29 വർഷം, എട്ട് ഒളിമ്പിക്സ്, ഗാർഷ്യ മതിയാക്കി
Friday Aug 6, 2021
ടോക്യോ
സ്പാനിഷ് നടത്തക്കാരൻ ജെസ്യൂസ് ഏഞ്ചൽ ഗാർഷ്യ പാരിസ് ഒളിമ്പിക്സിൽ ഉണ്ടാകില്ല. തുടർച്ചയായി എട്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ആദ്യ അത്‌ലീറ്റാണ് അമ്പത്തൊന്നുകാരൻ. ഗാർഷ്യയുടെ മത്സരയിനമായ 50 കിലോമീറ്റർ നടത്തം പാരിസ് ഒളിമ്പിക്സിൽനിന്ന് പിൻവലിച്ചു. പിന്നാലെ ഗാർഷ്യ വിരമിക്കലും പ്രഖ്യാപിച്ചു. 1992 ബാഴ്സലോണ ഗെയിംസുമുതൽ ഒളിമ്പിക്സിനുണ്ട്. ഒറ്റ മെഡലുമില്ല. ടോക്യോയിൽ 35–ാമതായിരുന്നു.
പുരുഷൻമാരുടെ 4 x 100 മീറ്റർ റിലേയിൽ മേളയിലെ വേഗക്കാരൻ മാഴ്സെൽ ജേക്കബ്സ് നയിച്ച ഇറ്റലി സ്വർണമണിഞ്ഞു (37.50). 5000 മീറ്ററിൽ ഉഗാണ്ടയുടെ ജോഷ്വാ ചെപ്റ്റേഗി (12:58.15) ഒന്നാമതെത്തി. വനിതകളുടെ 1500 മീറ്ററിൽ കെനിയയുടെ ഫെയ്ത് കിപിയെഗോണിനാണ് (3:53.11) സ്വർണം.