ഒളിമ്പിക്‌സ്‌ ഫുട്‌ബോൾ; അർജന്റീനയ്‌ക്ക്‌ തോൽവി, സ്‌പെയ്‌നിന്‌ വിജയം

Wednesday Jul 24, 2024
PHOTO: Facebook

പാരിസ്‌ > കളത്തിൽ വിറച്ചുപോയ അർജന്റീനയെ കണ്ടാണ്‌ ഒളിമ്പിക്‌സ്‌ ഫുട്‌ബോളിന്‌ തുടക്കം. ലോകവേദിയിലെ അപ്രമാദിത്വം തുടരാൻ ഒളിമ്പിക്‌സിനെത്തിയ ലാറ്റിനമേരിക്കൻ കരുത്തരെ മൊറോക്കോ 2-1ന്‌ തോൽപ്പിച്ചു. ഇരട്ടഗോളുമായി സൂഫിയാനെ റഹീമിയാണ്‌ മൊറോക്കോയുടെ വിജയശിൽപ്പി. 

ഓഫ്‌സൈഡ്‌ കുരുക്ക്‌; അർജന്റീനയുടെ ‘സമനില’ തെറ്റി, മൊറോക്കോയ്ക്ക് ജയം

രണ്ടുതവണ ഒളിമ്പിക്‌ ചാമ്പ്യൻമാരായ അർജന്റീന നിലവിൽ ലോകജേതാക്കളാണ്‌. കഴിഞ്ഞയാഴ്‌ച കോപ അമേരിക്കയിലും കിരീടമുയർത്തി. ലോകകപ്പ്‌ ചൂടിയ സംഘത്തിലെ മൂന്നു താരങ്ങളുമായാണ്‌ അവർ മൊറോക്കോയെ നേരിട്ടത്‌. മുതിർന്ന താരം നിക്കോളാസ്‌ ഒട്ടമെൻഡിയും ജൂലിയൻ അൽവാരസും തിയാഗോ അൽമാഡയും കളത്തിലെത്തി.

ഖത്തർ ലോകകപ്പിൽ സെമിവരെ കുതിച്ച്‌ അത്ഭുതപ്പെടുത്തിയ മൊറോക്കോ യുവതാരങ്ങളുമായെത്തി കളംപിടിച്ചു. മുൻതാരം ഹാവിയർ മഷ്‌കരാനോ പരിശീലിപ്പിക്കുന്ന അർജന്റീനയായിരുന്നു കടലാസിൽ പുലികൾ. ക്യാപ്‌റ്റൻ അഷ്‌റഫ്‌ ഹക്കീമിയാണ്‌ മൊറോക്കൻ നിരയിലെ ഏക സൂപ്പർതാരം. ഒന്നാംപകുതിയുടെ ഇടവേളയിലായിരുന്നു സൂഫിയാന്റെ ആദ്യഗോൾ. ഇടവേള കഴിഞ്ഞെത്തിയ ഉടൻ പെനൽറ്റിയിലൂടെ ലീഡുയർത്തി. പതറിപ്പോയ അർജന്റീന തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. ഗിലിയാനോ സിമിയോണിയിലൂടെ 68–-ാംമിനിറ്റിൽ ഗോൾമടക്കി. മുൻതാരവും അത്‌ലറ്റികോ മാഡ്രിഡ്‌ ക്ലബ്ബിന്റെ പരിശീലകനുമായ ദ്യോഗോ സിമിയോണിയുടെ മകനാണ്‌ ഗിലിയാനോ. പകരക്കാരനായെത്തിയാണ്‌ ലക്ഷ്യംകണ്ടത്‌. സമനില പിടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം പിടിച്ചുനിന്നു. 15 മിനിറ്റായിരുന്നു അധികമായി അനുവദിച്ചത്‌. അവസാനനിമിഷം തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ മെദീന സമനില സമ്മാനിച്ചെങ്കിലും മത്സരശേഷം ഗോൾ ഓഫ്സെെഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

ശനിയാഴ്‌ച ഇറാഖുമായാണ്‌ അർജന്റീനയുടെ അടുത്ത കളി. മൊറോക്കോ അന്നുതന്നെ ഉക്രയ്‌നെ നേരിടും.

മറ്റൊരു മത്സരത്തിൽ സ്‌പെയ്‌ൻ 2–-1ന്‌ ഉസ്‌ബക്കിസ്ഥാനെ വീഴ്‌ത്തി. സ്‌പെയ്‌നിനായി പുബിൽ ആണ്‌ ആദ്യ ഗോൾ നേടിയത്‌. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ എൽദോർ ഷൊമുറോദോവിലൂടെ ഉസ്‌ബകിസ്ഥാൻ തിരിച്ചടിച്ചു. തുടർന്ന്‌ സെർജിയോ ഗോമസിലൂടെ സ്‌പെയ്‌ൻ വിജയഗോൾ നേടി. സ്‌പെയ്‌നിനായി പൗ കുബാർസിയ, എറിക്‌ ഗാർഷ്യ, അർനൗ ടെനാസ്, അലക്‌സ്‌ ബേന എന്നിവർ കളത്തിലിറങ്ങി.

 ഇന്ന്‌ വനിതാ ഫുട്‌ബോൾ ആരംഭിക്കും. ബ്രസീൽ–-നൈജീരിയ, ജർമനി–-ഓസ്‌ട്രേലിയ, സ്‌പെയ്‌ൻ–-ജപ്പാൻ, ക്യാനഡ–-ന്യൂസിലൻഡ്‌ പോരാട്ടങ്ങളാണുള്ളത്‌.

 

 


Olympics In History
Events