ഖത്തറിന്റെ ഏഷ്യൻ 
റെക്കോഡ്‌ മറികടന്നു

അമോജ്‌ 
മിന്നി, എന്നിട്ടും...

Friday Aug 6, 2021
photo credit olympics.com


ടോക്യോ
മൂന്ന്‌ മലയാളികൾ അണിനിരന്ന പുരുഷന്മാരുടെ 4–-400 മീറ്റർ റിലേ ടീം ഫൈനലിൽ കടക്കാതിരുന്നത്‌ നേരിയ വ്യത്യാസത്തിന്‌. അവസാന ലാപ്പിൽ ഓടിയ അമോജ്‌ ജേക്കബ്ബിന്റെ ഗംഭീര കുതിപ്പാണ്‌ പുതിയ ഏഷ്യൻ സമയം (3:00.25) കുറിക്കാൻ കാരണം. ഖത്തർ 2018 ഏഷ്യൻ ഗെയിംസിൽ കണ്ടെത്തിയ 3:00.56 സെക്കൻഡാണ്‌ മാഞ്ഞത്‌.
രണ്ട്‌ ഹീറ്റ്‌സിലായി 16 ടീമുകളാണ്‌ ഫൈനൽ ലക്ഷ്യമിട്ട്‌ ഇറങ്ങിയത്‌. രണ്ട്‌ ഹീറ്റ്‌സിലേയും ആദ്യ മൂന്ന്‌ സ്ഥാനക്കാർക്കും മികച്ച രണ്ട്‌ സമയക്കാർക്കുമായിരുന്നു ഫൈനലിലേക്ക്‌ യോഗ്യത. എട്ട്‌ ടീമുകൾ അണിനിരന്ന രണ്ടാമത്തെ ഹീറ്റ്‌സിലായിരുന്നു ഇന്ത്യ. ഹീറ്റ്‌സിൽ പോളണ്ട്‌, ജമൈക്ക, ബൽജിയം എന്നിവയ്‌ക്കുപിറകിൽ നാലാമതായി. സമയക്കണക്കിൽ ഒമ്പതാംസ്ഥാനത്തും.

അവസാന ലാപ്പ്‌ ഓടിയ അമോജ്‌ ജേക്കബ്ബാണ്‌ ടീമിനെ നാലാംസ്ഥാനത്ത്‌ എത്തിച്ചത്‌. ആദ്യ ഊഴം മുഹമ്മദ്‌ അനസിനായിരുന്നു(45.6). രണ്ടാമത്‌ നോഹ നിർമൽ ടോം(45.0). മൂന്നാമത്‌ ഓടിയത്‌ തമിഴ്‌നാട്ടുകാരൻ ആരോക്യ രാജീവ്‌(44.84).  ആറാമതായാണ്‌ അമോജിന്‌ ബാറ്റൺ കിട്ടിയത്‌. മുന്നിലുണ്ടായിരുന്ന ജപ്പാൻ, ഫ്രാൻസ്‌ താരങ്ങളെ മറികടന്നായിരുന്നു ഫിനിഷ്‌(44.68).

ഫൈനലിൽ കടന്ന എട്ട്‌ ടീമുകളും മൂന്ന്‌ മിനിറ്റിൽ താഴെ സമയത്തിലാണ്‌ ഓടിയത്‌. അമേരിക്കയുടേതാണ്‌ മികച്ച സമയം(2:57.77). കൊല്ലം നിലമേൽ സ്വദേശിയായ അനസിന്റെ രണ്ടാമത്തെ ഒളിമ്പിക്‌സാണിത്‌. ഇക്കുറി മിക്‌സഡ്‌ റിലേയിലും പങ്കെടുത്തു. ഇന്ത്യൻ നേവിയിലാണ്‌ ഇരുപത്താറുകാരൻ. കോഴിക്കോട്‌ പേരാമ്പ്ര പൂഴിത്തോട് സ്വദേശിയാണ്‌ നോഹ. ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനാണ്‌. അമോജ്‌ ജേക്കബ്‌ കോട്ടയംകാരനാണെങ്കിലും കുട്ടിക്കാലംമുതൽ ഡൽഹിയിലാണ്‌. ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ഉദ്യോഗസ്ഥനാണ്‌ ഇരുപത്തിമൂന്നുകാരൻ.

പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ ഗുർപ്രീത്‌ സിങ്ങിന്‌ മത്സരം പൂർത്തിയാക്കാനായില്ല. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി പതിനേഴാമതായി. ഭാവന ജാട്ടിന്‌ 32–-ാംസ്ഥാനം.