‘ഈ മെഡൽ അമ്മയ്ക്ക്’
Thursday Aug 5, 2021
സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡലുമായാണ് ലവ്ലിനയുടെ മടക്കം. ഒളിമ്പിക്സ് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബോക്സർ കൂടിയാണ് ഈ അസംകാരി
ടോക്യോ
പൊന്നെന്ന സ്വപ്നം പൊലിഞ്ഞെങ്കിലും ലവ്-ലിന ബൊർഗോഹെയിൻ തല ഉയർത്തി മടങ്ങി. ടോക്യോയിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇരുപത്തിമൂന്നുകാരി നേടിയത്. ആ വെങ്കലത്തിന് തിളക്കമേറെയാണ്. പ്രതിസന്ധികളെ തരണം ചെയ്ത് ടോക്യോയിൽ എത്തിയ ലവ്-ലിന മനംകവർന്ന് മടങ്ങുന്നു. ബോക്സിങ് വനിതകളുടെ 69 കിലോ സെമിയിൽ കടന്നതോടെ അസം താരത്തിന് വെങ്കലം ഉറപ്പായിരുന്നു.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും അവർ നന്ദി പറഞ്ഞു. 2024ൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും പ്രഖ്യാപിച്ചു. വൃക്ക മാറ്റിവച്ച് ചികിത്സയിലുള്ള അമ്മയ്ക്കാണ് ലവ്‌ലിന മെഡൽ സമർപ്പിച്ചത്. ഈ വിജയം ഭാര്യയുടെ രോഗം വേഗത്തിൽ ഭേദമാകാൻ വഴിയൊരുക്കുമെന്ന് ടിക്കൻ ബൊർഗോഹെയിൻ പറഞ്ഞു. ‘മൂന്നു പെൺമക്കളാണ്. ആൺമക്കളില്ലാത്തത് കുറവായി തോന്നിയിട്ടില്ല. എല്ലാ കാര്യത്തിനും ലവ്‌ലിന മുന്നിലുണ്ടാകും. കുടുംബത്തിന്റെ ശക്തിയാണവൾ. ഇപ്പോൾ നാടിന്റേയും’–- ടിക്കൻ പറഞ്ഞു.
ഫെെനലിലേക്കുള്ള വഴിയിൽ ലോക ചാമ്പ്യൻ തുർക്കിയുടെ ബുസെനസ് സർമേനെലിയയായിരുന്നു എതിരാളി. ആ കരുത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ലവ്-ലിനയ്ക്ക് കഴിഞ്ഞില്ല. 0–5ന് തോറ്റു. നിയമം തെറ്റിച്ചതിന് പോയിന്റ് നഷ്ടമാകുകയും ചെയ്തു. വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ഇന്ത്യക്കായി ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ബോക്സർകൂടിയാണ് ലവ്-ലിന.