയാർണ് ടിറ്റ്മസും തിളങ്ങി. ഇരുപതുവയസ്സുകാരി ഓസ്ട്രേലിയയുടെ ഭാവി പ്രതീക്ഷയാണ്.മൂന്ന് സ്വർണം നേടിയ കെയ്-ലീ മക്യൂവെനാണ് മറ്റൊരു താരം. പുരുഷ വിഭാഗത്തിൽ അമേരിക്കയുടെ കാലെബ് ഡ്രെസെൽ അഞ്ച് സ്വർണമാണ് നേടിയത്. ലോക റെക്കോഡും ഉൾപ്പെടും. 100 മീറ്റർ ബട്ടർഫ്ളെെയിൽ ഡ്രെസെൽ റെക്കോഡിട്ടു. അമേരിക്കയ്ക്ക് ലണ്ടനിലും റിയോയിലും പുറത്തെടുത്ത പ്രകടനത്തിന് അടുത്തെത്താനായില്ല. രണ്ട് ഒളിമ്പിക്സിലും 16 വീതം സ്വർണമാണ് അമേരിക്ക നേടിയത്.

ടോക്യോയിൽ രണ്ട് വ്യക്തിഗത റെക്കോഡുകൾ പിറന്നു. ഡ്രെസെലിനെ കൂടാതെ വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ദക്ഷിണാഫ്രിക്കയുടെ തത്യാന ഷോൺമാർക്കറും റെക്കോഡിട്ടു.