ഇറ്റാലിയൻ വസന്തം ; ഒളിമ്പിക്സിൽ ഇറ്റലിക്ക് 38 മെഡൽ

Monday Aug 9, 2021

 

ടോക്യോ
ഈ വസന്തകാലം ഇറ്റലിക്കുള്ളതാണ്. കോവിഡിനെ അതിജീവിച്ച ഇറ്റാലിയൻ ജനത കായിക നേട്ടങ്ങളുടെ ആഘോഷത്തിലാണ്. ആദ്യം യൂറോ കപ്പ് ഫുട്ബോൾ കിരീടം. പിന്നെ ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച പ്രകടനം. ജൂലെെയിലാണ് ഇറ്റലി യൂറോ കിരീടം ചൂടിയത്.

ഒളിമ്പിക്സിൽ സ്പ്രിന്റിൽ ഉൾപ്പെടെ സ്വർണം. 10 സ്വർണമുൾപ്പെടെ 38 മെഡലുകളാണ് സമ്പാദ്യം. 1960ലെ റോം ഒളിമ്പിക്സിൽ നേടിയ 36 മെഡലുകളെ മറികടന്നു. ലാമണ്ട് മാഴ്സെൽ ജേക്കബ്സ് ലോക കായിക മേളയിലെ അതിവേഗക്കാരനായി. 100ൽ ജമെെക്കൻ, അമേരിക്കൻ താരങ്ങളെ ഞെട്ടിച്ചായിരുന്നു ജേക്കബ്സിന്റെ കുതിപ്പ്. പുരുഷ സെെക്ലിങ് ടീമിന് ലോക റെക്കോഡ്. ഹെെജമ്പ് സ്വർണം പങ്കുവച്ചതിലൂടെ ചരിത്രത്തിലിടം നേടിയ ജിയാൻമാർകോ ടംബേരിയും ഇറ്റലിക്കാരനാണ്. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ സ്വർണംനേടിയ അന്റോണെല്ല പാൽമിസാനോയും ചരിത്രം കുറിച്ചു. 4–100 റിലേയിലും ഇറ്റലി സ്വർണം നേടി.

വിംബിൾഡൺ ടെന്നീസിലും ഇക്കുറി ഇറ്റലിക്ക് ചരിത്ര നിമിഷമായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ പുരുഷതാരം മാർകോ ബെറെട്ടിനി ഫെെനലിൽ എത്തി.