ഒളിമ്പിക്‌ ദീപം ; പകൽ 
വേദിയിൽ, രാത്രി ബലൂണിൽ ആകാശത്തിൽ

Saturday Jul 27, 2024


പാരിസ്‌
ആഘോഷപൂർവം തെളിച്ച ഒളിമ്പിക്‌സ്‌ ദീപം രണ്ടാഴ്‌ച പാരിസിന്റെ ആകാശത്തുണ്ടാകും. പകൽസമയങ്ങളിൽ ദീപം ഒളിമ്പിക്‌സ്‌ വേദിയിലുണ്ടാകും. രാത്രി ഇത്‌ ബലൂണിൽ കൊളുത്തി ആകാശത്തേക്ക്‌ പറത്തും. തിരശ്ശീല വീഴുന്ന ആഗസ്‌ത്‌ 11 വരെ ഇത്‌ തുടരും. സൂര്യാസ്‌തമയത്തിനുശേഷം പറത്തിവിടുന്ന ദീപം പുലർച്ചെ രണ്ടുവരെയാണ്‌ ആകാശത്തുണ്ടാകുക. 60 മീറ്റർ ഉയരത്തിലാണ്‌ ബലൂൺ പറക്കുക. സാധാരണ ഒളിമ്പിക്‌ വേദിയിൽ കൊളുത്തുന്ന ദീപം അവസാനദിവസംവരെ അവിടെത്തന്നെയാണ്‌ ഉണ്ടാകാറുള്ളത്‌. 

ഒളിമ്പിക്‌ ദീപം കൊളുത്തിയ ദ്രൊക്കാർഡെറോ ഉദ്യാനത്തിനുസമീപമാണ്‌ 1783ൽ ആദ്യത്തെ ഹോട്ട്‌എയർ ബലൂൺ പറത്തിയത്‌. ഒരുനൂറ്റാണ്ടിനുശേഷം 1878ൽ ഫ്രഞ്ച്‌ എൻജിനിയർ ഹെൻറി ഗിഫാർഡ്‌ നിലത്ത്‌ നിന്നുകൊണ്ട്‌ നിയന്ത്രിക്കാവുന്ന ‘ക്യാപ്‌റ്റീവ്‌ ബലൂൺ’ കണ്ടുപിടിച്ചു. ഈ രണ്ടു ചരിത്രസംഭവങ്ങളോടുള്ള ബഹുമാനസൂചകമായാണ്‌ ഇത്തവണ ഒളിമ്പിക്‌ ദീപം ‘ക്യാപ്‌റ്റീവ്‌ ബലൂണി’ൽ പറത്തിയത്‌.


Olympics In History
Events