Olympics Football

ഒളിമ്പിക്‌സ്‌ തിരിതെളിയും മുൻപേ ഫുട്ബോൾ ആരവം തുടങ്ങും

Friday Jul 19, 2024


ഒളിമ്പിക്‌സ്‌ വേദിയിൽ തിരി തെളിയും മുൻപേ ആരവമുയരും. ഉദ്ഘാടനത്തിനും രണ്ട് ദിവസം മുൻപേ തന്നെ ഫുട്ബോൾ തുടങ്ങു. യൂറോ കപ്പിനും കോപ അമേരിക്കയ്‌ക്കുംശേഷം വിരുന്നൊരുക്കാൻ ഫ്രാൻസിലെ ഏഴ്‌ വേദികളിലായാണ്‌ പുരുഷ–-വനിതാ മത്സരങ്ങൾ അരങ്ങേറുന്നത്‌. ഔദ്യോഗിക ഉദ്‌ഘാടനത്തിനും രണ്ടുനാൾമുമ്പ്‌ 24നാണ്‌ പുരുഷമത്സരങ്ങൾ ആരംഭിക്കുന്നത്‌. 25ന്‌ വനിതാ കിക്കോഫും. 26നാണ്‌ പാരിസിൽ ദീപം തെളിയുക.

പുരുഷ ടൂർണമെന്റിൽ 16 ടീമുകളാണ്‌. അണ്ടർ 23 നിരകളാണ്‌ കളിക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം. നിലവിലെ ചാമ്പ്യൻമാരും പ്രതാപശാലികളുമായ ബ്രസീൽ ഇത്തവണയില്ല. ലാറ്റിനമേരിക്കയിൽനിന്ന്‌ കാനിറകൾക്ക്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആതിഥേയരായ ഫ്രാൻസ്‌, അർജന്റീന, സ്‌പെയ്‌ൻ, മൊറോക്കോ തുടങ്ങിയ വമ്പൻമാരെല്ലാമുണ്ട്‌. ഗ്രൂപ്പിലെ മികച്ച രണ്ടാംസ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ആഗസ്‌ത്‌ ഒമ്പതിനാണ്‌ ഫൈനൽ.

തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ഫ്രാൻസാണ്‌ സാധ്യതകളിൽ മുന്നിൽ. മുതിർന്ന മുന്നേറ്റക്കാരൻ അലെസാൻഡ്ര ലക്കസെട്ടയാണ്‌ അവരുടെ ക്യാപ്‌റ്റൻ. മികച്ച യുവതാരങ്ങളാൽ സമ്പന്നമാണ്‌ ആതിഥേയർ. മുൻ താരം ഹാവിയർ മഷ്‌കരാനോ ചുമതലവഹിക്കുന്ന അർജന്റീനയും കരുത്തരാണ്‌. 24ന്‌ ആദ്യകളിയിൽ അർജന്റീനയ്‌ക്ക്‌ മൊറോക്കയാണ്‌ എതിരാളി. ആഗസ്‌ത്‌ ഒമ്പതിനാണ്‌ ഫൈനൽ.

വനിതകളിൽ 12 ടീമുകളാണ്‌. ക്യാനഡയാണ്‌ നിലവിലെ ജേതാക്കൾ. നാലു ടീമുകൾവീതമുള്ള മൂന്നു ഗ്രൂപ്പാണ്‌. ആദ്യ രണ്ട്‌ സ്ഥാനക്കാരും മികച്ച രണ്ട്‌ മൂന്നാംസ്ഥാനും ക്വാർട്ടറിലേക്ക്‌ മുന്നേറും. അമേരിക്ക, ലോക ചാമ്പ്യൻമാരായ സ്‌പെയ്‌ൻ, ബ്രസീൽ ടീമുകളാണ്‌ സ്വർണപ്പോരിനു മുന്നിൽ. അർജന്റീനയ്‌ക്ക്‌ യോഗ്യതയില്ല.

എ ഗ്രൂപ്പ്
-ഫ്രാൻസ്‌, അമേരിക്ക, ഗിനിയ, ന്യൂസിലൻഡ്‌.

ബി ഗ്രൂപ്പ്‌
അർജന്റീന, മൊറോക്കോ, ഇറാഖ്‌, ഉക്രയ്‌ൻ.

സി ഗ്രൂപ്പ്‌
സ്‌പെയ്‌ൻ, ഈജിപ്‌ത്‌, 
ഡൊമിനിക്കൻ റിപ്പബ്ലിക്‌, ഉസ്‌ബക്കിസ്ഥാൻ.

ഡി ഗ്രൂപ്പ്‌
പരാഗ്വേ, മാലി, ഇസ്രയേൽ, ജപ്പാൻ.

 


Olympics In History
Events