ഒരേ വേഗം ഒരേ താളം
Monday Aug 9, 2021
ടോക്യോ
പതിനേഴ് ദിനം നീണ്ട ആവേശക്കാഴ്ച അവസാനിച്ചു. ടോക്യോ ഒളിമ്പിക്സ് മേള അവസാനിക്കുമ്പോൾ അത് ചരിത്രത്തിന്റെ ഭാഗമായി. കോവിഡ് കാലത്തെ മേളയായിരുന്നു. താരോദയങ്ങൾ കണ്ടു. ലോക റെക്കോഡുകൾ പിറന്നു. അസാമാന്യ പ്രകടനങ്ങളും തെളിഞ്ഞു.
കഴിഞ്ഞ ഏഴ് ഒളിമ്പിക്സുകളിൽ ആറാമതും അമേരിക്ക കിരീടം ചൂടി. ഏഴിലും മെഡൽ എണ്ണത്തിൽ അമേരിക്കയായിരുന്നു മുന്നിൽ. 2008ൽ ചാമ്പ്യൻമാരായ ചെെന ഇക്കുറിയും നല്ല പോരാട്ടം പുറത്തെടുത്തു. ജപ്പാൻ 27 സ്വർണമുൾപ്പെടെ 58 മെഡലുകളുമായി അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു. 1964, 1968 ഒളിമ്പിക്സിലെ പ്രകടനത്തിനൊപ്പമെത്തി. ബ്രിട്ടന് 65 മെഡലുകളാണ് കിട്ടിയത്. റഷ്യൻ ഒളിമ്പിക് സമിതി 71 മെഡലുകൾ നേടി.
2008നുശേഷം ഓസ്ട്രേലിയ ആദ്യമായി ആദ്യ ആറിൽ ഉൾപ്പെട്ടു. ഇറ്റലി 40 മെഡലുകളുമായി തിളങ്ങി. നെതർലൻഡ്സ് (36), ന്യൂസിലൻഡ് (20), ബ്രസീൽ (21) രാജ്യങ്ങളും മിന്നി. 1990നുശേഷം ജർമനി ആദ്യ ആറിൽനിന്ന് പുറത്തായി. ഒളിമ്പിക്സിന്റെ ആകെ ചരിത്രത്തിൽ 1063 സ്വർണമായി അമേരിക്കയ്ക്ക്. സോവിയറ്റ് യൂണിയൻ 395 സ്വർണം നേടിയിരുന്നു. ബ്രിട്ടൻ 284ഉം ചെെന 262ഉം സ്വർണമാണ് നേടിയത്.
ആകെ 22 ലോക റെക്കോഡുകൾ പിറന്നു. റിയോയിൽ 27 റെക്കോഡുകളായിരുന്നു. സ്പോർട്സ് ക്ലൈംബിങ് അടക്കം നാലിനങ്ങൾ ഉൾപ്പെടുത്തിയിട്ടും റെക്കോഡുകളുടെ എണ്ണം കൂടിയില്ല.സെെക്ലിങ്ങിൽ ഏഴ് റെക്കോഡുകൾ പിറന്നു. ആറെണ്ണം നീന്തലിൽ. ഭാരോദ്വഹനം (4), അത്‌ലറ്റിക്സ് (3), ഷൂട്ടിങ് (1), സ്പോർട്സ് ക്ലൈംബിങ് (1) എന്നിവയിലാണ് മറ്റ് റെക്കോഡുകൾ.
ചെറുരാജ്യങ്ങൾ നേട്ടമുണ്ടാക്കി. സാൻ മരീനോയും ബർമുഡയും ബഹാമാസും ഫിജിയും കൊസോവോയും എസ്റ്റോണിയയുമൊക്കെ നേട്ടമുണ്ടാക്കി. ഒരു സ്വർണം നേടിയ ബർമുഡയിലെ ജനസംഖ്യ 63,000 ആണ്. ബഹാമാസ് രണ്ട് സ്വർണമാണ് നേടിയത്. കൊസോവോയും രണ്ടുതവണ പൊന്നണിഞ്ഞു. ലോകത്തെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ സാൻ മരീനോ ഒരു വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. യുസെെൻ ബോൾട്ടിന്റെ ജമെെക്ക ഇക്കുറിയും സ്പ്രിന്റിൽ വിശ്വാസം കാത്തു. ബോൾട്ട് ഇല്ലാത്ത ജമെെക്കൻ ടീമായിരുന്നു ഇക്കുറി. വനിതകളിലെ ഇലെയ്ൻ തോംപ്സൺ ഹെറയെന്ന വേഗതാരകം മൂന്ന് സ്വർണമാണ് നേടിയത്. ആകെ നാല് സ്വർണമുൾപ്പെടെ ഒമ്പത് മെഡലുകൾ നേടി.
ഒരു സ്വർണം ഉൾപ്പെടെ ഏഴ് മെഡലുകൾ നേടിയ ഇന്ത്യക്ക് ഇക്കുറി 125 അംഗ സംഘമായിരുന്നു. 139 കോടി ജനസംഖ്യയുള്ള ഇന്ത്യയെക്കാൾ മികച്ച പ്രകടനം ചെറു രാജ്യങ്ങളിൽനിന്നുണ്ടായി. ജമെെക്ക, കെനിയ, പോളണ്ട് രാജ്യങ്ങൾ അത്‌ലറ്റിക്സിലൂടെയാണ് കൂടുതൽ മെഡൽ നേടിയത്. ഇറാൻ, ഇന്തോനേഷ്യ രാജ്യങ്ങൾ ഭാരോദ്വഹനത്തിലും ജോർജിയ ജൂഡോയിലും മികവുകാട്ടി.
ചാമ്പ്യൻമാരായ അമേരിക്കയ്ക്കും അത്‌ലറ്റിക്സും നീന്തലുമായിരുന്നു പ്രധാന മെഡൽ ഇനങ്ങൾ. 18 സ്വർണമുൾപ്പെടെ 58 മെഡലുകൾ ഇതിലൂടെ കൂടാരത്തിലെത്തിച്ചു.
ചെെന ഭാരോദ്വഹനത്തിൽ ഏഴ് സ്വർണമുൾപ്പെടെ എട്ട് മെഡലുകൾ നേടി. ഡെെവിങ്, ഷൂട്ടിങ്, ആർടിസ്റ്റിക് ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ് എന്നീ പരമ്പരാഗത ഇനങ്ങളിലും മിന്നി.
താരങ്ങളിൽ അഞ്ച് സ്വർണവുമായി അമേരിക്കൻ നീന്തൽതാരം കാലെബ് ഡ്രെസെൽ മുന്നിൽനിൽക്കുന്നു. നാല് സ്വർണമുൾപ്പെടെ ഏഴ് മെഡലുകളുമായി ഓസ്ട്രേലിയൻ നീന്തൽതാരം എമ്മ മക്കിയോണും മൂന്നു സ്വർണമുൾപ്പെടെ നാല് മെഡലുകളുമായി കയ്-ലീ മക്യൂവെനും തിളങ്ങി. അത്ലറ്റിക്സിൽ ഇലെയ്ൻ തോംപ്സണും മികവുകാട്ടി.
വിലക്കുള്ളതിനാൽ ഒളിമ്പിക് പതാകയ്ക്കുകീഴിൽ മത്സരിച്ച റഷ്യൻ താരങ്ങൾ 20 സ്വർണം ഉൾപ്പെടെ 71 മെഡലുകൾ സ്വന്തമാക്കി. റഷ്യയായിത്തന്നെ മത്സരിച്ച 2012, 2016 മേളകളെക്കാൾ മികച്ച പ്രകടനമാണിത്.ക്യൂബ പതിനാലാം സ്ഥാനം സ്വന്തമാക്കി. ഏഴ് സ്വർണവുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തു.