ഒളിമ്പിക് ദീപം കൊളുത്തിയത് പെരക്കും ടെഡ്ഡിയും
Saturday Jul 27, 2024
പാരിസ് > നാലുമണിക്കൂർ നീണ്ട ഉദ്‌ഘാടന ചടങ്ങിനൊടുവിൽ ഫ്രാൻസിന്റെ ഒളിമ്പിക് ജേതാക്കളായ മേരി ജോസ് പെരക്കും ടെഡ്ഡി റൈനറും ചേർന്ന് ദീപം കൊളുത്തി. അമ്പത്താറുകാരിയായ പെരക് 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ 400 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്. 1996ൽ അത്‌ലാന്റയിൽ 200, 400 മീറ്റർ ജയിച്ച് ഡബിൾ തികച്ചു. 35കാരനായ ടെഡ്ഡിയ്‌ക്ക് മൂന്ന് ഒളിമ്പിക് സ്വർണ്ണവും 11 ലോകചാമ്പ്യൻഷിപ്പുമുണ്ട്. ഇവർ കൊളുത്തിയ ബലൂൺ വാനിലേക്ക് പറന്നുയർന്നു.
സെൻ നദിയിലൂടെയുള്ള ബോട്ട് പര്യടനത്തിന് ശേഷം അത്‌ലീറ്റുകൾ ഈഫൽ ഗോപുരത്തിന് അരികിലുള്ള ദ്രൊക്കാർഡെറോ ഉദ്യാനത്തിൽ സംഗമിച്ചശേഷമായിരുന്നു ദീപം തെളിഞ്ഞത്. യന്ത്രക്കുതിപ്പുറത്ത് ഒളിമ്പിക്‌സ് പതാകയും വേദിയിലെത്തിച്ചു. സംഘാടകസമിതി തലവൻ ടോണി എസ്റ്റാൻബുട്ട് പാരിസിലേക്ക് ഏവരെയും സ്വാഗതം ചെയ്‌തു. രാജ്യാന്തര ഒളിമ്പിക് സമിതി പ്രസിഡന്റ് തോമസ് ബാക്ക് സംസാരിച്ചു. ഒളിമ്പിക് സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉദ്‌ഘാടനം ചെയ്‌തു. അത്‌ലീറ്റുകൾ ഒളിമ്പിക് പ്രതിജ്ഞയെടുത്തു. തുടർന്ന് വേദിയിലെത്തിയ ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ ദീപശിഖ സ്‌പാനിഷ് ടെന്നീസ് താരം റാഫേൽ നദാലിന് കൈമാറി.
ദീപശിഖയുമായി സെൻ നദിയിൽ ബോട്ട്‌യാത്ര നടത്തിയ നദാലിനെ അമേരിക്കയുടെ ടെന്നീസ് വിസ്‌മയം സെറീന വില്യംസ്, അമേരിക്കൻ സ്‌പ്രിന്റ് ഇതിഹാസം കാൾ ലൂയിസ്, റുമാനിയൻ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചി എന്നിവർ അനുഗമിച്ചു. ദീപശിഖ നദാലിൽ നിന്ന് ഫ്രഞ്ച് ടെന്നീസ് താരം അമേലി മൗറെസ് മോയുടെ കൈകളിലേക്കും തുടർന്ന് ഫ്രഞ്ച് അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ മുൻതാരം ടോണി പാർക്കർ, പാരലമ്പിക് താരങ്ങൾ, ഒളിമ്പിക് മെഡൽ ജേതാക്കൾ എന്നിവരിലൂടെയാണ് പെരക്കിന്റെയും ടെഡ്ഡിയുടെയും കൈയിൽ ദീപമെത്തിയത്.