400ൽ ബഹാമാസ് ; അത്‌ലറ്റിക്സിൽ അട്ടിമറികൾ തുടരുന്നു

Friday Aug 6, 2021


ടോക്യോ
അത്‌ലറ്റിക്സിൽ അട്ടിമറികൾ തുടരുന്നു. പുരുഷൻമാരുടെ 400 മീറ്ററിൽ ലോക റെക്കോഡുകാരനും റിയോവിലെ ചാമ്പ്യനുമായ വെയ്ദെ വാൻ നീകെർക് സെമിയിൽ പുറത്തായപ്പോൾ ജേതാവായത് ബഹാമാസിന്റെ സ്റ്റീവൻ ഗാർഡിനെർ. 43.85 സെക്കൻഡിൽ ഗാർഡിനെർ ഒന്നാമതെത്തി. ടോക്യോയിൽ ബഹാമാസിന്റെ ആദ്യമെഡലാണിത്.
കൊളംബിയയുടെ ആന്തണി സംബ്രാനോ വെള്ളിയും 2012ലെ ചാമ്പ്യൻ ഗ്രനഡയുടെ കിറാണി ജയിംസ് വെങ്കലവും നേടി. പുരുഷ 110 മീറ്റർ ഹർഡിൽസിൽ ഹാൻസ്-ലെ പാർച്മെന്റിനാണ് സ്വർണം.

ഷോട്ട്പുട്ടിൽ ലോക റെക്കോഡുകാരൻ അമേരിക്കയുടെ റ്യാൻ ക്രൗസെർ സ്വർണം നിലനിർത്തി. 23.30 മീറ്റർ എറിഞ്ഞ ക്രൗസെർ ഒളിമ്പിക് റെക്കോഡും തിരുത്തി.
വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 17.98 മീറ്റർ ചാടി പോർച്ചുഗലിന്റെ പെഡ്രോ പിച്ചാർഡോയ്ക്കാണ് സ്വർണം. പോൾവോൾട്ടിൽ യെലേന ഇസിൻബയേവയുടെ റെക്കോഡ് ഇളകിയില്ല. അമേരിക്കയുടെ കാറ്റി നഗിയോട്ടി 4.90 മീറ്ററിൽ പൊന്നണിഞ്ഞു. 5.06 മീറ്ററാണ് ഇസിൻബയേവയുടെ റെക്കോഡ്.പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ വമ്പൻമാരെ തുരത്തി ഇറ്റലിയുടെ മാസിമോ സ്റ്റാനോ ചാമ്പ്യനായി (1:21:05).