എന്റെ കൂട്ടുകാരൻ ബാർഷിം... സ്വർണമെഡൽ പങ്കിട്ട് ഇറ്റലി, ഖത്തർ താരങ്ങൾ
Monday Aug 2, 2021
ടോക്യോ
ഒളിമ്പിക്സിൽ സ്വർണം പങ്കിട്ട് മനോഹരനിമിഷം സമ്മാനിച്ച് ചരിത്രംകുറിച്ച മുതാസ് ബാർഷിമിനും ഗ്ലാൻമാർകോ ടംബേരിക്കും കായികലോകത്തിന്റെ അഭിനന്ദനപ്രവാഹം.
ടോക്യോയിലെ സൗഹൃദനിമിഷത്തിനുശേഷം കൂട്ടുകാരൻ ബാർഷിമിനായി ടംബേരി കുറിപ്പിട്ടു. വർഷങ്ങൾക്കുമുമ്പ് പരിക്കേറ്റപ്പോൾ ഹെെജമ്പ് പിറ്റിലേക്ക് തിരികെയെത്തിച്ചത് ബാർഷിമാണെന്ന് ടംബേരി പറയുന്നു.
മൊണാക്കോയിൽവച്ച് ടംബേരിക്ക് കണങ്കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരുവർഷത്തോളം പുറത്തിരുന്നശേഷമാണ് തിരിച്ചെത്തിയത്. ‘വർഷം 2016. മത്സരം പാരിസിൽ. ചാട്ടമെല്ലാം പിഴച്ചു. ചാടുകയായിരുന്നില്ല. വീഴുന്നപോലെയായിരുന്നു. മനസ്സ് തകർന്നു. കൂട്ടുകാർ ആശ്വസിപ്പിക്കാനായെത്തി. ഞാൻ മുഖം കൊടുത്തില്ല. മുറിയിലേക്ക് മടങ്ങി. ഒരുദിവസം കഴിഞ്ഞ്, വാതിലിന് മുട്ടുകേട്ടു. ഞാൻ തുറന്നില്ല. ആരായാലും കാണാൻ കഴിയില്ലെന്ന് പറഞ്ഞു. കണ്ടിട്ടേ പോകൂവെന്ന് മറുപടി. അത് ബാർഷിമായിരുന്നു’– ടംബേരി കുറിച്ചു.
ഞങ്ങൾ സംസാരിച്ചു. ഞാൻ അവന്റെ മുന്നിൽവച്ച് പൊട്ടിക്കരഞ്ഞു. ബാർഷിം എന്നെ ചേർത്തുപിടിച്ചു. ‘കൂട്ടുകാരാ... ധൃതികൂട്ടരുത്. നിങ്ങൾക്ക് വലിയ പരിക്കാണ്. എന്നിട്ടും നിങ്ങൾ ഈ വേദിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ സമയത്ത് കൂടുതൽ പ്രതീക്ഷിക്കരുത്. എല്ലാം ശരിയാകുന്നതുവരെ കാത്തുനിൽക്കൂവെന്നും ബാർഷിം പറഞ്ഞു. മറ്റുള്ളവർക്കല്ല, നിങ്ങൾക്കുവേണ്ടി സ്വയം പോരാടാൻ ബാർഷിം എന്നെ പ്രചോദിപ്പിച്ചു. അവിടെനിന്നായിരുന്നു ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്’– ടംബേരി വ്യക്തമാക്കി. ഇറ്റലിക്കാരനായ ടംബേരിക്ക് റിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.
ഖത്തറുകാരൻ ബാർഷിമിന്റെ മൂന്നാം ഒളിമ്പിക് മെഡലാണിത്. 2012ൽ വെങ്കലവും 2016ൽ വെള്ളിയും നേടി. ടോക്യോയിൽ ഇരുവരും 2.37 മീറ്റർ ഉയരമാണ് മറികടന്നത്. 2.39ൽ മൂന്ന് ശ്രമവും പരാജയപ്പെട്ടു. അടുത്തത് സ്വർണമെഡലിനെ തീരുമാനിക്കാനുള്ള ജമ്പ് ഓഫായിരുന്നു. എന്നാൽ, രണ്ടുപേർക്കും സ്വർണം നൽകാൻ കഴിയുമോ എന്ന് ഒഫീഷ്യൽസിനോട് ബാർഷിം ചോദിച്ചു. കഴിയുമെന്നായിരുന്നു ഉത്തരം. ശേഷം ചരിത്രം. കൂട്ടുകാരനെ കെട്ടിപ്പുണർന്നും ട്രാക്കിൽ ഉരുണ്ടുമാണ് ടംബേരി ആഹ്ലാദം പ്രകടിപ്പിച്ചത്. 1912 സ്റ്റോക്ഹോം ഒളിമ്പിക്സിലാണ് ഇതിനുമുമ്പ് സ്വർണമെഡൽ പങ്കുവച്ചത്.