വെള്ളിഗോദ ; ഗുസ്തിയിൽ രവികുമാറിന് വെള്ളി
Friday Aug 6, 2021
ടോക്യോ
ഗോദയിൽ സ്വർണം പൂത്തില്ല. എങ്കിലും ഒളിമ്പിക് വേദിയിൽനിന്ന് നാഹ്റിയിലേക്കൊരു വെള്ളിപ്പതക്കവുമായി രവികുമാർ ദഹിയയെന്ന ഇരുപത്തിമൂന്നുകാരനെത്തും. രണ്ടുതവണ ലോകചാമ്പ്യനായ റഷ്യൻ ഒളിമ്പിക് സമിതിയുടെ ഉഗുയേവുമായി കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും രവികുമാറിന് സ്വർണത്തിലേക്ക് എത്തിപ്പിടിക്കാനായില്ല.
മറ്റു മൂന്ന് മെഡൽപ്രതീക്ഷകൾ മങ്ങിയത് നിരാശയായി. വെങ്കലമെഡൽ പോരാട്ടത്തിന് ഇറങ്ങിയ ദീപക് പൂണിയയും അൻഷു മാലിക്കും വെറുംകെെയോടെ മടങ്ങി.
പുരുഷന്മാരുടെ 86 കിലോയിൽ വെങ്കലമെഡലിന് ഇറങ്ങിയ ദീപക് അവസാനനിമിഷം സാൻ മരീനോയുടെ മയ്-ലെസ് അമിനെയോട് തോറ്റു (4–2). മത്സരം അവസാനിക്കാൻ പത്ത് സെക്കൻഡ് ശേഷിക്കുംവരെ ദീപക് 2–1ന് ലീഡ് നേടിയിരുന്നു.
വനിതകളുടെ 57 കിലോ വിഭാഗം വെങ്കലമെഡലിനായുള്ള റെപെഷാഗെ റൗണ്ടിൽ അൻഷു മാലിക് റഷ്യൻ ഒളിമ്പിക് സമിതിയുടെ വലേറിയ കൊബ്ളോവയോട് തോറ്റു (1–5).
മറ്റൊരു സുവർണപ്രതീക്ഷയായ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ ബെലാറസിന്റെ വനേസ കലദൻസ്കയ്ക്കുമുന്നിൽ വീണു (3–9). ബെലാറസുകാരി സെമിയിൽ തോറ്റതോടെ വിനേഷിന്റെ റെപെഷാഗെ റൗണ്ട് പ്രതീക്ഷയും അസ്തമിച്ചു. ആദ്യറൗണ്ടിൽ സ്വീഡന്റെ സോഫിയ മാറ്റ്സണെ തകർത്തായിരുന്നു വിനേഷ് മുന്നേറിയത്.
ആദ്യ ഒളിമ്പിക്‌സിനെത്തി സെമിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത രവികുമാറിന് ഫെെനലിൽ ഉഗുയേവ് കടുത്ത പോരാട്ടം നൽകി. ആദ്യഘട്ടത്തിൽ രണ്ട് പോയിന്റ് ലീഡ് നേടിയ റഷ്യക്കാരൻ പ്രതിരോധനീക്കങ്ങൾകൊണ്ട് രവികുമാറിനെ തടഞ്ഞു. ഇടയ്ക്ക് 4–7 ആയി ലീഡ് കുറച്ചെങ്കിലും അവസാന നിമിഷം ഉഗുയേവ് പ്രതിരോധം കടുപ്പിച്ചു.
ഹരിയാനയിലെ നാഹ്റി ഗ്രാമത്തിൽനിന്നാണ് രവികുമാർ ടോക്യോയിലെ ഒളിമ്പിക് വേദിവരെ എത്തിയത്.