കാഞ്ചിയിൽ
 പുഞ്ചിരി

Sunday Jul 28, 2024
image credit Team India facebook


പാരിസ്‌
പതിനാലാംവയസ്സുവരെ മനു ഭാകറിന്റെ വിദൂരസ്വപ്നത്തിൽപ്പോലും ഷൂട്ടിങ് ഉണ്ടായിരുന്നില്ല. സ്‌കൂളിൽ അവളൊരു ഓൾറൗണ്ടറായിരുന്നു. ബോക്‌സിങ്, മാർഷ്യൽ ആർട്‌സ്‌, സ്‌കേറ്റിങ്‌, നീന്തൽ, അത്‌ലറ്റിക്‌സ്‌.. എല്ലാത്തിലെയും ചാമ്പ്യൻ. ‘എതിരാളിയെ മുഖാമുഖംനിന്ന്‌ നിലംപരിശാക്കുന്നതാണ്‌ എനിക്കിഷ്ടം. അതിനാൽ ബോക്‌സിങ്ങും മാർഷ്യൽ ആർട്‌സും പ്രിയപ്പെട്ടതായി’–-മനു പറഞ്ഞു. അച്ഛൻ രാം കിഷൻ ഭാകറാണ്‌ തോക്ക്‌ കൈയിലെടുക്കാൻ പ്രേരിപ്പിച്ചത്‌. എൻജിനിയറായ അച്ഛൻ മകൾക്ക്‌ ഒന്നരലക്ഷം രൂപ നൽകി, ഷൂട്ടിങ്ങിൽ കേന്ദ്രീകരിക്കാൻ പറഞ്ഞു. അവിടെ തുടങ്ങി ചരിത്രം.

ഹരിയാനയിലെ ഝജ്ജറിലാണ്‌ മനു ജനിച്ചത്‌. അച്ഛൻ മർച്ചന്റ്‌ നേവിയിൽ എൻജിനിയർ. അമ്മ സ്‌കൂൾ ടീച്ചർ. സ്‌പോർട്‌സിനോട്‌ കുട്ടിക്കാലംതൊട്ടെ കമ്പമുണ്ടായിരുന്നു. സ്‌കൂളിലെ എല്ലാ മത്സരങ്ങളിലും പങ്കെടുത്തു. അത്‌ലറ്റിക്‌സായാലും നീന്തലായാലും മാർഷ്യൽ ആർട്‌സായാലും കായിക അധ്യാപകരുടെ പട്ടികയിലെ ആദ്യ പേര്‌ മനുവിന്റേതായിരുന്നു. സ്‌കേറ്റിങ്ങിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. മണിപ്പുർ മാർഷ്യൽ ആർട്‌സ്‌ ഇനമായ ‘താങ്‌ ത’യിൽ ദേശീയ മെഡലും നേടി. മത്സരത്തിനിടെ കണ്ണിന്‌ പരിക്കേറ്റതോടെയാണ്‌ ബോക്‌സിങ്‌ അവസാനിപ്പിച്ചത്‌. അമ്മ സുമേധയുടെ നിർബന്ധത്തിനുമുന്നിൽ കീഴടങ്ങേണ്ടിവന്നു. അച്ഛൻ നൽകിയ ഷൂട്ടിങ്‌ കിറ്റുമായി ഝജ്ജറിലെ യൂണിവേഴ്‌സൽ സീനിയർ സെക്കൻഡറി സ്‌കൂളിൽ പരിശീലനം തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ വെടിയൊച്ച അവൾക്ക്‌ മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതായി. ഇതോടെ വിദഗ്‌ധ പരിശീലനത്തിനായി ഡൽഹിയിൽ.

കേരളത്തിൽ 2017ൽ നടന്ന ദേശീയ ഗെയിംസിലാണ്‌ മനു ഷൂട്ടിങ്‌ റേഞ്ചിൽ വരവറിയിച്ചത്‌. തിരുവനന്തപുരത്ത്‌ അന്ന്‌ ഒമ്പത്‌ സ്വർണം ഉൾപ്പെടെ 15 മെഡലുകൾ നേടി അതിശയിപ്പിച്ചു. അന്ന്‌ പ്രായം 15 വയസ്സ്‌. പത്ത്‌ മീറ്റർ എയർപിസ്റ്റൾ വിഭാഗത്തിൽ ഹീന സിന്ധുവിന്റെ ദേശീയ റെക്കോഡും മായ്‌ച്ചു. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല. 2018ൽ നടന്ന ലോകകപ്പിൽ സ്വർണം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ഷൂട്ടറാണ്‌. ചുരുങ്ങിയ കാലംകൊണ്ട്‌ ഇന്ത്യൻ ഷൂട്ടിങ്ങിന്റെ മുഖമായി മാറി. ആറ്‌ വർഷത്തിനുള്ളിൽ 16 സ്വർണം വെടിവച്ചിട്ടു. നിരാശയുടെ പടുകുഴിയിൽനിന്നായിരുന്നു പാരിസിലെ വെങ്കലനേട്ടം. ടോക്യോ ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ചെത്തിയ മനുവിന്‌ കണ്ണീരോടെ മടങ്ങേണ്ടിവന്നു. മത്സരിച്ച മൂന്ന്‌ വിഭാഗങ്ങളിലും ഫൈനൽ കാണാതെ പുറത്തായി. പാരിസ്‌ ലക്ഷ്യമാക്കി മികച്ച തയ്യാറെടുപ്പായിരുന്നു നടത്തിയത്‌. ‘പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. അടുത്തതവണ പൊന്നിനായി ശ്രമിക്കും’–-പാരിസിലെ വെങ്കലനേട്ടത്തിനുശേഷം മനു പറഞ്ഞു. ഇരുപത്തിരണ്ട്‌ വയസ്സുമാത്രമുള്ള ഹരിയാനക്കാരിയിൽ ഇന്ത്യ വലിയ സ്വപ്നം കാണുന്നു.

ഷൂട്ടിങ്ങിൽ
 അഞ്ചാംമെഡൽ
മനു ഭാകറിലൂടെ പാരിസിൽ ഇന്ത്യ വെടിവച്ചിട്ടത്‌ ഒളിമ്പിക്‌ ചരിത്രത്തിലെ അഞ്ചാമത്തെ ഷൂട്ടിങ്‌ മെഡൽ. പാരിസിനുമുമ്പ്‌ ഒരു സ്വർണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവും ഇന്ത്യ ഷൂട്ടിങ്‌ റേഞ്ചിൽനിന്ന്‌ നേടിയിട്ടുണ്ട്‌.  2004 ഏതൻസിൽ രാജ്യവർധൻ സിങ്‌ റാത്തോഡാണ്‌ ആദ്യ ഷൂട്ടിങ്‌ മെഡൽ നേടിയത്‌. പുരുഷൻമാരുടെ ഡബിൾ ട്രാപ്‌ ഇനത്തിൽ വെള്ളി നേടി. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര സ്വർണം നേടി. പത്തു മീറ്റർ എയർ റൈഫിൾസിലായിരുന്നു നേട്ടം. 2012 ലണ്ടനിൽ രണ്ട്‌ മെഡൽ നേടി. 25 മീറ്റർ റാപ്പിഡ്‌ഫയർ പിസ്റ്റളിൽ വിജയ്‌കുമാർ വെള്ളിയും 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നരംഗ്‌ വെങ്കലവും നേടി. ഇക്കുറി ഇന്ത്യൻ ടീമിന്റെ സംഘത്തലവനാണ്‌ ഗഗൻ.

വലിയനേട്ടം, 
പ്രചോദനം - (പ്രൊഫ. സണ്ണി തോമസ്‌ ഇന്ത്യയുടെ 
മുൻ മുഖ്യ കോച്ച്‌)
മനു ഭാകർ നേടിയ വെങ്കലം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. ഇനിയുള്ള മത്സരങ്ങളിൽ ഈ ആവേശം കാണാം. കഴിഞ്ഞ രണ്ട്‌ ഒളിമ്പിക്‌സിലും മെഡലുണ്ടായിരുന്നില്ല. 12 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ നേട്ടം. ഇരുപത്തിരണ്ടുകാരി ഭാവിയിലേക്കുള്ള താരമാണ്‌. നിലവിലെ ഇന്ത്യൻ ടീമിന്റെ സവിശേഷത ചെറുപ്പമാണ്‌. ഇത്തവണ 21 അംഗ ടീമാണ്‌. ശരാശരി പ്രായം 24 ആണ്‌. തോക്കെടുക്കുന്ന എല്ലാവരെയും ഈ വെങ്കലം പ്രചോദിപ്പിക്കും.

മൂന്ന്‌ ഇനങ്ങളിലാണ്‌ മനു മത്സരിക്കുന്നത്‌. ഒരു ഷൂട്ടർക്കു വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ താരമാണ്‌. ചിട്ടയായ പരിശീലനവും വിട്ടുവീഴ്‌യില്ലാത്ത ഏകാഗ്രതയും നിർണായകമായി. ഇനി രണ്ട്‌ ഇനങ്ങൾ ബാക്കി. ഇനിയും മെഡൽ സാധ്യതയുണ്ട്‌. ഒളിമ്പിക്‌സ്‌  ഫൈനലിൽ കടക്കുന്ന മൂന്നാമത്തെ വനിതാ ഷൂട്ടറാണ്‌. മുമ്പ്‌ സുമ ഷിരൂരും അഞ്‌ജലി ഭഗവതും ഫൈനലിലെത്തിയെങ്കിലും മെഡൽ സാധ്യമായിരുന്നില്ല. 

ഇന്ത്യ ഷൂട്ടിങ്ങിൽ മെഡൽ നേടിയ 2004, 2008, 2012 ഒളിമ്പിക്‌സുകളിൽ കോച്ചായിരിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ട്‌ ഒളിമ്പിക്‌സിലും മെഡൽ കിട്ടാതിരുന്നത്‌ വല്ലാത്ത നിരാശയുണ്ടാക്കിയിരുന്നു. ഇന്ത്യ വീണ്ടും മെഡൽ വഴിയിൽ തിരിച്ചെത്തുന്നതുകാണുമ്പോൾ സന്തോഷം തോന്നുന്നു.



 

വെള്ളി തൊട്ടു തൊട്ടില്ല
മനു ഭാകറിന്റെ വെടി വെള്ളിയെ തൊട്ടുരുമ്മിക്കടന്നുപോയി. വെങ്കലത്തിൽ പുഞ്ചിരിതൂകിയെങ്കിലും ചെറിയൊരു നിരാശ മുഖത്തുണ്ടായി. തുടക്കംമുതൽ ദക്ഷിണകൊറിയയുടെ പത്തൊമ്പതുകാരി ഓ യെ ജിൻ മുന്നിലായിരുന്നു. മനുവും ദക്ഷിണകൊറിയയുടെ കിം യെജിയും തമ്മിലായിരുന്നു വെള്ളിക്കുള്ള പ്രധാന മത്സരം. ഫൈനലിൽ എട്ടുപേരാണ്‌ ഉണ്ടായിരുന്നത്‌. ആദ്യ മൂന്ന്‌ സ്ഥാനക്കാരെ കൂടാതെ ചൈനക്കാരായ ലി സു, ജിയാങ് റാൻസിൻ, വിയറ്റ്‌നാമിന്റെ ടിൻ തു വിൻ, തുർക്കിയുടെ സെവൽ ലായ്‌ഡ, ഹംഗറിയുടെ വെറൊണിക്ക മേജർ എന്നിവരാണ്‌ തോക്കെടുത്തത്‌. 

ആദ്യ ഷോട്ടുമുതൽതന്നെ മനു ആത്മവിശ്വാസത്തോടെ മുന്നേറി.  മത്സരത്തിൽ ഉടനീളം മെഡൽ സ്ഥാനത്തുനിന്ന്‌ വീഴാതെ നോക്കുകയും ചെയ്‌തു. അഞ്ച്‌ ഷോട്ടുകൾ പൂർത്തിയായപ്പോൾ 52.2 പോയിന്റുമായി ജിൻ മുന്നിലെത്തി. പത്തൊമ്പതുകാരി ലീഡ്‌ അവസാനംവരെ തുടർന്നു. മനു 50.4 (10.6, 10.2, 9.5, 10.5, 9.6) പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. പത്ത്‌ ഷോട്ട്‌ പൂർത്തിയാപ്പോൾ മനു (100.3) മൂന്നാമതായി. യെജി രണ്ടാംസ്ഥാനത്തേക്ക്‌ കയറി. അടുത്ത അഞ്ച്‌ ഷോട്ടിലും തൽസ്ഥിതി തുടർന്നു. 150.7 പോയിന്റുമായി മുന്നാംസ്ഥാനം. 20 ഷോട്ടുകൾ കഴിഞ്ഞപ്പോൾ 201.3 പോയിന്റുമായി മൂന്നാമത്‌ തുടർന്നു. അടുത്ത ഒരു ഷോട്ടാണ്‌ നിർണായകമായത്‌. 10.1 പോയിന്റ്‌ കിട്ടി.  ആകെ 211.4 പോയിന്റുമായി രണ്ടാമതെത്തി. യെജിക്ക്‌ ഈ ഷോട്ടിൽ 9.4 പോയിന്റാണ്‌ സാധ്യമായത്‌. എന്നാൽ, അവസാന ഷോട്ടിൽ നേരിയ വ്യത്യാസത്തിന്‌ കൊറിയക്കാരി മുന്നിൽ കയറി. മനു 10.3, യെജി 10.5. മനു ആകെ 221.7 പോയിന്റ്‌, യെജി 221.8 പോയിന്റ്‌. വ്യത്യാസം 0.1 മാത്രം. പക്ഷേ,  സ്വർണമെഡൽ മത്സരത്തിൽനിന്ന്‌ പുറത്തായി.

സ്വർണത്തിനായുള്ള ഷോട്ടിൽ ജിൻ (243.2) അനായാസം നാട്ടുകാരിയായ യെജിയെ (241.3) മറികടന്നു. ഒളിമ്പിക്‌ റെക്കോഡോടെയാണ്‌ നേട്ടം.  റഷ്യയുടെ വിറ്റാലിന ബറ്റ്‌സാറാഷ്‌കിനയുടെ പേരിലുള്ള 240.3 പോയിന്റാണ്‌ തകർത്തത്‌. ഫൈനലിൽ ഇറങ്ങിയ ബാക്കി അഞ്ചുപേരും 200 പോയിന്റിലേക്ക്‌ എത്തിയില്ല. യോഗ്യതാറൗണ്ടിൽ ഒന്നാമതുണ്ടായിരുന്ന ഹംഗറിയുടെ വെറോണിക എട്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

അർജുനും രമിതയും 
ഫൈനലിൽ
ഷൂട്ടിങ്‌ റേഞ്ചിൽ മനു ഭാകറിന്റെ നേട്ടം ആവർത്തിക്കാൻ അർജുൻ ബബുട്ടയും രമിത ജിൻഡാലും. ഇരുവരും പുരുഷ–-വനിതാ 10 മീറ്റർ എയർറൈഫിൾ വിഭാഗത്തിൽ ഫൈനലിൽ കടന്നു. പുരുഷൻമാരിൽ അർജുൻ ഏഴാംസ്ഥാനത്തോടെയാണ്‌ യോഗ്യത നേടിയത്‌. 630.1 പോയിന്റ്‌ നേടി. മറ്റൊരു ഇന്ത്യൻ താരം സന്ദീപ്‌ സിങ്‌ (629.3) പന്ത്രണ്ടാമനായി പുറത്തായി. എട്ടുപേരാണ്‌ ഫൈനലിൽ മത്സരിക്കുക. ഇന്ന്‌ പകൽ 3.30നാണ്‌ സ്വർണപ്പോരാട്ടം. വനിതകളിൽ രമിത അഞ്ചാമതായാണ്‌ ഫൈനലിലേക്ക്‌ കുതിച്ചത്‌. ആകെ 631.5 പോയിന്റ്‌ നേടി. മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ ഇളവെനിൽ വാളറിവാൻ (630.7) പത്താംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പകൽ ഒന്നിനാണ്‌ രമിതയുടെ ഫൈനൽ.


Olympics In History
Events