ഇന്ത്യയുടെ ആദ്യ മെഡലും ആദ്യ മലയാളിയും
Friday Jul 19, 2024
1900 - ഇന്ത്യയുടെ ആദ്യ മെഡൽ
പാരിസ് വേദിയായ രണ്ടാം ഒളിംപിക്സിൽ 200 മീറ്റർ സ്പ്രിന്റ്, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടിയാണു നോർമൻ ഗിൽബർട്ട് പ്രിച്ചാർഡ് ചരിത്രത്തിന്റെ ഭാഗമായത്. ഇന്ത്യയിൽ ജനിച്ച് ഒളിംപിക് മെഡൽ സ്വന്തമാക്കിയ ആദ്യ താരമാണു പ്രിച്ചാർഡ്. ബ്രിട്ടനെയാണോ ബ്രിട്ടിഷ് ഇന്ത്യയെയാണോ പ്രിച്ചാർഡ് പ്രതിനിധാനം ചെയ്തതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. 1900 ഒളിംപിക്സിലേക്ക് ഇന്ത്യ ഔദ്യോഗികമായി ടീമിനെ അയച്ചിരുന്നുമില്ല. 1857 ജൂൺ 23 ന് കൊൽക്കത്തയ്ക്കു സമീപം ആലിപ്പൂരിലാണ് പ്രിച്ചാർഡ് ജനിച്ചത്.
1920 - ഇന്ത്യയുടെ ‘ആദ്യ’ ഒളിംപിക്സ്
ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ നടന്ന ഒളിംപിക്സിലാണ് ഇന്ത്യ ഔദ്യോഗികമായി ടീമിനെ അയച്ചത്. 6 പേരടങ്ങുന്ന ടീമാണ് അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പൂർമ ബാനർജി, എ. ദത്താർ, പി. എഫ്. ചൗഗുലേ, കെ. കൈക്കാടി എന്നീ അത്‌ലീറ്റുകളും ജി. നവാലെ, എൻ. ഷിൻഡേ എന്നീ റസ്‌ലർമാരും ഉൾപ്പെട്ട ടീമിൽ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ താരമായി മാറിയതു പൂർമ ബാനർജിയാണ്.
1924 - ആദ്യ മലയാളി ഒളിംപ്യൻ
അത്‌ലറ്റിക്സിലും ടെന്നിസിലും പങ്കെടുത്ത ടീമാണ് 1924 ലെ പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. 110 മീറ്റർ ഹർഡിൽസിൽ പങ്കെടുത്ത കണ്ണൂർ സ്വദേശി സി.കെ. ലക്ഷ്മണൻ ഒളിംപിക്സിൽ മത്സരിച്ച ആദ്യ മലയാളിയെന്ന ഖ്യാതി സ്വന്തമാക്കി. ഇന്ത്യയെ പ്രതിനിധാനം ചെയ്തൊരു വനിത ആദ്യമായി ഒളിംപിക്സിൽ പങ്കെടുത്തതും ഈ മേളയിലായിരുന്നു. സിംഗിൾസിലും മിക്സ്ഡ് ഡബിൾസിലും പങ്കെടുത്ത ടെന്നിസ് താരം നോറ മാർഗരറ്റ് പോളിയാണ് ആ വനിത.