സ്വർണത്തിൽ അവസാനിക്കുന്നില്ല

Monday Aug 9, 2021
Photo Credit Twitter/TeamIndia


ടോക്യോ
ടോക്യോയിൽ ഒന്നും അവസാനിക്കില്ലെന്നും പുതിയ നേട്ടങ്ങൾക്കായി പരിശ്രമം തുടരുമെന്നും നീരജ് ചോപ്ര. ഒളിമ്പിക്സിൽ വ്യക്തിഗത ദൂരം മറികടക്കാമെന്നായിരുന്നു കണക്കൂകൂട്ടിയത്. പക്ഷേ സാധിച്ചില്ല. ഇനിയും പ്രകടനം മെച്ചപ്പെടുത്താനുണ്ടെന്നും ഒളിമ്പിക് ജാവ്--ലിൻ ത്രോ ജേതാവ് പറഞ്ഞു. 88.07 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. ടോക്യോയിൽ 87.58 മീറ്റർ എറിഞ്ഞാണ് ഇരുപത്തിമൂന്നുകാരൻ പൊന്നണിഞ്ഞത്. നീരജിന് അഭിനന്ദനങ്ങളും പാരിതോഷികവും പ്രവഹിക്കുന്നു. ബിസിസിഐയും ചെന്നെെ സൂപ്പർ കിങ്സും ഉൾപ്പെടെ 12 കോടിയോളം രൂപ ഇതുവരെ പ്രഖ്യാപിച്ചു.

പിന്തുണയ്ക്ക് നന്ദി
ഈ നേട്ടത്തിനുപിന്നിൽ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും അനുഗ്രഹങ്ങളുമാണ്. ഈ നിമിഷം എന്നും എന്നിൽ ജീവിക്കും. പറഞ്ഞറിയിക്കാനാകത്ത വികാരമാണിത്. എല്ലാവർക്കും നന്ദി. 

ഇന്റർനെറ്റിനോട് ‘നോ’
സാമൂഹ്യമാധ്യമങ്ങളിൽ അധികസമയം ചെലവഴിക്കുന്ന ഒരാളല്ല ഞാൻ. ഫോൺ മിക്കസമയവും ഓഫാക്കിവയ്ക്കും. പാട്ട് കേൾക്കാനോ വീഡിയോ കാണാനോ മാത്രം വല്ലപ്പോഴും ഫോണെടുക്കും. ഒരു അത്--ലീറ്റിനെ സംബന്ധിച്ച് പരിശീലനത്തിലെ ഏകാഗ്രതയാണ് പരമപ്രധാനം. സാമൂഹ്യമാധ്യമങ്ങളിൽ സാന്നിധ്യമില്ലാതിരുന്നിട്ടും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

സമ്മർദങ്ങളുണ്ടായില്ല
ഫെെനലിന്റെ തലേന്ന്‌ രാത്രി ഉറങ്ങാനായില്ല. പക്ഷേ, അത് സമ്മർദംകൊണ്ടായിരുന്നില്ല. മത്സരത്തെപ്പറ്റി ഓർത്തപ്പോൾ ഉറക്കംകിട്ടിയില്ല. ശരീരം ഊർജസ്വലമായിരുന്നു. നല്ല ഉൻമേഷവും ഉണ്ടായിരുന്നു.