ചൈനയ്ക്ക് മെഡൽകിലുക്കം
Friday Aug 6, 2021
ടോക്യോ
പുതിയ ഇനങ്ങളിലേക്ക് വേരാഴ്‌ത്തിയും പരമ്പരാഗത ഇനങ്ങളിൽ ചുവടുറപ്പിച്ചും ടോക്യോ ഒളിമ്പിക്സിൽ ചെെന മുന്നോട്ട്. മേള അവസാനിക്കാൻ രണ്ട് ദിവസം ശേഷിക്കെ 36 സ്വർണവും 26 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ 79 മെഡലുകളുമായി ചെെന മുന്നേറ്റം തുടരുകയാണ്. നീന്തൽക്കുളത്തിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട അമേരിക്കയ്ക്ക് 31 സ്വർണമുൾപ്പെടെ 98 മെഡലുകളാണ്. ആതിഥേയരായ ജപ്പാൻ എക്കാലത്തെയും മികച്ച പ്രകടനവുമായി മൂന്നാമത് നിൽക്കുന്നു. 24 സ്വർണമുൾപ്പെടെ 51 മെഡലുകളായി ജപ്പാന്.
2008ൽ ബീജിങ്ങിൽ നടന്ന മേളയിൽ 48 സ്വർണമുൾപ്പെടെ 100 മെഡലുകളുമായി ചെെന ഒന്നാമതെത്തിയിരുന്നു. ഒളിമ്പിക്സിൽ ചെെനയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഇക്കുറി 38 സ്വർണമാണ് ചെെന പ്രതീക്ഷിച്ചിരുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ 38 സ്വർണമായിരുന്നു ചെെനയ്ക്ക്. റിയോയിൽ അത് 26 ആയി കുറഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ചെെന നല്ല തയ്യാറെടുപ്പ് നടത്തി.
ഭാരോദ്വഹനത്തിൽ മാത്രം ഏഴ് സ്വർണമാണ് ചെെനയ്ക്ക്. ഒരു വെള്ളിയും. അത്‌ലറ്റിക്സിൽ ഇക്കുറി ഒരു സ്വർണവും രണ്ട് വെള്ളിയും നേടി. ജിംനാസ്റ്റിക്സിൽ നാല് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും. നീന്തൽ, ടേബിൾ ടെന്നീസ് എന്നിവയിലും നേട്ടമുണ്ടാക്കി. ഡെെവിങ്ങിൽ ആറ് സ്വർണവും ഷൂട്ടിങ്ങിൽ നാല് സ്വർണവും നേടി.
ഗുസ്തി, ബോക്സിങ്, ഡെെവിങ് എന്നിവയിലാണ് ചെെനയുടെ ഇനിയുള്ള പ്രതീക്ഷകൾ. അമേരിക്ക അത്‌ലറ്റിക്സിൽ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ബേസ്ബോൾ, ബാസ്‌കറ്റ്‌ബോൾ, വാട്ടർപോളോ എന്നിവയിലാണ് അമേരിക്കയുടെ ഇനിയുള്ള സ്വർണപ്രതീക്ഷ.