പാരിസ്‌ വിസ്‌മയിപ്പിച്ചു ; ലോകത്തിന്‌ 
ഫ്രഞ്ച്‌ മുത്തം

Saturday Jul 27, 2024


പാരിസ്‌
നനുത്ത സംഗീതംപോലെ മഴപെയ്‌ത രാത്രിയിൽ പാരിസ്‌ വിസ്‌മയിപ്പിച്ചു. ഫ്രഞ്ച്‌ ജീവിതത്തിലേക്ക്‌ തുറന്ന കണ്ണാടിയിരുന്നു നാലുമണിക്കൂർ നീണ്ട ദൃശ്യവിരുന്ന്‌. സെൻ നദിയും ഈഫൽ ഗോപുരവും എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്‌ തെളിഞ്ഞു. ഫ്രഞ്ച്‌ വിപ്ലവവും സാഹിത്യവും കലയും ചിന്തയുമെല്ലാം നൃത്ത–-സംഗീത രൂപങ്ങളിലൂടെ ലോകത്തിനുമുന്നിലെത്തി. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും വാഴ്‌ത്തിപ്പാടി.

ചരിത്രത്തിലാദ്യമായി ഉദ്‌ഘാടനച്ചടങ്ങ്‌ സ്‌റ്റേഡിയത്തിനു പുറത്തെത്തിയപ്പോൾ ഒരു നഗരമാകെ ഒളിമ്പിക്‌സെന്ന തോന്നലുണ്ടായി. അത്‌ലീറ്റുകൾ ബോട്ടിൽ മാർച്ച്‌ പാസ്റ്റ്‌ നടത്തിയപ്പോൾ അതൊരു അപൂർവകാഴ്‌ചയായി. ഇന്ത്യൻ സമയം വെള്ളി രാത്രി 11ന്‌ തുടങ്ങിയ ഉദ്‌ഘാടനച്ചടങ്ങുകൾ അവസാനിച്ചത്‌ ശനി പുലർച്ചെ മൂന്നുമണിക്കാണ്‌.

സെൻ നദിക്കുകുറുകെയുള്ള ഓസ്റ്റർലിറ്റ്‌സ്‌ പാലത്തിൽ ഫ്രാൻസിന്റെ ദേശീയപതാകയുടെ നിറത്തിൽ വർണക്കാഴ്‌ച ഒരുക്കിയാണ്‌ തുടക്കം. ഒളിമ്പിക്‌സ്‌ പിറവിയെടുത്ത ഗ്രീസിനായിരുന്നു ബോട്ട്‌പരേഡിൽ ആദ്യസ്ഥാനം. തൊട്ടുപിന്നാലെ അഭയാർഥി ടീമും എത്തി. 84–-ാമതായി ഇന്ത്യൻ താരങ്ങൾ അണിനിരന്ന ബോട്ട്‌ എത്തി. ഇന്തോനേഷ്യയും ഇറാനും ഈ കൂറ്റൻ ബോട്ടിലുണ്ടായിരുന്നു. ബാഡ്‌മിന്റണിലെ മെഡലുകാരി പി വി സിന്ധുവും ടേബിൾ ടെന്നീസ്‌ താരം ശരത് കമലും ദേശീയപതാകയേന്തി. ഇന്ത്യയുടെ 117 അംഗ ടീമിൽ 78 പേർ പരേഡിൽ പങ്കെടുത്തു. മഴയിലും ആവേശംചോരാതെ അത്‌ലീറ്റുകളും കാണികളും ഉത്സവാന്തരീക്ഷത്തിൽ സന്തോഷച്ചുവടുവച്ചു. 

അമേരിക്കൻ പോപ്‌ ഗായിക ലേഡി ഗാഗയുടെ സംഗീതപ്രകടനം കാണികളെ രസിപ്പിച്ചു. മാർച്ച്‌ പാസ്റ്റ്‌ നടക്കുന്നതിനിടെ നദിക്കരയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ്‌ ലേഡി ഗാഗ പ്രത്യക്ഷപ്പെട്ടത്‌. ഫ്രാൻസിലെ പ്രശസ്തമായ ‘ദ കാൻ കാൻ’ കാബരെറ്റ് സംഗീതവുമായി പ്രാദേശിക കലാകാരന്മാരുമെത്തി. ഫ്രഞ്ച്‌ ഗായികമാരായ അറ്റ നഗമുറ, ജൂലിയറ്റ്‌ അർമാനെറ്റ്‌, പിയാനിസ്റ്റ്‌ സോഫിയൻ പാമററ്റ്‌ തുടങ്ങി നിരവധി കലാകാരന്മാർ അരങ്ങിലെത്തി. ദേശീയഗാനം മുഴങ്ങുന്നതിനിടെ രാജ്യത്തെ പത്തു ചരിത്രവനിതകൾക്കും ഫ്രാൻസ് ആദരമർപ്പിച്ചു. ആറു കിലോമീറ്ററോളം സെൻ നദിയിലൂടെ സഞ്ചരിച്ച്‌ അത്‌ലീറ്റുകൾ ഈഫൽ ഗോപുരത്തിന്‌ അരികെയുള്ള ദ്രൊക്കാർഡെറോ ഉദ്യാനത്തിൽ സംഗമിച്ചു. തുടർന്നായിരുന്നു ഉദ്‌ഘാടനവും ഒളിമ്പിക്‌ ദീപം കൊളുത്തലും. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ 33–-ാം ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിച്ചു.

ഈഫൽ ഗോപുരവും സെൻ നദിയും പാരിസുകാരുടെ ജീവിതവുമായി അത്രമേൽ ഇഴചേർന്നതാണ്‌. ഇതു രണ്ടുമായി കൂട്ടിയിണക്കിയതായിരുന്നു ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനച്ചടങ്ങ്‌. ഈഫലും സെന്നുമാണ്‌ പാരിസ്‌ 24ന്റെ താരങ്ങൾ

ഈഫൽ മുഖമുദ്ര
ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാംവാർഷികത്തിൽ സ്‌മരണയ്‍ക്കായി പണികഴിപ്പിച്ചതാണ് ഈഫൽ ഗോപുരം. ഗുസ്‌താവേ ഈഫലാണ്‌ ടവർ ഡിസൈൻ ചെയ്‌തത്‌. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ്‌ ഗോപുരത്തിന്‌ ഈഫൽ എന്ന പേര്‌ നൽകിയത്‌. ലോകത്ത്‌ ഏറ്റവും അധികം വിനോദസഞ്ചാരികൾ സന്ദർശിച്ച ഇടങ്ങളിലൊന്നായി പാരിസ്‌ മാറിയതിനുപിന്നിൽ ഈഫലിന്‌ വലിയ പങ്കുണ്ട്‌. 1889 മാർച്ച്‌ 31നാണ്‌ ഈഫൽ ഗോപുരം ലോകത്തിന്‌ സമർപ്പിച്ചത്‌. ഗുസ്‌താവേയും ഫ്രഞ്ച്‌ പ്രധാനമന്ത്രിയായിരുന്ന പിയറി ടിരാഡും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രതിവർഷം 70 ലക്ഷത്തോളം വിനോദസഞ്ചാരികളാണ്‌ ഈഫൽ ഗോപുരം കാണാനെത്തുന്നത്‌. ഏകദേശം 1700 പടവുകൾ കയറി 300 മീറ്റർ ഉയരമുള്ള ഈഫലിന്റെ നെറുകയിലെത്താൻ സന്ദർശകർക്കെന്നും ആവേശമാണ്‌.

 

സെൻ അത്ഭുതം
വടക്കൻ ഫ്രാൻസിലൂടെ 777 കിലോമീറ്റർ ദൈർഘ്യത്തിൽ പരന്നൊഴുകുന്ന സെൻ നദി പാരിസിലെ പ്രധാന വ്യാവസായിക ജലപാതയാണ്‌. വടക്കുകിഴക്കൻ ഫ്രാൻസിലെ ഡിജോൺ പട്ടണത്തിൽനിന്ന്‌ 30 കിലോമീറ്റർ അകലെനിന്ന്‌ ഉത്ഭവിക്കുന്ന സെൻ പാരിസിലൂടെ ഒഴുകി ലെ ഹാവ്രേയിൽവച്ച്‌ ഇംഗ്ലീഷ്‌ ചാനലിൽ പതിക്കുന്നു.

പാരിസ്‌ നഗരത്തിൽമാത്രം നദിക്കുകുറുകെ 37 പാലങ്ങളുണ്ട്‌. ഇവയെല്ലാം ടൂറിസ്റ്റ്‌ കേന്ദ്രങ്ങളാണ്‌. പാരിസിലെ നഗരജീവിതം സെൻ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫ്രാൻസിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ ഈഫൽ ഗോപുരം, സ്വാതന്ത്ര്യപ്രതിമ, എലിസീസ്‌ തിയറ്റർ, ലെ ബെർജെസ്‌, മുസി ഡി ഒർസെ, ലൂർവ്‌ ലെ മ്യൂസിയം, നോദ്രെ ദാം പള്ളി തുടങ്ങിയവ സെൻ നദിയുടെ തീരങ്ങളിലാണ്‌.

സെൻ നദിയിലൂടെ അത്‌ലീറ്റുകൾ ആറു കിലോമീറ്ററാണ്‌ സഞ്ചരിച്ചത്‌. മലിനമായിരുന്ന നദി ഒളിമ്പിക്‌സിനുവേണ്ടിയാണ്‌ ശുദ്ധിയാക്കിയത്‌. ഉദ്‌ഘാടനച്ചടങ്ങ്‌ കൂടാതെ മാരത്തൺ നീന്തലും ഇവിടെയാണ്‌. മലിനീകരണത്തെ തുടർന്ന്‌ ഒരുനൂറ്റാണ്ടായി നദിയിൽ നീന്തലിന്‌ വിലക്കുണ്ട്‌. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ അളവ്‌ കൂടുതലാണെന്ന്‌ കണ്ടെത്തിയിരുന്നു. ശുദ്ധീകരണത്തിനായി ഏകദേശം 15,000 കോടി രൂപ ചെലവിട്ടെന്നാണ്‌ കണക്ക്‌.


Olympics In History
Events