പാരീസിൽ പ്രതീക്ഷയായ് കേരളത്തിൽ നിന്നും ഏഴുപേർ
Friday Jul 19, 2024
ജൂലായ് 26-ന് തുടങ്ങുന്ന പാരിസ് ഒളിമ്പിക്സിൽ മത്സരിക്കാൻ കേരളത്തിൽനിന്ന് ഏഴുപേരാണുള്ളത്. പരുഷന്മാരുടെ 4x400 റിലേ ടീം അംഗങ്ങളായി വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നീ താരങ്ങളാണ്.
ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റൺ സിംഗിൽസിൽ എച്ച്.എസ്. പ്രണോയ് എന്നിവരാണ് മറ്റുമൂന്നുപേർ.
2020 ടോക്യോ ഒളിമ്പിക്സിൽ ഒൻപതു മലയാളികൾ മത്സരിച്ചിരുന്നു. പാരീസ് ഒളിമ്പിക്സിന് യോഗ്യതനേടിയ ആദ്യമലയാളി പാലക്കാടുകാരൻ എം. ശ്രീശങ്കറായിരുന്നു. ലോങ്ജംപിൽ ഏഷ്യൻ ഗെയിസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളിജേതാവായ ശ്രീശങ്കർ, രണ്ടുമാസംമുൻപുണ്ടായ പരിക്കിനെത്തുടർന്ന് ഒളിമ്പിക്സിൽനിന്ന് പിന്മാറി.
ഒറ്റവനിതയും ഇല്ല
തുടർച്ചയായ രണ്ടാംതവണയും ഇന്ത്യൻ ടീമിൽ മലയാളി വനിതകളില്ല. പി.ടി. ഉഷ, ഷൈനി വിത്സൻ, അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ് തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിച്ച സ്ഥാനത്താണ് ഈ അവസ്ഥ.