പശുവിനെ വിറ്റ് അച്ഛൻ നൽകിയ കിറ്റുമായി ഇന്ത്യൻ ഹോക്കിയുടെ നെറുകയിലേക്ക്‌

Monday Jul 22, 2024
കെ ഭരത്
P R Sreejesh www.facebook.com/photo


‘അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ പടിയിൽ നിൽക്കുമ്പോൾ, എന്റെ ഹൃദയം നന്ദി കൊണ്ട് വീർപ്പുമുട്ടുന്നു. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു. പുതിയത് ആരംഭിക്കുകയായി' - പാരിസ് ഒളിമ്പിക്സിന് മുന്നോടിയായി ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പി ആർ ശ്രീജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

രണ്ടു പതിറ്റാണ്ടിനടുത്തായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ് ശ്രീജേഷ്. 2006 ലാണ് ഈ എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. എറണാകുളം കിഴക്കമ്പലത്തു നിന്ന് രാജ്യാന്തര ഹോക്കിയുടെ നെറുകയിലെത്തിയ ശ്രീജേഷിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. 

കുടുംബമായിരുന്നു ശ്രീജേഷിന് എന്നും കരുത്ത്. കൃഷിക്കാരനായ അച്ഛൻ പി വി രവീന്ദ്രൻ വീട്ടിലെ പശുവിനെ വിറ്റായിരുന്നു മകന് ആദ്യമായി ഗോൾകീപ്പിങ് കിറ്റ് വാങ്ങി നൽകിയത്.

ഹോക്കിയായിരുന്നില്ല കുട്ടിക്കാലത്ത് ശ്രീജേഷിന്റെ ഇഷ്ടവിനോദം. അത്‌ലറ്റിക്‌സിലും വോളിബോളിലും ബാസ്‌കറ്റ് ബോളിലുമായിരുന്നു കമ്പം. സ്‌പോർട്‌സിലെ അഭിരുചി തിരിച്ചറിഞ്ഞ അധ്യാപകർ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലേക്ക് അയച്ചത് വഴിത്തിരിവായി. അവിടെവച്ചാണ് ഹോക്കി സ്റ്റിക് ആദ്യമായി തൊടുന്നത്. എട്ടാം ക്ലാസുകാരന്റെ ഊർജം കണ്ട് പരിശീലകൻ ജയകുമാർ വല കാക്കാൻ ഏൽപ്പിക്കുകയായിരുന്നു.

2003ൽ ദേശീയ ജൂനിയർ ക്യാമ്പിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. സമർപ്പണവും നിശ്ചയദാർഢ്യവും മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ കുപ്പായത്തിലെത്തിച്ചു. പിന്നീട് 18 വർഷം ഇന്ത്യൻ ഹോക്കിയുടെ സുവർണകാലം വീണ്ടെടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി. പലകളികളിലും ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിച്ചു. ലണ്ടൻ, റിയോ ഒളിമ്പിക്‌സ് സംഘത്തിലെ ഒന്നാം നമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർ വരെ എത്തിയ ടീമിന്റെ ക്യാപ്റ്റനായി. ടോക്യോയിലും ആ കൈകൾ ചോർന്നില്ല. വെങ്കലം നേടിയ ശേഷം ഇനി എനിക്ക് ചിരിക്കാമെന്നാണ് ശ്രീജേഷ് ട്വിറ്ററിൽ കുറിച്ചത്.

328 മത്സരങ്ങളിൽ രാജ്യത്തിന്റെ വല കാത്തു. രണ്ടുതവണ ഏഷ്യൻ ഗെയിൽസിൽ സ്വർണം നേടി. രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും പങ്കാളിയായി. രാജ്യത്തെ മികച്ച കായികതാരത്തിനുള്ള ഖേൽ രത്ന പുരസ്കാരവും തേടിയെത്തി. 2015ൽ അർജുന അവാർഡും 2017ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു.

പാരിസിൽ തന്റെ നാലാമത്തെ ഒളിമ്പിക്‌സിനിറങ്ങുമ്പോൾ 2020ൽ നേടിയ വെങ്കലത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ്‌ ഇത്തവണത്തെ ശ്രീജേഷിന്റെ പ്രതീക്ഷ.


Olympics In History
Events