ശ്രീശങ്കർ ഒളിമ്പിക്‌സ് കമന്റേറ്റർ
Thursday Jul 25, 2024
കൊച്ചി > ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ സങ്കടം തീർക്കാൻ പുതിയ വേഷത്തിൽ ലോങ്ജമ്പ് താരം എം ശ്രീശങ്കർ. ഒളിമ്പിക്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലിന്റെ കമന്റേറ്ററാണ്. പുതിയ ചുമതലക്കായി ശ്രീശങ്കറും അഛൻ എസ് മുരളിയും മുംബൈയിലെത്തി. ഇന്ത്യയിൽനിന്നും പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ട്രാക്ക് ആന്റ് ഫീൽഡ് താരമാണ്. എന്നാൽ പരിശീലനത്തിനിടെ പരിക്കേറ്റ് ടീമിൽനിന്നും പുറത്തായി.
ഒളിമ്പിക്‌സിന് തയ്യാറെടുക്കവെ ഏപ്രിലിലാണ് ഇടത്തേകാലിന് പരിക്കേറ്റത്. പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്ത് വാംഅപ്പിനായി നടത്തിയ ചെറിയ ചാട്ടമാണ് അപ്രതീക്ഷിത പരിക്കിന് കാരണമായത്. തുടർന്ന് ദോഹയിലെ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനായി. തുടർചികിത്സക്കും വിശ്രമത്തിനുശേഷം പരിക്ക് ഭേദപ്പെട്ടു. സെപ്‌തംബറിൽ പരിശീലനം തുടങ്ങും. അടുത്തവർഷം ജൂണിൽ കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷ. 2025 സെപ്‌തംബറിൽ ടോക്യോയിൽ നടക്കുന്ന ലോകചാപ്യൻഷിപ്പാണ് ലക്ഷ്യം.