നൂറ്റാണ്ടിന്റെ പൊന്ന് ; നീരജ് ചോപ്ര ഇന്ത്യൻ അത്‌ലറിക്‌സിലെ അപൂർവ പ്രതിഭാസം

Saturday Aug 7, 2021
Photo Credit: Twitter/TeamIndia

ടോക്യോ > മൂന്നു യുദ്ധങ്ങളുടെ ചരിത്രമുണ്ട് പാനിപ്പത്തിന്. പീരങ്കികളുടെയും വെടിക്കോപ്പുകളുടെയും മുരൾച്ചയായിരുന്നു. ഇന്ത്യയുടെ നെയ്‌ത്തുശാലയും ചരിത്രനഗരവുമാണ് പാനിപ്പത്ത്. ആ ചരിത്രങ്ങൾക്കിടയിലേക്ക്  ജാവ്--ലിൻ കൊണ്ടൊരാൾ പേര് കോറിയിട്ടു. നീരജ് ചോപ്ര. ഒളിമ്പിക്സിൽ ഇന്ത്യയുടെ പൊന്ന്. -നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ അത്-ലറ്റിക്സിൽ വിരിഞ്ഞ പതക്കം.
ഇന്ത്യൻ അത്--ലറ്റിക്സിലെ ഇതുവരെയുള്ള ചരിത്രത്തെ നീരജ് ഒറ്റയേറിൽ പിന്നിലാക്കിയിരിക്കുന്നു. ഇന്ത്യൻ അത്-ലറ്റിക്സിലെ അപൂർവ പ്രതിഭാസം.

പാനിപ്പത്തിലെ ഖന്ദ്ര ഗ്രാമത്തിൽ  നല്ലൊരു കളിസ്ഥലം ഉണ്ടായിരുന്നില്ല. ജാവ്-ലിൻ കണ്ടിട്ടുപോലുമില്ല. ക്രിക്കറ്റായിരുന്നു നീരജിന് എല്ലാം. ഒരുദിവസം പാനിപ്പത്തിലെ സായ് സെന്ററിൽ അമ്മാവനെ കാണാൻ പോയതാണ്. ശേഷം ചരിത്രം. അന്ന് അഞ്ചടി നാലിഞ്ച് ഉയരവും 77 കിലോ ഭാരവുമായിരുന്നു നീരജിന്. അമ്മാവൻ വിളിച്ചു. ജാവ്-ലിൻ ഏൽപ്പിച്ചു. നീരജിന്റെ സ്വപ്നങ്ങൾ അതിൽ വിരിയാൻ തുടങ്ങി.പാനിപ്പത്തിൽ അന്ന് നാല് ഏറുകാരുണ്ടായിരുന്നു. ‘അന്നവിടെ ജാവ്‌ലിൻത്രോക്കാരുള്ളതുകൊണ്ട് ഞാൻ ജാവ്--ലിൻ താരമായി. ഓട്ടക്കാരുണ്ടായിരുന്നെങ്കിൽ ഞാൻ ഓട്ടക്കാരനായേനെ– ഒരിക്കൽ നീരജ് പറഞ്ഞു. ജില്ലാതലത്തിൽ വെങ്കലം നേടി തുടക്കം. പഞ്ച്കുളയിലെ സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നാണ് പിന്നെ പരിശീലനം നടത്തിയത്. ജാവ്-ലിൻ എന്താണെന്ന് മനസ്സിലാക്കി. യൂട്യൂബ് വീഡിയോകൾ കാണാൻ തുടങ്ങി.

ചെക്ക് റിപ്പബ്ലിക്കിന്റെ ലോക റെക്കോഡുകാരൻ ജാൻ സലേസ്നിയെ അറിയുന്നത് അങ്ങനെയാണ്. എറിഞ്ഞുകഴിഞ്ഞ് പിറ്റിലേക്ക് വീഴുന്ന സലേസ്നിയുടെ രീതി നീരജിന് ഏറെ ഇഷ്ടമായി. നിരന്തര പരിശീലനത്തിലൂടെ അത് സ്വായത്തമാക്കി. ആത്മവിശ്വാസമായിരുന്നു കെെമുതൽ. 2015ലാണ് ആദ്യമായൊരു പരിശീലകനെ കിട്ടുന്നത്. 2016ൽ ഓസ്ട്രേലിയക്കാരൻ ജെറി കാൾവെർട്ട് ഇന്ത്യൻ ജാവ്-ലിൻ പരിശീലകനായി എത്തി. കാൾവെർട്ട് നീരജിനെ നയിച്ചു. ജാ-വ്-ലിനിൽ അതുവരെ ഒറ്റ ഒളിമ്പ്യനായിരുന്നു ഇന്ത്യക്ക്. കാൾവെർട്ടിന് പ്രതീക്ഷ വറ്റി.  ദക്ഷിണേഷ്യൻ ഗെയിംസിലെ നീരജിന്റെ പ്രകടനം കണ്ട് കാൾവെർട്ട് പറഞ്ഞു. ‘ഇത് ഒരു തലമുറയുടെ ഏറാണ്’. നീരജിന് അന്ന് 19 വയസ്സ്‌.  എറിഞ്ഞ ദൂരം. 82.66 മീറ്റർ. മാസങ്ങൾക്കുള്ളിൽ ലോക ജൂനിയർ അത്‌ലറ്റിക്സിൽ 86.48 മീറ്റർ എറിഞ്ഞ് റെക്കോഡുമിട്ടു.

2017ൽ കാൾവെർട്ട് മടങ്ങിയതൊന്നും നീരജിനെ ബാധിച്ചില്ല. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി. ജർമനിക്കാരൻ യുയി ഹോൺ പുതിയ പരിശീലകനായി എത്തി. 1984ലെ ലോക റെക്കോഡുകാരനാണ് ഹോൺ. ജാവ്-ലിനിൽ 100 മീറ്റർ മറികടന്ന ചരിത്രമുണ്ട് ഹോണിന്. സാങ്കേതികമായി നീരജിന് മാറ്റങ്ങൾ വരുത്തുന്നത് ഹോണിന്റെ പരിശീലനമാണ്. ആത്മസമർപ്പണമായിരുന്നു നീരജിന്റേത്.  2019ൽ നീരജിന് പരിക്കുകാരണം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായില്ല. 2016ലെ ജൂനിയർ അത്‌ലറ്റിക്സിൽ  മൂന്നാമനായ ആൻഡേഴ്സൺ പീറ്റേഴ്സനായിരുന്നു അന്ന് സ്വർണം. നീരജ് ക്ഷമയോടെ കാത്തിരുന്നു. ആ വർഷം കളത്തിലിറങ്ങിയില്ല. 2020 ജനുവരിയിൽമാത്രമാണ് ഒളിമ്പിക് യോഗ്യത ഉറപ്പിച്ചത്. കോവിഡ് കാരണം മേള നീണ്ടപ്പോൾ നീരജ് പരിശീലനത്തിനായി ആ സമയം മാറ്റി. ജാവ്‌ലിൻ മാറ്റി, മനസ്സുറപ്പ് കൂട്ടി. ടോക്യോയിൽ റിയോയിലെ ചാമ്പ്യൻ തോമസ് റോളെറും ലോക ചാമ്പ്യൻഷിപ്‌ വെള്ളി മെഡൽ ജേതാവായ മാഗ്നസ് കിർട്ടും പിന്മാറിയപ്പോൾ നീരജ് കണക്കുകൂട്ടി. അത്‌ തെറ്റിയില്ല. ഇരുപത്തിമൂന്നാം വയസ്സിൽ ചരിത്രം കുറിച്ചു.

മിൽഖാ, 
ഇതാ ആ മെഡൽ

ഒളിമ്പിക്‌സ്‌ അത്‌ലറ്റിക്‌സിൽ ഇന്ത്യക്കാരൻ മെഡൽ നേടുകയെന്നതാണ്‌ ഏറ്റവും വലിയ സ്വപ്‌നമെന്ന്‌ ട്രാക്കിലെ ഇതിഹാസം മിൽഖാ സിങ് എന്നും പറയാറുണ്ട്‌. അതു കാണുംമുമ്പേ അദ്ദേഹം വിടപറഞ്ഞു. കോവിഡ്‌ ബാധിച്ച്‌ ജൂൺ പതിനെട്ടിനായിരുന്നു തൊണ്ണൂറ്റൊന്നുകാരന്റെ മരണം. 1960 റോം ഒളിമ്പിക്‌സിൽ 400 മീറ്റർ ഫൈനലിൽ 0.1 സെക്കൻഡ്‌ വ്യത്യാസത്തിലാണ്‌ മിൽഖയ്‌ക്ക്‌ വെങ്കലമെഡൽ നഷ്‌ടപ്പെട്ടത്‌. മരിക്കുംവരെയും നഷ്‌ടബോധം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.

സ്വപ്‌നസാക്ഷാൽക്കാരം: ഉഷ

ഇതൊരു സ്വപ്‌നസാക്ഷാൽക്കാരമാണ്‌. സന്തോഷത്തിനൊപ്പം അഭിമാനവും. ഒളിമ്പിക്‌സ്‌ വേദിയിൽ ഒരു ഇന്ത്യക്കാരൻ സ്വർണവുമായി നിൽക്കുന്ന കാഴ്‌ച അതിമനോഹരംതന്നെ.
നീരജ്‌ ലോക ജൂനിയർ മീറ്റിൽ സ്വർണം നേടുന്നത്‌ നേരിട്ടുകണ്ടതാണ്‌. അന്നേ ഭാവിയുള്ള അത്‌ലീറ്റാണെന്ന്‌ മനസ്സിലാക്കിയിരുന്നു.  കൃത്യമായ ലക്ഷ്യബോധവും അച്ചടക്കവുമുള്ള അത്‌ലീറ്റാണ്‌, ഒപ്പം കഠിനാധ്വാനവും.  അതുതന്നെ വിജയത്തിന്‌ കാരണവും. 1984ൽ 400 മീറ്റർ ഹർഡിൽസിൽ എനിക്ക്‌ മെഡൽ നഷ്‌ടമായിട്ട്‌ ഇന്നേക്ക്‌ 37 വർഷമായി. എല്ലാ വേദനയും നീരജിന്റെ സ്വർണം മായ്‌ക്കുന്നു.

‘അത്‌ലറ്റിക്‌സിന്റെ 
പൂക്കാലം വരും’; പി രാധാകൃഷ്‌ണൻനായർ (ഇന്ത്യൻ അത്‌ലറ്റിക്‌ ടീം മുഖ്യ കോച്ച്‌)

‘നീരജിന്റെ സ്വർണം ഇന്ത്യൻ അത്‌ലറ്റിക്‌സിന്‌ നൽകുന്ന ഊർജം ചെറുതല്ല. ഈ ചെറുപ്പക്കാരന്റെ പാത പിന്തുടർന്ന്‌ കൂടുതൽപേർ അത്‌ലറ്റിക്‌സിലേക്ക്‌ വരും. അഭിമാനകരമായ നേട്ടം പെട്ടെന്നുണ്ടായതല്ല. ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്‌.’

25 ഒളിമ്പിക്‌സ്‌, 
ഇന്ത്യക്ക്‌ 35 മെഡൽ
ടോക്യോ > ഇന്ത്യ ഇതുവരെ പങ്കെടുത്തത്‌ 25 ഒളിമ്പിക്‌സുകളിൽ. ആകെ മെഡൽ 35. അതിൽ പത്ത്‌ സ്വർണവും ഒമ്പത്‌ വെള്ളിയും 16 വെങ്കലവും. എട്ട്‌ സ്വർണം പുരുഷ ഹോക്കി ടീമിന്റേത്‌. നീരജിനുമുമ്പ്‌, 2008 ബീജിങ്ങിൽ ഷൂട്ടിങ്ങിൽ അഭിനവ്‌ ബിന്ദ്ര സ്വർണം നേടി.

1896ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സിൽ ഇന്ത്യ പങ്കെടുത്തിരുന്നില്ല. 1900 പാരിസ്‌ ഒളിമ്പിക്‌സിൽ ബ്രിട്ടീഷുകാരനായ നോർമൻ പ്രിച്ചാർഡ്‌ രണ്ട്‌ വെള്ളി നേടി–-200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും. 2012ൽ ഇന്ത്യക്ക്‌ ആറ്‌ മെഡൽ കിട്ടിയതായിരുന്നു വലിയ നേട്ടം. അന്ന്‌ രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവുമായിരുന്നു. കഴിഞ്ഞതവണ റിയോയിൽ ഓരോ വെള്ളിയും വെങ്കലവും.