ഒളിമ്പിക്സ് സിറ്റിയിൽ താരങ്ങളെത്തി

അതിർത്തികൾ മായ്ഞ്ഞു; സീൻ നദിക്കരയിലെ പാർപ്പിടങ്ങൾ സജീവമായി

Saturday Jul 20, 2024

ഒരു നൂറ്റാണ്ടിനുശേഷം ഒളിമ്പിക്‌സിനെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ്‌ ഫ്രഞ്ച്‌ ജനത. ഇത്‌ മൂന്നാംതവണയാണ്‌ പാരിസ്‌ വേദിയാകുന്നത്‌. ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ വന്നതോടെ കനത്ത സുരക്ഷയിലാണ്‌ നഗരം. ഒളിമ്പിക്‌സ്‌ ഗ്രാമത്തിൽ അത്‌ലീറ്റുകൾ താമസം തുടങ്ങി.

എല്ലാ സൗകര്യങ്ങളും സമന്വയിപ്പിച്ച് ഒരു കൊച്ചു നഗരംതന്നെ പടുത്തുയർത്തിയിട്ടുണ്ട്‌. 54 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒളിമ്പിക്സ് സിറ്റി 20,000 പേരെ ഉൾക്കൊള്ളുന്നതാണ്‌. സെൻ നദിക്കരയിൽ പരിസ്ഥിതിസൗഹൃദമായാണ്‌ രൂപകൽപ്പന. 3200 പേർക്ക്‌ ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്‌. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രവും ജിമ്മും സവിശേഷതയാണ്‌. എല്ലാസാധനങ്ങളും ലഭ്യമാകുന്ന വിശാലമായ സൂപ്പർമാർക്കറ്റുമുണ്ട്‌.

രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി പ്രസിഡന്റ്‌ തോമസ്‌ ബാക്‌ അത്‌ലീറ്റുകളെ വരവേറ്റു. 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ ഒളിമ്പിക്‌സ്‌. മത്സരങ്ങൾ 24ന്‌ തുടങ്ങും. ഫുട്‌ബോളും റഗ്‌ബിയുമായാണ്‌ ആദ്യ ഇനങ്ങൾ. ഫുട്‌ബോൾ ഏഴ്‌ വേദികളിലാണ്‌ നടക്കുന്നത്‌. ഇന്ത്യയുടെ മത്സരങ്ങൾ 25ന്‌ ആരംഭിക്കും. അമ്പെയ്‌ത്താണ്‌ ആദ്യ ഇനം.

കായികതാരങ്ങളുടെ മാർച്ച്‌പാസ്‌റ്റ്‌ ഇത്തവണത്തെ അത്ഭുതക്കാഴ്‌ചയാകും. പാരിസ്‌ നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിലൂടെ ബോട്ടിലെത്തുന്ന അത്‌ലീറ്റുകൾ ലോകത്തെ അഭിവാദ്യം ചെയ്യും. ചരിത്രത്തിലാദ്യമായാണ്‌ ഉദ്‌ഘാടനച്ചടങ്ങുകൾ സ്‌റ്റേഡിയത്തിനുപുറത്ത്‌ നടക്കുന്നത്‌.

മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്‌സാണ്‌ ഇത്തവണത്തേത്‌. 32 കായിക ഇനങ്ങളിലായി 329 സ്വർണമെഡലുകൾ നിശ്‌ചയിക്കപ്പെടും. 206 രാജ്യങ്ങളിലെ 10,714 അത്‌ലീറ്റുകൾ  മാറ്റുരയ്‌ക്കും.


Olympics In History
Events