പുഴയൊരുത്സവപ്പറമ്പ്‌ ; പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു

Saturday Jul 27, 2024

പാരിസ്‌
സെൻനദിയും തീരവും ഉത്സവപ്പറമ്പായി. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനച്ചടങ്ങുകൾ സ്‌റ്റേഡിയത്തിന്‌ പുറത്തെത്തിയപ്പോൾ അവിസ്‌മരണീയ കാഴ്‌ചകളുമായി പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു. നഗരമാകെ ഉദ്‌ഘാടനത്തിന്റെ അരങ്ങായി മാറി. ബോട്ടിൽ ഒഴുകിയെത്തിയ അത്‌ലീറ്റുകളെ നദിക്കരയിൽ നിറഞ്ഞ കാണികൾ കരഘോഷത്തോടെ വരവേറ്റു.  മഴയെ അവഗണിച്ച്‌ സമീപത്തെ കെട്ടിടങ്ങളിലും കാണികൾ നിറഞ്ഞു. പാട്ടും നൃത്തവുമായി നദിക്കര സജീവമായിരുന്നു. 

സെൻനദിക്കുകുറുകെയുള്ള പാലത്തിൽ ഫ്രഞ്ച്‌ ദേശീയപതാകയുടെ നിറത്തിൽ വർണ്ണക്കാഴ്‌ചയൊരുക്കിയതോടെ ഗ്രീസ്‌ ടീമിനെയും വഹിച്ചുകൊണ്ടുള്ള ആദ്യബോട്ട്‌ എത്തി. ഇരുവശത്തുനിന്നും ‘വാട്ടർ സല്യൂട്ട്‌’ നൽകിയായിരുന്നു സ്വീകരണം. തൊട്ടുപിന്നാലെ അഭയാർഥി ടീം.  മസോമ അലി സാദയാണ് ടീമിനെ നയിച്ചത്‌. പിന്നീട്‌ അക്ഷരമാലാക്രമത്തിൽ ടീമുകൾ അണിനിരന്നു. ഉദ്‌ഘാടനച്ചടങ്ങിനിടെ മഴയെത്തിയെങ്കിലും ആവേശത്തിന്‌ ഒട്ടുംകുറവുണ്ടായില്ല. വിവിധ രാജ്യങ്ങളെയും വഹിച്ചുകൊണ്ടുള്ള ബോട്ടുകൾ നദിയിലൂടെ നീങ്ങുന്നതിനിടെ ആവേശംകൊള്ളിച്ച്‌ അമേരിക്കൻ പോപ്‌ ഗായിക ലേഡി ഗാഗയുടെ സംഗീതവിരുന്ന്‌ അരങ്ങേറി. തൊട്ടുപിന്നാലെ നൂറോളം കലാകാരൻമാർ ഫ്രാൻസിലെ പരമ്പരാഗതമായ ‘ദി കാൻ കാൻ കാബരെറ്റ്‌’ സംഗീതം അവതരിപ്പിച്ചു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ, രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റ്‌ പ്രസിഡന്റ്‌ തോമസ്‌ ബാഷ്‌ തുടങ്ങി നൂറിലേറെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ലോകത്തിനുമുന്നിൽ വാഴ്‌ത്തിപ്പാടിയ ഫ്രാൻസ്‌, ഉദ്‌ഘാടനച്ചടങ്ങിലും പാരമ്പര്യം കാത്തു. ഫ്രഞ്ച്‌വിപ്ലവവും സാഹിത്യവും ചിന്തയും കലയുമെല്ലാം അരങ്ങിലെത്തി. ഒളിമ്പിക്‌ ഗ്രാമമടക്കം ഒരുക്കിയ തൊഴിലാളികൾക്ക്‌ നൃത്തശിൽപ്പത്തിലൂടെ ആദരമർപ്പിക്കാനും സംഘാടകർ മറന്നില്ല.  നദിയും പരിസരപ്രദേശങ്ങളും പൂർണമായും ഉൾക്കൊണ്ടാണ്‌ ചടങ്ങുകൾ പുരോഗമിച്ചത്‌. ഫ്രാൻസിൽ വിവിധ മേഖലകളിൽ പ്രശസ്‌തരായവരെ ചടങ്ങിനിടെ ലോകത്തിന്‌ പരിചയപ്പെടുത്താനും സംഘാടകർ മറന്നില്ല.

സെൻ 
നദിയൊരു അൽഭുതം
സെൻ നദിയിലൂടെ അത്‌ലീറ്റുകൾ ആറ്‌ കിലോമീറ്ററാണ്‌ സഞ്ചരിച്ചത്‌. മലിനമായിരുന്ന നദി ഒളിമ്പിക്‌സിനുവേണ്ടിയാണ്‌ ശുദ്ധമാക്കിയത്‌. ഉദ്‌ഘാനച്ചടങ്ങ്‌ കൂടാതെ മാരത്തൺ നീന്തലും ഇവിടെയാണ്‌.  മലിനീകരണത്തെ തുടർന്ന്‌ ഒരുനൂറ്റാണ്ടായി നദിയിൽ നീന്തലിന്‌ വിലക്കുണ്ട്‌. വെള്ളത്തിൽ ഇ കോളി ബാക്‌റ്റീരിയയുടെ അളവ്‌ കൂടുതലാണെന്ന്‌ കണ്ടെത്തിയിരുന്നു. ശുദ്ധീകരണത്തിനായി ഏകദേശം 15,000 കോടി രൂപ ചെലവിട്ടെന്നാണ്‌ കണക്ക്‌.നദി ശുദ്ധമാണെന്ന്‌ തെളിയിക്കാൻ മേയറായ ആൻ ഹിഡാൽഗോയും ഒളിമ്പിക്‌സ്‌ സംഘാടകസമിതി തലവൻ ടോണി എസ്‌റ്റാൻഗുട്ടും നീന്തിയിരുന്നു. നദി പൂർണശുദ്ധമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നുമുള്ള മേയറുടെ പ്രതികരണം വലിയ വാർത്തയായിരുന്നു.

മഴയിൽ 
നനഞ്ഞ്‌ 
അത്‌ലീറ്റുകൾ
ലോകത്തെ വിസ്‌മയിപ്പിച്ച ഉദ്‌ഘാടനച്ചടങ്ങിനിടെ മഴയെത്തിയെങ്കിലും ആവേശം ഒട്ടുംചോരാതെ അത്‌ലീറ്റുകൾ മാർച്ച്‌പാസ്റ്റിൽ അണിനിരന്നു. കുട ചൂടിയും മഴക്കോട്ട്‌ അണിഞ്ഞുമാണ്‌ കാണികൾ ആവേശക്കാഴ്‌ചകൾ ആസ്വദിച്ചത്‌. മഴയെത്തുടർന്ന്‌ മീഡിയ റൂമിൽ അൽപ്പസമയം വൈദ്യുതി മുടങ്ങിയെങ്കിലും ഉടൻ പരിഹരിച്ചു. ഉദ്‌ഘാടനത്തിനിടെ മഴയെത്തുമെന്ന്‌ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.

ഇന്ത്യയെ നയിച്ച്‌ 
സിന്ധുവും 
ശരത്‌ കമലും
സെൻനദിയിലെ  മാർച്ച്‌പാസ്‌റ്റിൽ ഇന്ത്യയെ ബാഡ്‌മിന്റൺ കളിക്കാരി പി വി സിന്ധുവും ടേബിൾ ടെന്നീസ്‌ താരം ശരത്‌ കമലും നയിച്ചു. ദേശീയപതാകയുമായി അത്‌ലീറ്റുകൾ ബോട്ടിൽ നിറഞ്ഞു. ഇന്ത്യക്കൊപ്പം ഇന്തോനേഷ്യയും ഇറാനും കൂറ്റൻ ബോട്ടിലുണ്ടായിരുന്നു. ഇന്ത്യയുടെ 117 അംഗ ടീമിൽ ഇന്ന്‌ മത്സരമുള്ള കളിക്കാർ മാർച്ച്‌പാസ്‌റ്റിനുണ്ടായിരുന്നില്ല.  പുരുഷ ഹോക്കി ടീമും ഉദ്‌ഘാടനച്ചടങ്ങ്‌ ഒഴിവാക്കി. 78 ഇന്ത്യൻ താരങ്ങളാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. 

ഇന്ത്യയെ നയിക്കാനായത്‌ അഭിമാനകരമാണെന്ന്‌ സിന്ധുവും ശരതും  പറഞ്ഞു. വെള്ള സാരിയുടുത്ത്‌ വനിതാ താരങ്ങൾ അണിനിരന്നപ്പോൾ തൂവെള്ള കുർത്തയിലാണ്‌ പുരുഷ താരങ്ങൾ മാർച്ച്‌ പാസ്റ്റിനെത്തിയത്‌. പാരിസിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ എത്തുന്നത്. ടോക്യോയിൽ ഒരു സ്വർണം ഉൾപ്പെടെ ഏഴ് മെഡലായിരുന്നു നേടിയത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര അഭിമാനമായി.

 

 

 


Olympics In History
Events