നദാലൊരു വിസ്‌മയം

Sunday Jul 28, 2024
ഇന്ത്യൻ ടെന്നീസ്‌ ഡബിൾസ്‌ 
ടീമിന്റെ പരിശീലകനായ മലയാളി 
ബാലചന്ദ്രൻ മാണിക്കത്ത്‌


പാരിസിൽ ഒരാഴ്‌ചമുമ്പുതന്നെ എത്തിയിരുന്നു. ടെന്നീസ്‌ ഡബിൾസ്‌ ടീമിന്‌ നന്നായി ഒരുങ്ങാൻ സാധിച്ചു. അക്കാര്യത്തിൽ രോഹൻ ബൊപ്പണ്ണയും ശ്രീരാം ബാലാജിയും സന്തുഷ്‌ടരാണ്‌. ഒളിമ്പിക്‌സ്‌ വേദിയിലേക്കുള്ള ആദ്യയാത്രയിൽ ഒറ്റ ആഗ്രഹമാണ്‌ മനസ്സിലുണ്ടായിരുന്നത്‌. സ്‌പാനിഷ്‌ ഇതിഹാസതാരം റാഫേൽ നദാലിനെ പരിചയപ്പെടുക. അദ്ദേഹത്തിന്റെ കളിയും സമീപനവും അത്രയ്‌ക്കും ഇഷ്‌ടമായിരുന്നു. ഇക്കാര്യം രോഹനോട്‌ നേരത്തേ പറയുകയും ചെയ്‌തിരുന്നു.

ഒളിമ്പിക്‌ ഗ്രാമത്തിലാണ്‌ അവസരം കിട്ടിയത്‌. കഴിഞ്ഞദിവസം ഭക്ഷണശാലയിൽ ഞാനും നദാലും മാത്രം. നേരിട്ടുപോയി പരിചയപ്പെടാൻ മടി. ഞാൻ രോഹനെ വിളിച്ചു. വർഷങ്ങളായി ഒപ്പമുള്ള കോച്ചാണെന്ന്‌ പരിചയപ്പെടുത്തി. ‘വെരി നൈസ്‌’ എന്നു പറഞ്ഞ്‌ കൈകുലുക്കി. ഒരു ഊർജപ്രവാഹം.

ഇവിടെ നദാലാണ്‌ താരം. അത്‌ലീറ്റുകൾക്കും ഒഫീഷ്യലുകൾക്കും സംഘാടകർക്കും പരിചയപ്പെടണം, ഫോട്ടോയെടുക്കണം. അവിടെയാണ്‌ നദാലിന്റെ വലിയ മനസ്സ്‌ കാണാനായത്‌. ഒരു ജാഡയുമില്ല, മടിയും. നിന്ന നിൽപ്പിൽ അമ്പതും നൂറുംപേർക്ക്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യും. എവിടെയായാലും ആരാധകർ പൊതിയും. ഓരോ രാജ്യത്തെയും താരങ്ങളാണ്‌ നദാലിന്റെ ആരാധകർ എന്നോർക്കുക.

പരിശീലനമൈതാനത്തേക്കുള്ള യാത്രയിൽ ബസ്‌ കാത്തുനിൽക്കുമ്പോഴും കണ്ടുമുട്ടി. അപ്പോഴുമുണ്ട്‌ ചുറ്റും പത്തമ്പതുപേർ. കൈകൊടുക്കുന്നു. ഓട്ടോഗ്രാഫ്‌ നൽകുന്നു. ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുന്നു. ഞാൻ ആ മുഖത്തേക്ക്‌ നോക്കി. അസ്വസ്ഥതയുടെ ഒരു ചുളിവുമില്ല. ചിരിക്കുന്ന മുഖത്തോടെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന പെരുമാറ്റം.  ഏതൊരു താരത്തിനും പകർത്താവുന്ന മാതൃക.


Olympics In History
Events