സ്‌റ്റിക്ക് എടുക്കാം, ശ്രീജേഷിനായി
Friday Jul 26, 2024
പാരിസ്
ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലെ സുവർണകാലം ഓർമിച്ച് ഇന്ത്യ ഇന്നു തുടങ്ങുന്നു. ആദ്യമത്സരത്തിൽ ഇന്നു രാത്രി ഒമ്പതിന് ന്യൂസിലൻഡാണ് എതിരാളി. ഈ ഒളിമ്പിക്‌സോടെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് സമർപ്പിക്കുന്നതായി ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഗ്രൂപ്പിൽ ബൽജിയം, ഓസ്‌ട്രേലിയ, അർജന്റീന, അയർലൻഡ് എന്നീ ടീമുകളുമുണ്ട്. ഇത്തവണ 12 ടീമുകൾ രണ്ടു ഗ്രൂപ്പിലാണ്. ഒരു ഗ്രൂപ്പിൽനിന്ന് നാലു ടീമുകൾ ക്വാർട്ടറിലെത്തും.
എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഇതുവരെ നേടിയിട്ടുണ്ട്. അവസാന സ്വർണം 1980 മോസ്‌കോയിലാണ്. 1928 മുതൽ തുടർച്ചയായി ആറ് ഒളിമ്പിക്‌സിലും സ്വർണം നേടി. തുടർച്ചയായി 30 വിജയമാണ് സ്വന്തമാക്കിയത്. ഇതുവരെ 134 മത്സരങ്ങൾ കളിച്ചതിൽ 83 ജയം. 458 ഗോളുകൾ അടിച്ചു. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു. 41 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഹോക്കിയിലെ മെഡൽ.
കഴിഞ്ഞതവണ ടോക്യോയിൽ സെമിയിൽ ചാമ്പ്യൻമാരായ ബൽജിയത്തോട് തോൽക്കുകയായിരുന്നു. ലൂസേഴ്‌സ് ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് വെങ്കലം സ്വന്തമാക്കി.