ഉന്നം തെളിഞ്ഞാല്‍ പൊന്ന്
Saturday Jul 27, 2024
പാരിസ്
ഷൂട്ടിങ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് പ്രതീക്ഷയുടെ വെടിയൊച്ച. വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ മനു ഭക്കർ ഫൈനലിലെത്തി. യോഗ്യതാറൗണ്ടിൽ മൂന്നാമതായാണ് ഇരുപത്തിരണ്ടുകാരിയുടെ കുതിപ്പ്. 580 പോയിന്റ് നേടി. ഹംഗറിയുടെ വെറോണിക മേജറാണ് (582) ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ (582) രണ്ടാമതുമെത്തി. മറ്റൊരു ഇന്ത്യക്കാരിയായ റീതം സാങ്‌വാൻ (573) 15–-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പുറത്തായി. ഇന്ന് പകൽ 3.30നാണ് ഫൈനൽ.
ഒമ്പതുവട്ടം ലോക ചാമ്പ്യനായ മനു ഭക്കർ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. സമ്മർദത്തിന് അടിപ്പെടാതെ ഡൽഹിക്കാരി ലക്ഷ്യത്തിലേക്ക് ഉന്നംതൊടുത്തു. 27 പ്രാവശ്യം പത്ത് പോയിന്റ് നേടി. ആകെ 60 വെടിയുണ്ടകളാണ് തൊടുത്തത്. കഴിഞ്ഞതവണ ടോക്യോയിൽ ഫൈനലിലെത്താൻ കഴിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിൽ ആദ്യദിനം പ്രതീക്ഷയോടെ എത്തിയ ഇന്ത്യക്ക് മനുവിന്റെ പ്രകടനം മാത്രമാണ് ആശ്വസിക്കാൻ. മറ്റൊരു വിഭാഗത്തിലും ഫൈനലിൽ കടക്കാനായില്ല. പുരുഷൻമാരുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ സരബ്‌ജോത് സിങ്ങും അർജുൻ ചീമയും പുറത്തായി. സരബ്‌ജോത് ഒമ്പതാമതും അർജുൻ പതിനെട്ടാമതായും അവസാനിപ്പിച്ചു. പത്തു മീറ്റർ എയർറൈഫിൾ മിക്‌സഡ് ടീം വിഭാഗത്തിലും ഫൈനൽ കാണാതെ മടങ്ങി. ഇളവെനിൽ വാളറിവാൻ–-സന്ദീപ് സിങ് (12–-ാംസ്ഥാനം) സഖ്യവും രമിത ജിൻഡാൽ–-അർജുൻ ബബുട്ട (ആറാംസ്ഥാനം) കൂട്ടുകെട്ടും പുറത്തായി.