തോൽക്കാതെ 
പലസ്‌തീൻ ; ഒളിമ്പിക്സിന് എട്ടംഗ ടീം

Saturday Jul 27, 2024


പിടയുന്ന മനസ്സുമായാണ്‌ അവർ എട്ടുപേരും പാരിസിൽ പറന്നിറങ്ങിയത്‌. നാട്ടിൽ സ്വന്തമായതെല്ലാം നഷ്ടമായി. വീടും കുടുംബവും സുഹൃത്തുക്കളെയുമെല്ലാം യുദ്ധം കൊണ്ടുപോയി. എങ്കിലും പാരിസ്‌ ഒളിമ്പിക്‌സിലെ മാർച്ച്‌ പാസ്റ്റിൽ പങ്കെടുക്കുമ്പോൾ പലസ്‌തീൻ അത്‌ലീറ്റുകളുടെ മുഖത്ത്‌ നിറപുഞ്ചിരിയായിരുന്നു.

‘മനുഷ്യരായി ഞങ്ങളെ പലരും പരിഗണിക്കുന്നില്ല. എന്നാൽ, ഒളിമ്പിക്‌സിനെത്തുമ്പോൾ ഈ ലോകത്തിന്റെ ഭാഗമാണെന്ന്‌ തോന്നും. സ്‌പോർട്‌സ്‌ സ്‌നേഹവും കരുതലും നൽകുന്നു. സമൻമാരായി ഞങ്ങളെ ലോകം കാണുന്നു’–- മാർച്ചിൽ പലസ്‌തീൻ പതാകയേന്തിയ വസീം അബു സാൽ പ്രതികരിച്ചു. രാജ്യത്തെ ആദ്യ ഒളിമ്പിക്‌ ബോക്‌സറാണ്‌ വസീം. അത്‌ലറ്റിക്‌സ്‌, നീന്തൽ, ജുഡോ, ത്വയ്‌കോണ്ടോ, ഷൂട്ടിങ്‌ ഇനങ്ങളിലാണ്‌ ടീം മത്സരിക്കുന്നത്‌.

പലസ്‌തീനിൽനിന്ന്‌ എട്ടുപേരാണ്‌ ഒളിമ്പിക്‌സിനുള്ളത്‌. ഒക്‌ടോബർമുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെയും 39,000 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നാണ്‌ കണക്ക്‌. മാർച്ച്‌ പാസ്റ്റിൽ ധരിച്ച വസ്‌ത്രങ്ങൾ ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെയുള്ള പ്രതിഷേധമായി. വസീം ധരിച്ച ടി–-ഷർട്ടിൽ ഫുട്‌ബോൾ കളിക്കുന്ന കുട്ടിക്കെതിരെ ബോംബ്‌ വർഷിക്കുന്ന വിമാനത്തിന്റെ ചിത്രമാണ്‌. വനിതാ ക്യാപ്‌റ്റനും നീന്തൽ താരവുമായ വലേരി തരാസി അറബ്‌ പൈതൃകം പേറുന്ന പാരമ്പര്യ കുർത്ത ധരിച്ചെത്തി. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സ്‌ മുതൽ എല്ലാ മേളയിലും പലസ്‌തീൻ ഭാഗമാണ്‌. ഇതുവരെയും ഒറ്റ മെഡൽ നേടിയിട്ടില്ല. പക്ഷേ, ഒളിമ്പിക്‌സ്‌ പങ്കാളിത്തംതന്നെ സ്വർണത്തേക്കാൾ അമൂല്യമെന്ന്‌ അവർ കരുതുന്നു.
 


Olympics In History
Events