ലിബ്രോൺ ജയിംസ് അമേരിക്കൻ പതാകയേന്തും
Thursday Jul 25, 2024
പാരിസ് > കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ഒന്നാമതെത്തിയ അമേരിക്കയുടെ പതാകയേന്തുന്നത് ഇക്കുറി ബാസ്‌കറ്റ്‌ബോൾ ഇതിഹാസം ലിബ്രോൺ ജയിംസാണ്. വനിതാ ടെന്നീസ് താരം കൊകൊ ഗഫിനൊപ്പമാണ് മുപ്പത്തൊമ്പതുകാരൻ മാർച്ച്‌പാസ്റ്റിൽ നയിക്കുക. നാലുതവണ അമേരിക്കയിലെ എൻബിഎ ലീഗ് ചാമ്പ്യനായ ലിബ്രോൺ എക്കാലത്തെയും മികച്ച സ്‌കോറർകൂടിയാണ്. ഇത് നാലാം ഒളിമ്പിക്‌സാണ്. 2004ൽ ഏതൻസിൽ വെങ്കലം നേടി. 2008ലും 2012ലും സ്വർണം നേടിയ ടീമിന്റെ ഭാഗമായി. ഒളിമ്പിക്‌സിൽ അമേരിക്കൻ പതാകയേന്തുന്ന മൂന്നാമത്തെ ബാസ്‌കറ്റ്‌ബോൾ താരമാണ്. ആദ്യ പുരുഷ കളിക്കാരനും.