ഒളിമ്പിക്‌സ് ടെന്നീസ്; ഇതിഹാസങ്ങൾ നേർക്കുനേർ
Monday Jul 29, 2024
പാരിസ് > ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്‌പാനിഷ് താരം റാഫേൽ നദാലുമായി ഏറ്റുമുട്ടും. പുരുഷ സിംഗിൾസിന്റെ രണ്ടാം റൗണ്ടിൽ തിങ്കളാഴ്‌ചയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 60–-ാം തവണയാണ് ഇരുതാരങ്ങളും കോർട്ടിൽ നേർക്കുനേർ വരുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ 30 തവണ ജോക്കോ വിജയിച്ചപ്പോൾ 29 തവണ വിജയം നദാലിന്റെ കൂടെ നിന്നു.
ജോക്കോവിച്ചിന്റെ പേരിൽ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുണ്ടെങ്കിലും താരത്തിന് ഇതുവരെ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ കഴിഞ്ഞിട്ടില്ല. 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയതാണ് ജോക്കോയുടെ ഒളിമ്പിക്‌സിലെ മികച്ച നേട്ടം. അത്തവണ ജോക്കോവിച്ചിനെ സെമിയിൽ തോൽപ്പിച്ച് ഫൈനലിൽ കടന്ന നദാലായിരുന്നു സ്വർണം നേടിയത്. ബീജിങ്ങിനെ കൂടാതെ റിയോ ഒളിമ്പിക്‌സിൽ പുരുഷ ഡബിൾസ് വിഭാഗത്തിലും നദാൽ സ്വർണം നേടിയിരുന്നു. 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളിൽ നദാൽ മുത്തമിട്ടിട്ടുണ്ട്.
സിംഗിൾസിസ് പുറമേ റാഫേൽ നദാൽ പുരുഷ ഡബിൾസിലും മത്സരിക്കുന്നുണ്ട്. ഡബിൾസിൽ കാർലോസ് അൽകാരസാണ് നദാലിന്റെ കൂട്ടാളി. ജോക്കോയ്‌ക്ക് സിംഗിൾസിൽ മാത്രമേ മത്സരമുള്ളൂ.