രണ്ട് 
കൊടുങ്കാറ്റ് ; ചരിത്രമെഴുതി ഇലെയ്‌ൻ തോംപ്‌സൺ ഹെറാ ; ലോക റെക്കോഡ്‌ തിരുത്തി കാസ്‌റ്റെൻ വാർഹോം

Wednesday Aug 4, 2021

ടോക്യോ
ഒളിമ്പിക്‌ ട്രാക്കിൽ ചരിത്രമെഴുതി ജമൈക്കയുടെ ഇലെയ്‌ൻ തോംപ്‌സൺ ഹെറാ. വനിതകളുടെ100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും മികച്ച സമയത്തോടെ പൊന്നണിഞ്ഞു. പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ നോർവേയുടെ കാസ്‌റ്റെൻ വാർഹോം വീണ്ടും ലോക റെക്കോഡ്‌ തിരുത്തി–- 45.94 സെക്കൻഡ്‌.

ആധികാരിക പ്രകടനത്തോടെയായിരുന്നു ഇലെയ്നിന്റെ 200 മീറ്റർ ഫിനിഷ്‌. ചരിത്രത്തിലെ ഏറ്റവും മികച്ച സമയമാണ്‌ കുറിച്ചത്‌–-21.53 സെക്കൻഡ്‌. മുന്നിലുള്ളത്‌ സോൾ ഒളിമ്പിക്‌സിൽ ഫ്ളോറൻസ്‌ ഗ്രിഫിത്‌ ജോയ്‌നെർ നേടിയ 21.34 സെക്കൻഡ്‌ മാത്രം. തുടർച്ചയായി രണ്ട്‌ ഒളിമ്പിക്‌സിൽ സ്‌പ്രിന്റ്‌ ഡബിൾ തികച്ച ആദ്യ വനിതയായി ഇരുപത്തൊമ്പതുകാരി. നാല്‌ വ്യക്തിഗത സ്വർണം ട്രാക്കിൽ നേടിയ വനിതാ അത്‌ലീറ്റ്‌ എന്ന ബഹുമതിയും സ്വന്തമാക്കി.

നമീബിയയുടെ പതിനെട്ടുകാരി ക്രിസ്‌റ്റീൻ എംബോമ 21.81 സെക്കൻഡിൽ വെള്ളി നേടി.  അമേരിക്കയുടെ ഗബ്രിയേല തോമസ്‌ വെങ്കലം നേടി(21.87). ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ (21.94) നാലാംസ്ഥാനത്തായി.