ഒറ്റ സ്വർണ വ്യത്യാസത്തിൽ ചെെന രണ്ടാമത് ; ജപ്പാന് മികച്ച നേട്ടം, 27 സ്വർണം മൂന്നാംസ്ഥാനം

തിരിച്ചടിയിലും അമേരിക്ക

Monday Aug 9, 2021


ടോക്യോ
ചെെനയുടെ വെല്ലുവിളിക്കിടയിലും കായികലോകത്തെ അധീശത്വം ഉറപ്പിച്ച് അമേരിക്ക. ഒറ്റ സ്വർണത്തിന്റെ വ്യത്യാസത്തിൽ ചെെനയെ പിന്തള്ളി അമേരിക്ക ടോക്യോ ഒളിമ്പിക്സ് ചാമ്പ്യൻമാരായി. തുടർച്ചയായ മൂന്നാം ഓവറോൾ കിരീടം. 39 സ്വർണം, 41 വെള്ളി, 33 വെങ്കലം –- 113 മെഡലുകൾ. ചെെന 38 സ്വർണവുമായി തൊട്ടടുത്തെത്തി. 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലാണ് ഏഷ്യൻ രാജ്യത്തിന്. അവസാനദിനം വനിതാ ബാസ്കറ്റ്ബോളിൽ ചാമ്പ്യൻമാരായതോടെയാണ് അമേരിക്ക ഒന്നാംസ്ഥാനം നിലനിർത്തിയത്.
ആതിഥേയരായ ജപ്പാൻ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായി ഒളിമ്പിക്സ് അവസാനിപ്പിച്ചു. 27 സ്വർണമടക്കം 58 പതക്കങ്ങൾ സ്വന്തമാക്കി. 17 സ്വർണവുമായി ആറാമതെത്തി ഓസ്ട്രേലിയയും വിസ്മയിപ്പിച്ചു.

2016 റിയോയിലെ നേട്ടം ആവർത്തിക്കാനായില്ല അമേരിക്കയ്ക്ക്. 46 സ്വർണമുൾപ്പെടെ 121 മെഡലുകളായിരുന്നു അന്ന് നേടിയത്. ഇത്തവണ പരമ്പരാഗതമായി മെഡലുകൾ വാരുന്ന നീന്തൽ, അത്--ലറ്റിക്സ് ഇനങ്ങളിൽ തിരിച്ചടി നേരിട്ടു. റിയോയിൽ നീന്തൽക്കുളത്തിൽനിന്ന് 16 സ്വർണം കൊയ്തപ്പോൾ ടോക്യോയിൽ അഞ്ചെണ്ണം കുറഞ്ഞു. ട്രാക്കിലും ഫീൽഡിലുമാണ് ഏറെ പിന്നിലായത്. 2019 ദോഹ ലോകചാമ്പ്യൻഷിപ്പിൽ 14 സ്വർണമാണ് അവർ നേടിയത്. ഇത്തവണ അത് ഏഴായി ചുരുങ്ങി. സ്പ്രിന്റ് ഇനങ്ങളിൽ നിരാശപ്പെട്ടു. പുരുഷൻമാരുടെ 4–100 റിലേയിൽ ഫെെനലിന് യോഗ്യത നേടാനാകാതെ തലകുനിച്ചു. ജിംനാസ്റ്റിക്സിൽ സിമോണ ബെെൽസിന്റെ പിൻവാങ്ങലും ഉറച്ച മെഡലുകൾ നഷ്ടപ്പെടുത്തി. ഈ തിരിച്ചടികളിലും ഗെയിംസിലെ മേധാവിത്വം നിലനിർത്തി. ബാസ്കറ്റ്ബോളിലും വോളിബോളിലുമെല്ലാം വിട്ടുകൊടുത്തില്ല. വനിതാ ഫുട്‌ബോൾ കിരീടം നഷ്‌ടപ്പെട്ടു. ചെെനയാകട്ടെ പരമ്പരാഗത ഇനങ്ങളിൽ ഊന്നൽനൽകി മുന്നേറി. ഡെെവിങ്, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിൽ എതിരാളിയെ തറപറ്റിച്ചു. റിയോയിൽ 26 സ്വർണത്തോടെ മൂന്നാമതായിരുന്നു ചെെന. 2008ൽ ബീജിങ് ഗെയിംസിൽ ചൈന ഒന്നാമതെത്തിയിരുന്നു. ജപ്പാൻ പുതിയ മത്സരയിനമായ സ്കേറ്റിങ്ങിൽ ആധിപത്യം നേടി. ജൂഡോയിലും പൊന്ന് കൊയ്തു. ബ്രിട്ടനാണ് നാലാമത്.

ഒളിമ്പിക് കമ്മിറ്റിക്കുകീഴിൽ അണിനിരന്ന റഷ്യയും ശക്തി തെളിയിച്ചു. 20 സ്വർണമുൾപ്പെടെ 71 മെഡലുമായി അഞ്ചാമതെത്തി അവർ. ഇന്ത്യക്ക്‌ 48–-ാംസ്ഥാനമാണ്‌. ഒരു സ്വർണം, രണ്ട്‌ വെള്ളി, നാല്‌ വെങ്കലം. 2016ൽ 67–-ാംസ്ഥാനത്തായിരുന്നു.