കാത്തിരിപ്പിന്റെ 41 വർഷം
Friday Aug 6, 2021
ടോക്യോ
നാൽപ്പത്തിയൊന്ന് വർഷത്തെ നീറ്റൽ മാറി. ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മേൽവിലാസം വീണ്ടെടുത്തു. ജർമനിയെ 5–4ന് കീഴടക്കി ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കളായി. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ തോളിലേറിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മേളയിലുടനീളം കാഴ്‌ചവച്ച മികവ് വെങ്കലപ്പോരിലും മലയാളി ഗോളി ആവർത്തിച്ചു. ആറ് സെക്കൻഡുകൾ ബാക്കിനിൽക്കേ ജർമൻകാരൻ ലൂക്കാസ് വിൻഡ്ഫെഡറുടെ ഗോളെന്നുറച്ച പെനൽറ്റി കോർണർ തടുത്തിട്ട് ശ്രീജേഷ് 140 കോടി ജനതയുടെ നായകനായി. 1980നുശേഷം ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക്സിൽ എട്ട് സ്വർണമുൾപ്പെടെ 12 പതക്കങ്ങളായി ഇന്ത്യക്ക്. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടം.
വെങ്കലപ്പോരിൽ ജർമനിക്കെതിരെ ആശിച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക്. സെമിയിൽ ബൽജിയത്തിനോട് കാട്ടിയ പ്രതിരോധ പിഴവുകൾ ആവർത്തിച്ചു. രണ്ടാംമിനിറ്റിൽ ഗോൾവഴങ്ങി. ജർമൻകാരൻ ടിമുർ ഓറുസിനെ തടയാൻ ബോക്സിലുണ്ടായിരുന്ന സുരേന്ദർ കുമാറിനും ഷംഷേർ സിങ്ങിനും കഴിഞ്ഞില്ല. ഓറുസിന്റെ അടി വലയിലായി. ഒന്നാംഭാഗത്തിൽ ജർമനി നിരന്തരം ഇന്ത്യയെ ആക്രമിച്ചു. തുടർച്ചയായി നാല് പെനൽറ്റി കോർണർ വഴങ്ങി. ശ്രീജേഷ് കാത്തു. രണ്ടാംഭാഗത്തിന്റെ തുടക്കം സിമ്രാൻജിത് സിങ്ങിലൂടെ ഇന്ത്യ സമനിലഗോൾ നേടി. പക്ഷേ പിന്നെയും പിടിവിട്ടു. പ്രതിരോധം ഉണർന്നില്ല. ജർമൻനിര അവസരം മുതലാക്കി. ഒരു മിനിറ്റിനിടെ രണ്ടടിച്ച് അവർ മാനസികാധിപത്യം നേടി. നിക്ലസ് വെല്ലെനും ബെനെഡിക്ട് ഫുർകുമാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇന്ത്യ 3–1ന് പിറകിൽ. എന്നാൽ പതറിയില്ല. നിരന്തരമായ ആക്രമണത്തിനുള്ള ഫലം കണ്ടു. പെനൽറ്റി കോർണറുകൾ അനുഗ്രഹമായി. ഹർമൻപ്രീത് സിങ്ങിന്റെ കിക്ക് ജർമൻ ഗോളി അലെക്സാണ്ടർ സ്റ്റാഡ്--ലെർ തടുത്തെങ്കിലും പന്ത് പിടിച്ചെടുത്ത ഹാർദിക് സിങ്ങിന് പിഴച്ചില്ല. തൊട്ടുപിന്നാലെയുള്ള പെനൽറ്റി കോർണർ ഹർമൻപ്രീത് നേരിട്ട് വലയിലാക്കി. രണ്ടാംഭാഗം ഇരുടീമുകളും സമനിലയോടെ അവസാനിപ്പിച്ചു.
ഒപ്പമെത്തിയ ഇന്ത്യ വീര്യം വീണ്ടെടുത്തു. രുപീന്ദർപാൽ സിങ്ങിലൂടെ ലീഡെടുത്തു. പിന്നാലെ സിമ്രാൻജിത് അഞ്ചാംഗോളും നേടി ഉറപ്പിച്ചു. പക്ഷേ ജർമനി വിട്ടുകൊടുത്തില്ല. വിൻഡ്ഫെഡറിലൂടെ ഒന്നടിച്ച് കളി മുറുക്കി. ഇന്ത്യൻ പ്രതിരോധം പലപ്പോഴായി കീഴടങ്ങിയെങ്കിലും ശ്രീജേഷ് ഉറച്ചുനിന്നു. നാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനമിട്ടു. ഇനി ഇന്ത്യൻ ഹോക്കിക്ക് തലയുയർത്താം.