ഗോദ 
വാണു ; രവികുമാർ സ്വർണത്തിന്‌ , അൻഷുമാലിക്കും 
ദീപക്കും വെങ്കലത്തിന്‌ , വിനേഷ്‌ ഫോഗട്ടും ഇന്നിറങ്ങും

Thursday Aug 5, 2021
ബെലാറസിന്റെ ഇറിന കുറിചികിനയുമായുള്ള മത്സരത്തിനിടെ അൻഷു മാലിക് photo credit team india twitter


ടോക്യോ
ഗുസ്‌തിക്കളം പെരുമ കാത്തു. ഇന്ന് മൂന്ന് മെഡലുകൾ ഇന്ത്യ പ്രതീക്ഷിക്കുന്നു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റെെൽ വിഭാഗത്തിൽ തകർപ്പൻ പ്രകടനത്തോടെയാണ് രവികുമാർ ദഹിയ മുന്നേറിയത്. രണ്ടുതവണ ലോക ചാമ്പ്യനായ കസാഖിസ്ഥാന്റെ നൂറസ്ലാം സനയേവിനെ തകർത്ത് ഫെെനലിലെത്തി. കിരീടപ്പോരാട്ടത്തിൽ റഷ്യൻ ഒളിമ്പിക് സമിതിയുടെ സുവുർ ഉഗുയേവാണ് എതിരാളി.

സനയേവിനെതിരെ ആദ്യ റൗണ്ടിൽ 2–0ന് ലീഡ് നേടിയ രവികുമാർ രണ്ടാം റൗണ്ടിൽ തളർന്നു. 9–2നാണ് കസാഖ് താരം ലീഡ് നേടിയത്. ഇതിനിടെ സനയേവിന് പരിക്കേറ്റു. പിന്നാലെ രവികുമാറിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ടു. ലീഡ് 9–5, 9–7 എന്നിങ്ങനെ കുറിച്ചു. തുടർന്ന് മലർത്തിയടിച്ച് കുതിച്ചു. 2012ൽ സുശീൽ കുമാറാണ് ഇതിനുമുമ്പ് ഗുസ്തി ഫെെനലിൽ കടന്ന താരം.

ആദ്യ റൗണ്ടുകളിൽ കൊളംബിയയുടെ ഓസ്കാർ ടിഗെറോസിനെയും (13–2) ബൾഗേറിയയുടെ ജോർജി വാൻഗെലോവിനെയും (14–4) രവികുമാർ തോൽപ്പിച്ചു. 86 കിലോയിൽ ദീപക് പൂണിയ ലോക ചാമ്പ്യൻ അമേരിക്കയുടെ ഡേവിഡ് ടെയ്-ലറോട് സെമിയിൽ തോറ്റു (0–10). ഇന്നാണ് വെങ്കല മത്സരം. ആദ്യ റൗണ്ടിൽ ചെെനയുടെ ലിൻ ഷുഷെനെയും (6–3) രണ്ടാം റൗണ്ടിൽ നെെജീരിയയുടെ എകെറെകെമി അഗിയോമോറിനെയും (12–1) ദീപക് തോൽപ്പിച്ചു. ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവാണ് ദീപക്.

വനിതകളുടെ 57 കിലോയിൽ ബെലാറസിന്റെ ഇറിന കുറിചികിനയോട് അൻഷു മാലിക് ആദ്യ റൗണ്ടിൽ തോറ്റു. ബെലാറസ് താരം ഫെെനലിൽ എത്തിയതോടെ അൻഷു വെങ്കല മെഡലിനായുള്ള റെപെഷാഗെ റൗണ്ടിന് യോഗ്യത നേടി.

മെഡൽ ലക്ഷ്യമിട്ട്‌ നാലു ഗുസ്‌തിക്കാർ ഇന്നിറങ്ങും.
വനിതകളുടെ 57 കിലോഗ്രാമിൽ അൻഷുമാലിക്‌ വെങ്കലമെഡലിനായി റഷ്യൻ ഒളിമ്പിക്‌ കമ്മിറ്റിയുടെ വലേറിയയുമായി ഏറ്റുമുട്ടും–-രാവിലെ 7.30.
53 കിലോഗ്രാമിൽ വിനേഷ്‌ ഫോഗട്ട്‌ സ്വീഡന്റെ സോഫിയ മഗ്‌ദലീനയുമായി മത്സരിക്കും–-രാവിലെ 7.40
പുരുഷന്മാരുടെ 57 കിലോഗ്രാം ഫൈനലിൽ രവികുമാർ ദഹിയ റഷ്യൻ ഒളിമ്പിക്‌ കമ്മിറ്റിയുടെ സവൂറുമായി മത്സരിക്കും–-വൈകിട്ട്‌ 4.00
86 കിലോഗ്രാമിൽ വെങ്കലമെഡൽ മത്സരം. ദീപക്‌ പൂണിയ ഇറങ്ങും–-വൈകിട്ട്‌ 4.15