മാർച്ച്‌പാസ്‌റ്റ്‌ കളറാകും; താരങ്ങൾ സെൻ നദിയിൽ ഒഴുകിയെത്തും

Wednesday Jul 24, 2024

ഒളിമ്പിക്‌സ്‌ സ്‌റ്റേഡിയത്തിൽ നടക്കാറുള്ള അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്‌റ്റ്‌ ഇക്കുറി നദിയിലാണ്. ഏകദേശം 7000 അത്‌ലീറ്റുകൾ 160 കൂറ്റൻ ബോട്ടുകളിലെത്തും. പാരിസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ ആറ്‌ കിലോമീറ്ററാണ്‌ അത്‌ലീറ്റുകൾ സഞ്ചരിക്കുക.

ഓസ്‌റ്റർ ലിറ്റ്‌സ്‌ പാലത്തിനടുത്തുനിന്ന്‌ തുടങ്ങുന്ന ‘ബോട്ട്‌മാർച്ച്‌’ ഈഫൽ ഗോപുരത്തിന്‌ അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ സ്‌ക്വയറിൽ അവസാനിക്കും. ഇവിടെ അത്‌ലീറ്റുകൾ ഒത്തുകൂടും.

ഇന്ത്യൻ സമയം വെള്ളി രാത്രി 11ന്‌ തുടങ്ങുന്ന  ഉദ്‌ഘാടനച്ചടങ്ങുകൾ മൂന്നു മണിക്കൂർ ഉണ്ടാവും. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ ഒളിമ്പിക്‌സ്‌ തുടക്കം പ്രഖ്യാപിക്കും. നൂറോളം ലോക നേതാക്കൾ പങ്കെടുക്കും.


പാരിസിൽ ഒളിമ്പിക്‌സ്‌ ദീപം കൊളുത്തുന്നത്‌ ആരായിരിക്കുമെന്ന സസ്‌പെൻസ്‌ ബാക്കി. ഫ്രാൻസിന്റെ ഇതിഹാസതാരങ്ങൾക്കായിരിക്കും അവസരം. കായികതാരങ്ങൾ അല്ലാത്തവരെ പരിഗണിക്കുമോയെന്ന്‌ വ്യക്തമല്ല. കായികരംഗത്തുനിന്ന്‌ രണ്ടു പേരുകളാണ്‌ സജീവം. മൂന്ന്‌ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ അത്‌ലീറ്റ്‌ മേരി ജോസ്‌ പെരകാണ്‌ അതിലെ പ്രധാനി. അമ്പത്താറുകാരി മേരി, 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. 1996ൽ അറ്റ്‌ലാന്റയിൽ 200, 400 മീറ്റർ ജയിച്ച്‌ സ്വർണ ഡബിൾ തികച്ചു.

ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പേരാണ്‌ മറ്റൊന്ന്‌. 1998ൽ ഫ്രാൻസിന്‌ ആദ്യമായി ഫുട്‌ബോൾ ലോകകപ്പ്‌ നേടിക്കൊടുത്തതിൽ പ്രധാനി. കളിക്കാരനായും ക്യാപ്‌റ്റനായും പരിശീലകനായും തിളങ്ങിയ അമ്പത്തിരണ്ടുകാരനെ പരിഗണിച്ചാൽ അത്ഭുതം വേണ്ട.


 


Olympics In History
Events