വനിതാ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ; ടിറ്റ്‌മസ് വീണു, കല്ലഹന് ഒളിമ്പിക് റെക്കോഡ്
Tuesday Jul 30, 2024
പാരിസ്
ഓസ്‌ട്രേലിയയുടെ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഒളിമ്പിക് ട്രയൽസിൽ കരിയറിലെ മികച്ച സമയത്തോടെ നീന്തിക്കയറിയെങ്കിലും അറിയാർനെ ടിറ്റ്‌മസിനുപിന്നിൽ രണ്ടാമതെത്താനേ ഇരുപതുകാരിയായ മോളി കല്ലഹന് കഴിഞ്ഞിരുന്നുള്ളൂ. അന്ന് ബ്രിസ്‌ബെനിൽ കണ്ണീരണിഞ്ഞ മക്‌ലഗൻ പാരിസിലും കരഞ്ഞു. പാരിസിലേത് പക്ഷേ, ആനന്ദക്കണ്ണീരായിരുന്നു.
ലാ ഡിഫൻസ് അരീനയിൽ നടന്ന വനിതകളുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ ടിറ്റ്‌മസിനെ അട്ടിമറിച്ച കല്ലഹൻ ഒളിമ്പിക് റെക്കോഡോടെ സ്വർണമണിഞ്ഞു. ഒരുമിനിറ്റ് 53.27 സെക്കൻഡിലാണ് നീന്തിക്കയറിയത്. ഒരുമിനിറ്റ് 53.81 സെക്കൻഡിൽ ഫനിഷ് ചെയ്‌ത ടിറ്റ്‌മസ് രണ്ടാമതായി. ഹോങ്‌കോങ്ങിന്റെ ഹൗഗി സിയോബെൻ ബെർണാഡെറ്റിനാണ് വെങ്കലം (ഒരുമിനിറ്റ് 54.55 സെക്കൻഡ്).
വനിതകളുടെ 400 മീറ്റർ മെഡ്‌ലേയിൽ ക്യാനഡയുടെ കൗമാരക്കാരി സമ്മർ മക്കിന്റോഷിനാണ് സ്വർണം. നാല് മിനിറ്റ് 27.71 സെക്കൻഡിൽ ഫിനിഷ് ചെയ്‌തു. അമേരിക്കൻ താരങ്ങളായ ഗ്രിംസ് കാറ്റി വെള്ളിയും വെയന്റ് എമ്മ വെങ്കലവും നേടി. പുരുഷൻമാരുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ 52 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് ഇറ്റലിയുടെ ലോകറെക്കോഡുകാരൻ സീക്കോൺ തോമസ് ഒന്നാമതെത്തി. ചൈനയുടെ സു ജിയാവു വിനാണ് വെള്ളി. അമേരിക്കയുടെ റ്യാൻ മർഫിക്ക് വെങ്കലം. വനിതകളുടെ 100 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ദക്ഷിണാഫ്രിക്കയുടെ തട്‌ജാന സ്‌മിത്തിനാണ് സ്വർണം (ഒരു മിനിറ്റ് 5.28 സെക്കൻഡ്). ചൈനയുടെ താങ്ങിന് വെള്ളി. ഐറിഷുകാരി മെക്‌ഷാറിക്ക് വെങ്കലവും.