പ്രകാശം പരക്കട്ടെ ; പാരിസിൽ ഒളിമ്പിക് ദീപം തെളിഞ്ഞു
Saturday Jul 27, 2024
പാരിസ്
ഒരുമയുടെ സന്ദേശവുമായി പാരിസിൽ ഒളിമ്പിക് ദീപം തെളിഞ്ഞു. ഫ്രാൻസിന്റെ ഒളിമ്പിക് ജേതാക്കളായ മേരി ജോസ് പെരക്കും ടെഡ്ഡി റൈനറും ചേർന്ന് കൊളുത്തിയ ദീപം ജ്വലിച്ചു. അമ്പത്താറുകാരിയായ പെരക് 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിലെ 400 മീറ്റർ ചാമ്പ്യനാണ്. 1996ൽ അറ്റ്‌ലാന്റയിൽ 200, 400 മീറ്റർ ജയിച്ച് ഡബിൾ തികച്ചു. ജുഡോ താരമായ ടെഡ്ഡിക്ക് മൂന്ന് ഒളിമ്പിക് സ്വർണവും 11 ലോക ചാമ്പ്യൻഷിപ്പുമുണ്ട്. ഈ ഒളിമ്പിക്‌സിലും മുപ്പത്തഞ്ചുകാരൻ പങ്കെടുക്കുന്നു.
ഒളിമ്പിക് പതാകയുമായി സെൻ നദിയിലൂടെ യന്ത്രക്കുതിരയിൽ പാഞ്ഞുവന്ന പെൺകുട്ടിയിലൂടെ ഫ്രാൻസ് ലോകത്തെ അമ്പരപ്പിച്ചു. ഒളിമ്പിക് വേദിയിലെത്തിയപ്പോൾ കുതിരയ്‌ക്ക് ‘ജീവൻവച്ചു’. യോദ്ധാവിന്റെ വേഷത്തിലെത്തിയ പെൺകുട്ടിയിൽനിന്ന് ഏറ്റുവാങ്ങിയ പതാക ഒളിമ്പിക് വേദിയിൽ ഉയർത്തി. സുരക്ഷാഭീഷണിയുള്ളതിനാൽ തുറന്ന വേദിയിലെ ഉദ്ഘാടനത്തിൽനിന്ന് പിന്മാറണമെന്ന് അഭിപ്രായമുയർന്നെങ്കിലും സംഘാടകർ പിന്തിരിഞ്ഞില്ല. പിന്നീട് നടന്നത് ചരിത്രം.
സെൻ നദിയിലെ ബോട്ട് പര്യടനത്തിനൊടുവിൽ അത്‌ലീറ്റുകൾ ഈഫൽ ഗോപുരത്തിന് അരികിലുള്ള ദ്രൊക്കാർഡെറോ ഉദ്യാനത്തിൽ സംഗമിച്ചശേഷമാണ് ദീപം തെളിഞ്ഞത്. ഔദ്യോഗിക ഉദ്‌ഘാടനത്തിനുശേഷം ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ ഒളിമ്പിക് ദീപശിഖ ഏറ്റുവാങ്ങി. പിന്നീട് സ്‌പാനിഷ് ടെന്നീസ് താരം റാഫേൽ നദാലിന് കൈമാറി. അമേരിക്കൻ സ്‌പ്രിന്റ് ഇതിഹാസം കാൾ ലൂയിസ്, റുമാനിയൻ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചി, അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസ് എന്നിവരോടൊപ്പം സെൻ നദിയിലൂടെ തുറന്ന ബോട്ടിൽ ദീപശിഖയുമായി നദാൽ സഞ്ചരിച്ചു. കരയിലെത്തിച്ച ദീപശിഖ ഫ്രഞ്ച് പാരാലിമ്പിക്, ഒളിമ്പിക് താരങ്ങളിലൂടെ കൈമാറി മേരി ജോസ് പെരക്കിന്റെയും ടെഡ്ഡി റൈനറുടെയും കൈകളിൽ എത്തിച്ചു.