ഒത്തുപിടിച്ചു ; ഓസ്ട്രേലിയയെ ഒറ്റ ഗോളിന് തോൽപ്പിച്ചു
Monday Aug 2, 2021
ടോക്യോ
ഇന്ത്യൻ വനിതകളുടെ ചങ്കുറപ്പിന് മുമ്പിൽ ഓസ്ട്രേലിയ തലകുനിച്ചു. ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ സെമിഫൈനലിൽ. മൂന്നുവട്ടം ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ ഒറ്റ ഗോളിന് കീഴടക്കി. 22–ാംമിനിറ്റിൽ ഗുർജിത് കൗറിന്റെ വെടിയുണ്ട ചരിത്രജയത്തിന് അടിവരയിട്ടു (1–0). സെമിയിൽ നാളെ അർജന്റീനയാണ് എതിരാളി.
ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നു തുടർത്തോൽവിയോടെയാണ് ഇന്ത്യ തുടങ്ങിയത്. അവസാന രണ്ടു കളിയിൽ ജയം. മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ച് ക്വാർട്ടറിലേക്ക്. അവിടെ എതിരാളി മൂന്നുവട്ടം ചാമ്പ്യൻമാരായ ഓസ്ട്രേലിയ. ലോക രണ്ടാംറാങ്കുകാർ, ടോക്യോയിലെ ടോപ് സീഡുകാർ. കളിച്ച അഞ്ചിലും ജയിച്ച് എതിർവല നിറച്ചവർ. ഒറ്റ ഗോൾമാത്രമാണ് വഴങ്ങിയത്. എല്ലാ നിരയിലും സൂപ്പർതാരങ്ങൾ. ഓസീസിനുമുമ്പിൽ റാണി രാംപാലിന്റെ ഇന്ത്യ ഒന്നുമല്ലായിരുന്നു. ലോകവേദികളിൽ എടുത്തുകാണിക്കാൻ കിരീടങ്ങളില്ല. പുരുഷടീമിനുള്ള പാരമ്പര്യമോ സുവർണകാലമോ ഒന്നും. മൂന്നാം ഒളിമ്പിക്സാണിത്. ഗ്രൂപ്പിൽ അടിച്ചതിനേക്കാൾ കൂടുതൽ ഗോൾ വഴങ്ങിയാണ് ഓസ്ട്രേലിയക്കുമുമ്പിൽ എത്തിയത്.
എന്നാൽ, കൂട്ടായ്--മകൾക്ക് അത്ഭുതം സൃഷ്ടിക്കാമെന്ന് റാണിയും സംഘവും തെളിയിച്ചു. പ്രത്യാക്രമണവും പ്രതിരോധവുമായിരുന്നു ഇന്ത്യൻ പരിശീലകൻ ഷോർദ് മറൈന്റെ തന്ത്രം. എതിരാളിയെ പേടിക്കാതെയുള്ള കളി. ഒരുനിമിഷംപോലും പതറാത്ത നിശ്ചയദാർഢ്യവും സമർപ്പണവും ഫലംകണ്ടു. പ്രതിരോധത്തിൽ ഉദിതയും ദീപ് ഗ്രേസ് ഏകയും ഗുർജിത് കൗറുമായിരുന്നു പ്രധാന കാവൽക്കാർ. വിങ്ങിൽ കുതിക്കാൻ ഷർമിള ദേവിയും. കളിയുടെ കടിഞ്ഞാൺ ക്യാപ്റ്റൻ റാണിക്കായിരുന്നു. ഇരുപത്താറുകാരി എങ്ങും നിറഞ്ഞു. ഈ ഒത്തൊരുമയുള്ള കളിയിൽ എതിരാളിക്ക് പിടിവിട്ടു.രണ്ടാംഭാഗത്തിലാണ് ഇന്ത്യ വിജയഗോൾ കുറിച്ചത്. ലഭിച്ച ഏക പെനൽറ്റി കോർണർ ഗോളിന് വഴിയൊരുക്കി. ഗുർജിത്തിന്റെ ഷോട്ട് എതിരാളിയുടെ കാലിൽതൊട്ട് ലക്ഷ്യത്തിലെത്തി.
മുന്നിലെത്തിയതോടെ എല്ലാം മറന്നുള്ള ചെറുത്തുനിൽപ്പായിരുന്നു. ഈ നീക്കത്തിൽ മറുതന്ത്രം കാണാനാകാതെ കങ്കാരുപ്പട പകച്ചു. ഇന്ത്യൻവലയ്ക്കു മുന്നിലെത്തിയപ്പോഴെല്ലാം ഗോൾകീപ്പർ സവിത പൂണിയ രക്ഷകയായി. അഞ്ച് പെനൽറ്റി കോർണർ ഉൾപ്പെടെ ഒമ്പതു രക്ഷപ്പെടുത്തലുകളാണ് ഇന്ത്യൻ ഗോളി നടത്തിയത്. മുഴുവൻ താരങ്ങളും ഓസീസ് ആക്രമണങ്ങളെ എതിർക്കാൻ അണിനിരന്നു. അടവുകളെല്ലാം പുറത്തെടുത്തിട്ടും ഇന്ത്യൻ പ്രതിരോധവാതിൽ തുറക്കാനാകാതെ ഓസീസ് പട തലകുനിച്ചു.