വരുമോ നാഹ്റിയുടെ പൊന്ന്
Thursday Aug 5, 2021
ടോക്യോ
ഒരു രാജ്യം കാത്തിരിക്കുന്നു. 140 കോടി ജനതയുടെ സ്വപ്നം.രവികുമാർ ദഹിയയെന്ന ഇരുപത്തിമൂന്നുകാരൻ എല്ലാ സ്വപ്നങ്ങൾക്കും നിറംപകരാൻ ഇന്നിറങ്ങുകയാണ്. ഗുസ്തിക്കളത്തിൽ ചരിത്രംകുറിക്കാനുള്ള ഒരുക്കം. എല്ലാത്തിനുമപ്പുറം നാഹ്റിയെന്ന ഗ്രാമത്തിന്റെ കാത്തിരിപ്പാണ്. രവികുമാറിന്റെ നാട്. പൊന്നുമായി തിരികെയെത്തുമെന്നാണ് രവികുമാർ ആ ഗ്രാമത്തിന് നൽകിയ ഉറപ്പ്.
ആ മെഡലിൽ നാഹ്റിയുടെ ദുഃഖങ്ങൾ ഇല്ലാതാകണം. നാഹ്റിക്കാർക്ക് കൃത്യമായി വെള്ളം വേണം, വെെദ്യുതി വേണം, നല്ലൊരു ആശുപത്രി വേണം. ഇപ്പോൾ പകൽ രണ്ടുമണിക്കൂർമാത്രമാണ് ഗ്രാമത്തിൽ വെെദ്യുതി ലഭിക്കുക.സോനേപത്ത് ഹെെവേയിൽനിന്ന് പത്തു കിലോമീറ്റർ അകലെയാണ് നാഹ്റി. ഗുസ്-തിവീരന്മാരുടെ നാട്. രവികുമാറിനെ കൂടാതെ രണ്ട് ഒളിമ്പ്യൻമാരും ഈ ഗ്രാമത്തിന്റെ പേരുകൊത്തി.
കർഷകനായ രാകേഷ് ദഹിയയാണ് രവികുമാറിന്റെ അച്ഛൻ. ഗ്രാമത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ചത്രസാൽ സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. രാകേഷ് ദിവസവും മകനുള്ള പാലും വെണ്ണയും അവിടേക്ക് സ്വയം എത്തിക്കും. പുലർച്ചെ 3.30ന് എഴുന്നേൽക്കും. 12 വർഷമായി ഇതാണ് രാകേഷിന്റെ ജീവിതം. ആ ആത്മസമർപ്പണത്തിന്റെ -ഫലംകൂടിയായിരുന്നു രവികുമാറിന്റെ വളർച്ച. ആറാംവയസ്സിലാണ് രവികുമാർ ഗുസ്തിയിലേക്കെത്തുന്നത്.
ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാകും രവികുമാർ. കെ ഡി ജാദവ് (1952), സുശീൽകുമാർ (2008, 2012), യോഗേശ്വർ ദത്ത് (2012), സാക്ഷി മാലിക് (2016) എന്നിവരാണ് ഇതിനുമുമ്പ് ഗുസ്തിയിൽ മെഡൽ നേടിയവർ.